'വി ഡി സതീശൻ അതിസമ്പന്നരുടെ കളിപ്പാവ, മുതലാളി സേവയിൽ മന്ത്രിമാർ മുഖ്യമന്ത്രിക്ക് പിന്നാലെ ഗമിക്കുന്നു'

മന്ത്രിമാരുടെ വിദേശയാത്ര നിയമം പാലിച്ചാണോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു

തിരുവനന്തപുരം: വി ഡി സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വിമാനം അജ്ഞാത സാമ്പത്തിക ശക്തികള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. മുതലാളി സേവയില്‍ മുഖ്യമന്ത്രിയുടെ പിന്‍പേ ഗമിക്കുകയാണ് മന്ത്രിമാരെന്നും അദ്ദേഹം വിമര്‍ശിച്ചു. മന്ത്രിമാരുടെ വിദേശയാത്ര നിയമം പാലിച്ചാണോ എന്നറിയാന്‍ പൗരന്മാര്‍ക്ക് അവകാശമുണ്ടെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്‌പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്‌പോണ്‍സര്‍ ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തിരുന്നു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ മന്ത്രി പി രാജീവ്, എം വിജിന്‍ അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

ഇതിനിടെ തന്നെയായിരുന്നു മന്ത്രിമാരുടെ സ്വകാര്യ വിദേശ യാത്രകളും വിവാദമായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരുടെ യാത്രയായിരുന്നു വിമര്‍ശനത്തിനിടയാക്കിയത്. രമേശ് ചെന്നിത്തല ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു പോയത്. ഒ ജെ ജനീഷ് ഒമാനിലാണ് പോയതെന്ന വിവരം വന്നുവെങ്കിലും എന്തിന് പോയി എന്നതില്‍ വ്യക്തതയില്ല. കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയായിരുന്നു സന്ദര്‍ശിച്ചത്. ഷാജിയുടെ സന്ദര്‍ശന യാത്രയും അവ്യക്തം. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി സി വിഷ്ണുനാഥും വിദേശയാത്ര നടത്തിയെങ്കിലും ഔദ്യോഗികമെന്നായിരുന്നു വിശദീകരണം. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിന്റെയും ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്റെയും വിദേശയാത്രകളും വിവാദത്തിലായിട്ടുണ്ട്. അബ്ദുല്‍ ഗഫൂര്‍ അബുദാബിയില്‍ ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുന്നതിനായിരുന്നു പോയത്. ഷാനിമോളാകട്ടെ ബഹ്‌റൈനില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും. ഇതോടൊപ്പം കോണ്‍ഗ്രസ്, ലീഗ് സംഘടനകളുടെ പരിപാടികളിലും ഷാനിമോള്‍ പങ്കെടുത്തിരുന്നു.

Content Highlights: CPI state secretary Binoy Viswam accused Kerala Chief Minister V D Satheesan of acting as a puppet of the wealthy, in a political criticism

To advertise here,contact us