മന്ത്രിമാരുടെ വാഹനങ്ങൾക്ക് 10 വർഷത്തെ പഴക്കമെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിയുന്നു; സർക്കാർരേഖ റിപ്പോർട്ടറിന്

മുഖ്യമന്ത്രി നിലവില്‍ രണ്ട് കാറുകളാണ് ഉപയോഗിക്കുന്നത്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് പത്തുവര്‍ഷം പഴക്കമുണ്ടെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം പൊളിയുന്നു. ഒരു മന്ത്രിയുടെ പോലും വാഹനത്തിന് പത്തുവര്‍ഷം പഴക്കമില്ലെന്ന് വ്യക്തമാക്കുന്ന സര്‍ക്കാര്‍ രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. ഭൂരിഭാഗം മന്ത്രിമാരുടെയും സര്‍ക്കാര്‍ അനുവദിച്ച വാഹനങ്ങളുടെ പഴക്കം അഞ്ച് വര്‍ഷത്തില്‍ താഴെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ഇതില്‍ തന്നെ മുഖ്യമന്ത്രിയുടേത് ഉള്‍പ്പെടെ അഞ്ച് മന്ത്രിമാരുടെ വാഹനങ്ങളുടെ പഴക്കം രണ്ടുവര്‍ഷത്തില്‍ താഴെയാണ്. അതേസമയം, എട്ടുമന്ത്രിമാരുടെ വാഹനങ്ങളുടെ പഴക്കം നാല് വര്‍ഷത്തില്‍ താഴേയാണ്.

മുഖ്യമന്ത്രി നിലവില്‍ രണ്ട് കാറുകളാണ് ഉപയോഗിക്കുന്നത്. അതിലൊരു വാഹനം 2024-ലും മറ്റൊന്ന് 2022-ലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ മുരളീധരന്‍, ഷിബു ബേബി ജോണ്‍, പി സി വിഷ്ണുനാഥ് എന്നിവരുടെ ഇന്നോവ ക്രിസ്റ്റ 2024-ല്‍ രജിസ്റ്റര്‍ ചെയ്തവയാണ്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാഹനം 2022-ലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതേസമയം, പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഇന്നോവ ക്രിസ്റ്റ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2017-ലാണ്. ഇതാണ് നിലവില്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ ഏറ്റവും കാലപ്പഴക്കം ചെന്നതില്‍ ഒന്ന്. 2017-ല്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് കെ എം ഷാജിയും ഉപയോഗിക്കുന്നത്.

ഹൈക്കോടതിയിലെ ജസ്റ്റിസുമാര്‍ ഉപയോഗിച്ച വാഹനങ്ങളും കാലപ്പഴക്കം ഉള്ളവയല്ല. പട്ടികയിലുള്ളതില്‍ ഒന്നോ രണ്ടോ വാഹനങ്ങള്‍ മാത്രമാണ് KL-01 രജിസ്‌ട്രേഷന്‍ അല്ലാത്തത്. ടൂറിസം വകുപ്പിന്റെ ഗ്യാരേജില്‍ നിന്നാണ് ഈ വാഹനങ്ങള്‍ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. ഏറ്റവും കണ്ടീഷനായ ഉപയോഗക്ഷമമായ വാഹനങ്ങള്‍ മാത്രമാണ് മന്ത്രിമാര്‍ക്കായി സംസ്ഥാന ടൂറിസം വകുപ്പ് നല്‍കിയിട്ടുള്ളതെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം മന്ത്രി കെ എം ഷാജിയുടെ ആഡംബര യാത്രയെ കുറിച്ചുള്ള ചോദ്യത്തിലായിരുന്നു സര്‍ക്കാര്‍ വാഹനങ്ങളുടെ കാലപ്പഴക്കം പത്തുവര്‍ഷത്തിലേറെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. പല മന്ത്രിമാരുടെയും വാഹനങ്ങള്‍ യാത്രയ്ക്കിടെ പണിമുടക്കാറുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Content Highlights: Government records reportedly challenge the Chief Minister’s claim that ministers’ vehicles have a 10 year age limit

To advertise here,contact us