ജനങ്ങളില്‍ നിന്നും പാര്‍ട്ടി അകന്നു, പണപ്പിരിവിന് വേണ്ടി മാത്രം പോകുന്ന പാര്‍ട്ടിയാകരുത്: ഇ പി ജയരാജന്‍

നേതാക്കളാണ് പാര്‍ട്ടിയുടെ മുഖം. ആ മുഖം വളരെ വ്യക്തതയുള്ളതും വികൃതമല്ലാത്തതുമായിരിക്കണം എന്നും ഇ പി ജയരാജൻ

കണ്ണൂര്‍: സിപിഐഎം നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍. പാര്‍ട്ടിയുടെ മുഖമായ നേതാക്കളുടെ മുഖം വികൃതമാകരുതെന്നും ചില വ്യക്തികള്‍ നല്‍കുന്ന തെറ്റായ പ്രവണത പാര്‍ട്ടിയെ മുഴുവന്‍ ബാധിക്കുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി അംഗങ്ങളെക്കുറിച്ച് ഇതാണോ സിപിഐഎം എന്ന് ചോദിക്കാന്‍ ഇടവരുത്തരുത് എന്നും ഇ പി ജയരാജന്‍ പറഞ്ഞു.

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ പാര്‍ട്ടിയായി തീരുക. ജനങ്ങളില്‍ നിന്നും വളരെ അകന്നുപോയി. പണപ്പിരിവിന് മാത്രം പോകുന്ന പാര്‍ട്ടിയാണെന്ന ആക്ഷേപം വരുന്നു. ഇത്തരത്തിലുള്ള തെറ്റായ നിലപാടുകള്‍ മാറ്റി, പാര്‍ട്ടിയെ സ്‌നേഹിക്കുന്ന ജനങ്ങള്‍ ഇങ്ങോട്ട് വന്ന് സഹായം നല്‍കും', ഇ പി ജയരാജന്‍ പറഞ്ഞു.

നേതാക്കളാണ് പാര്‍ട്ടിയുടെ മുഖം. ആ മുഖം വളരെ വ്യക്തതയുള്ളതും വികൃതമല്ലാത്തതുമായിരിക്കണം. ഒരു തരത്തിലുള്ള പാളിച്ചകളും ഉണ്ടാകരുത്. ജനങ്ങളുടെ ദാസന്മാരായി, പ്രിയപ്പെട്ട സഖാക്കളായി മാറാന്‍ നമുക്ക് ഓരോരുത്തര്‍ക്കും സാധിക്കണം എന്നും ഇ പി ജയരാജന്‍ പറഞ്ഞു. പാര്‍ട്ടി സ്ഥാപനങ്ങളിലെ അഴിമതിയും കൊടുകാര്യസ്ഥതയും പാര്‍ട്ടിക്കെതിരായ ആക്രമണത്തിന് കാരണമാകുന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു. വിപുലീകൃത ജില്ലാ കമ്മിററി സംഘാടക സമിതി രൂപീകരണത്തിലാണ് ഇ പി ജയരാജന്റെ പ്രതികരണം.

ശത്രുക്കളുടെ കടന്നാക്രമണം പ്രതിരോധിക്കാനായില്ലെന്നും സംഘടനാ ദൗര്‍ബല്യം വലുതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ബ്രാഞ്ചുകളില്‍ വലിയൊരു ശതമാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നില്ല. യോഗങ്ങള്‍ ചേരുന്നത് പരിമിതമാണ്. പാര്‍ട്ടി അംഗങ്ങള്‍ ഉത്തരവാദിത്തം നിര്‍വഹിച്ചില്ല. ബ്രാഞ്ച് സെക്രട്ടറിമാര്‍ക്ക് ഫലപ്രദമായി നയിക്കാന്‍ കഴിയാതെ വന്നുവെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Content Highlights: CPIM Central Committee member E P Jayarajan has strongly criticised the party leadership amid ongoing discussions over organisational issues

To advertise here,contact us