രാവിലെ മുതൽ രാത്രി വരെ കളവ് പറയുന്ന മുഖ്യമന്ത്രി കോൺഗ്രസിന് ഉൾപ്പെടെ എല്ലാവർക്കും അപമാനം: എം വി ഗോവിന്ദൻ

വി ഡി സതീശന് വിമാനം സ്പോൺസർ ചെയ്യുന്നതാരാണെന്നും എം വി ഗോവിന്ദൻ ചോദിച്ചു

കൊച്ചി: പിണറായി വിജയനെ ലക്ഷ്യം വച്ചുകൊണ്ട് സിപിഐഎമ്മിനെ തകർക്കുക എന്ന ബിജെപി നീക്കത്തെ മുഖ്യമന്ത്രി വി ഡി സതീശൻ പിന്തുണയ്ക്കുന്നവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. അതിൽ ഞങ്ങൾക്ക് ഭയമില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. 'കേരളത്തിൻ്റെ മുഖ്യമന്ത്രി വി ഡി സതീശൻ പറയുന്നത് നിയമപരമായി കേസെടുക്കാനാവില്ലെന്നാണ്. ഇ ഡി പൊലീസിന് കത്ത് നൽകിയിട്ടും പഞ്ചാബും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ആ കത്ത് മുഖവിലയ്ക്കെടുത്ത് കേസെടുത്തിട്ടില്ല. അത്തരം നിലപാട് സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് അവകാശമുണ്ട്. കേരളത്തിൻ്റെ മുൻമുഖ്യമന്ത്രിയെ ഉന്നംവെച്ച് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെ ബിജെപിയുടെ ഭാ​ഗമായി നിന്ന് ഇ‍ഡി നടത്തുന്ന നീക്കത്തെ വി ഡി സതീശൻ സർക്കാർ അം​ഗീകരിക്കുന്നത് അങ്ങേയറ്റത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധതയുടെ നിലപാടാണ്' എന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

വിമാനത്തിൽ പോകുന്നതിന് തങ്ങൾ എതിരാണെന്നും എന്നാൽ വി ഡി സതീശന് വിമാനം സ്പോൺസർ ചെയ്യുന്നതാരാണ് എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. മാധ്യമങ്ങൾ ഈ ചോദ്യം ചോദിക്കുമ്പോൾ പത്രപ്രവർത്തകരെ ചീത്ത പറഞ്ഞ് മുഖ്യമന്ത്രി ഇറങ്ങിപ്പോകുകയാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. മന്ത്രിമാരുടെ യാത്രകളും സ്പോൺസർഷിപ്പിലാണ്. ഇത് ഭരണഘടനാ വിരുദ്ധവും സത്യപ്രതിജ്ഞാന ലംഘനവും ആണെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ആറുകോടിയുടെ കാറിൽ പോയാലേ ഷാജിക്ക് ഉറക്കം വരൂ. സ്പോൺസേർഡ് സംസ്ഥാനമായി കേരളം മാറിയെന്നും സ്പോൺസേർഡ് മുഖ്യമന്ത്രിയായി വിഡി സതീശൻ മാറിയെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി ഇങ്ങനെയായാൽ ഉദ്യോഗസ്ഥർ എങ്ങനെയാകും എന്നും എം വി ​ഗോവിന്ദൻ പരിഹസിച്ചു. കൊച്ചിയിൽ കാണാൻ പോയ നിക്ഷേപകനാരാണെന്നും രാവിലെ മുതൽ രാത്രി വരെ കളവ് പറയുന്ന മുഖ്യമന്ത്രി കോൺഗ്രസിന് ഉൾപ്പെടെ എല്ലാവർക്കും അപമാനമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Content Highlights: CPI(M) leader M V Govindan criticises the Kerala Chief Minister, alleging that his statements throughout the day are an embarrassment to everyone, including the Congress.

To advertise here,contact us