'ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ല, ശബരിമല ദർശനം ഭംഗിയായി നടത്തണം, ഉത്തരവാദിത്തം സര്‍ക്കാരിനാണ്': കെ മുരളീധരന്‍

ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും മന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: ശബരിമല തര്‍ക്കത്തില്‍ പ്രതികരണവുമായി ദേവസ്വം മന്ത്രി കെ മുരളീധരന്‍. ദേവസ്വം ബോര്‍ഡുമായി ഏറ്റുമുട്ടലിന് ആഗ്രഹിക്കുന്നില്ലെന്നും ശബരിമല ദര്‍ശനം ഭംഗിയായി നടത്തണമന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കെ ജയകുമാറിന്റെ രാജിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഊഹാപോഹങ്ങളില്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി.

'ദേവസ്വം ബോര്‍ഡ് ഇതുവരെ സ്വീകരിച്ച നടപടികളില്‍ സര്‍ക്കാരിന് അതൃപ്തിയുണ്ട്. അത് പരസ്യമായി പ്രകടിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടാന്‍ ആഗ്രഹിക്കുന്നില്ല. ഇത്തവണത്തെ ശബരിമല ദര്‍ശനം ഭംഗിയായി നടത്തണം. അല്ലെങ്കില്‍ അതിന്റെ ഉത്തരവാദിത്തം വരുന്നത് സര്‍ക്കാരിനാണ്. ബിജെപി നേതാക്കന്മാരുടെ പ്രസ്താവനകളില്‍ പോലും മന്ത്രിയെ മാത്രമാണ് കുറ്റപ്പെടുത്തുന്നത്. ദേവസ്വം ബോര്‍ഡ് എന്ന സംവിധാനം ഉണ്ടെന്ന വിവരം ചില നേതാക്കള്‍ക്ക് അറിയില്ല. സര്‍ക്കാര്‍ വളരെ ഗൗരവത്തോടെയാണ് ഇതിനെ കാണുന്നത്', മന്ത്രി കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തട്ടേയെന്നും ഇന്ന് വൈകുന്നേരം താനും മുഖ്യമന്ത്രിയെ കാണുന്നുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഒരു പരിഹാരം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇല്ലെങ്കില്‍ മറ്റ് നടപടികളെ കുറിച്ച് അപ്പോള്‍ ആലോചിക്കാമെന്നും മന്ത്രി പറഞ്ഞു. അതേസമയം ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ രാജിയെ കുറിച്ച് ചര്‍ച്ചചെയ്യേണ്ട കാര്യമില്ലെന്നും അത് സര്‍ക്കാരിന്റെ അജണ്ടയിലില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ അജണ്ട ശബരിമല ദര്‍ശനം ഭംഗിയാക്കുക എന്നതാണെന്നും അതില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള കാര്യങ്ങള്‍ ആലോചിച്ച് തീരുമാനിക്കാം. ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ രാജികാര്യത്തില്‍ മന്ത്രിക്ക് പ്രതികരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Minister K Muraleedharan said the government does not want a confrontation over Sabarimala arrangements. He stressed that the pilgrimage and darshan should be conducted smoothly and that the government has the responsibility to ensure proper arrangements for devotees during the upcoming season.

To advertise here,contact us