ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം: പിണറായി വിജയനെ പിന്തുണയ്‌ക്കേണ്ടെന്ന നിലപാട് മാറ്റാതെ സിപിഐ

സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു

തിരുവനന്തപുരം: ഇ ഡി കത്തിലെ പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചിട്ടും നിലപാടിൽ മാറ്റമില്ലാതെ സിപിഐ. അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിലും പിണറായി വിജയനെ പിന്തുണയ്ക്കേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. പിണറായി വിജയന് എതിരായ നിലപാടും സ്വീകരിക്കേണ്ടെന്ന് സെക്രട്ടേറിയറ്റ് തീരുമാനം. കേസ് രാഷ്ട്രീയപ്രേരിതം ആണെന്ന നിലപാട് ഇപ്പോൾ എടുക്കേണ്ടതില്ലെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. അന്വേഷണം മുന്നോട്ടു പോയതിനുശേഷം തുടർ നിലപാടുകൾ പിന്നീട് സ്വീകരിക്കാനാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിലെ ധാരണ.

സംസ്ഥാന സർക്കാരിനെതിരെ ഒറ്റയ്ക്ക് സമരം ചെയ്യാനും സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ഒക്ടോബർ പതിനാലാം തീയതി നിയമസഭാ മാർച്ച് നടത്താനാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധി, മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് അടക്കമുള്ള വിഷയങ്ങൾ ഉയർത്തിയാണ് സിപിഐയുടെ സമരം.

സിഎംആർഎൽ-എക്‌സാലോജിക് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടിയ്ക്കും എതിരെ എഫ്ഐആർ ഇട്ട് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഇ ഡി നീക്കത്തോടും നേരത്തെ സിപിഐ പ്രതികരിച്ചിരുന്നില്ല. പിണറായിക്കെതിരായ ഇ ഡി നീക്കത്തിൽ രാഷ്ട്രീയം നോക്കേണ്ടെന്ന നിലപാടായിരുന്നു തുടക്കം മുതൽ സിപിഐ സ്വീകരിച്ചത്. നിയമം ഏത് വഴിക്ക് പോകുന്നുവെന്നത് മാത്രം നോക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റിന്റെ തീരുമാനം. മാധ്യമങ്ങൾ പ്രതികരണം ചോദിച്ചാൽ 'അന്വേഷണം നടക്കുകയല്ലേ' എന്ന് മാത്രം പറഞ്ഞാൽ മതിയെന്നാണും ധാരണയുണ്ടായിരുന്നു.

Content Highlights: CPI maintains its position that it will not support Chief Minister Pinarayi Vijayan in connection with the preliminary investigation mentioned in the Enforcement Directorate letter.

To advertise here,contact us