ഇഎസ്എ വിജ്ഞാപനം; കേരളം കര്‍ണാടകയെ മാതൃകയാക്കണം; സമസ്ത മുഖപത്രത്തില്‍ സംസ്ഥാന സര്‍ക്കാരിന് വിമര്‍ശനം

പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ഒരു ദശാബ്ദക്കാലത്തിലേറെയായി തുടരുന്ന ആകുലതകളാണ് വീണ്ടും ഉരുണ്ടുകൂടുന്നതെന്ന് സമസ്ത

കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പരിസ്ഥിതി ലോല മേഖലാ കരട് വിജ്ഞാപനത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത മുഖപത്രം സുപ്രഭാതം എഡിറ്റോറിയല്‍. മലയോര ജനത ആശങ്കയിലെന്ന് വിശദീകരിക്കുന്ന സമസ്ത വിഷയം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമായിരുന്നു എന്നാണ് ചൂണ്ടിക്കാട്ടുന്നത്. പ്രകൃതിയോടും വന്യമൃഗങ്ങളോടും മല്ലടിച്ച് ജീവിക്കുന്ന കര്‍ഷകരുടെ ഉപജീവനത്തില്‍ ആശങ്കയുടെ കരിനിഴല്‍ വീഴ്ത്തുന്നു എന്നും എഡിറ്റോറിയലില്‍ വിമര്‍ശനമുണ്ട്.

പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട ഒരു ദശാബ്ദക്കാലത്തിലേറെയായി തുടരുന്ന ആകുലതകളാണ് വീണ്ടും ഉരുണ്ടുകൂടുന്നത്. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പിന്നാലെ വന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും ഇതിന്റെ ചുവടുപിടിച്ച് 2014 മുതല്‍ ഉണ്ടായ കരട് വിജ്ഞാപനങ്ങളും മലയോര മേഖലയെ സംഘര്‍ഷഭരിതമാക്കി. ഇപ്പോള്‍ വന്ന ഏഴാമത് കരടിലെ നിര്‍ദ്ദേശങ്ങള്‍ മലയോര ജനതയെ ആശങ്കയില്‍ ആക്കുന്നതാണ്. സാറ്റലൈറ്റ് ഉപയോഗിച്ച് മാത്രം നിര്‍മിച്ച ഭൂപടങ്ങളില്‍ ഉണ്ടാകാനിടയുള്ള പിഴവുകള്‍ പരിശോധിക്കണമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

വിഷത്തില്‍ കര്‍ണാടകയുടെ നിലപാട് സംസ്ഥാനം മാതൃകയാക്കണം. ജനവാസനമേഖലകളെ അതേപടി ഇഎസ്എ പരിധിയില്‍ ഉള്‍പ്പെടുത്താനാകില്ലെന്ന് ഡി കെ ശിവകുമാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. ആവശ്യമായ ഭേദഗതികള്‍ക്ക് ഹൈക്കോടതി മുന്‍ ജഡ്ജിയുടെ നേതൃത്വത്തില്‍ ഉന്നതതല സമിതിയും കര്‍ണാടക രൂപീകരിച്ചു. കര്‍ണാക ഇതിനായി പ്രത്യേക നിയമസാഭാ സമ്മേളനവും വിളിച്ചു. ഇത്തരം മാതൃകകളാണ് കേരളം പിന്‍തുടരേണ്ടിയിരുന്നതെന്നാണ് സമസ്ത വിശദീകരിക്കുന്നത്.

മറ്റ് രാഷ്ട്രീയ വിവാദങ്ങളുടെ കോലാഹലത്തില്‍ സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന കര്‍ഷകരുടെ പ്രശ്‌നം തമസ്‌കരിക്കുന്നത് ജനകീയ സര്‍ക്കാരിനും യുഡിഎഫിനും ഭൂഷണമല്ലെന്നും സുപ്രഭാതം എഡിറ്റോറിയല്‍ ഓര്‍മപ്പെടുത്തുന്നു. അടിയന്തര ഇടപെടലും രാഷ്ട്രീയ നിലപാടും കേരളം പ്രതീക്ഷിക്കുന്നു. കേരളത്തെ പരിസ്ഥിതിയേയും കര്‍ഷകരേയും സംരക്ഷിക്കേണ്ട ഉത്തരവാദിത്തത്തില്‍ നിന്ന് സര്‍ക്കാരിന് പിന്‍മാറാനാകില്ല. കരട് വിജ്ഞാപനത്തിലെ അശാസ്ത്രീയതകള്‍ പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കൂടുതല്‍ ശക്തമായി ഇടപെടണം. വിജ്ഞാപനം തിരുത്താന്‍ കേന്ദ്രത്തിനുമേല്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തണമെന്നും സമസ്ത ചൂണ്ടിക്കാട്ടുന്നു.

വിഷയത്തില്‍ പ്രതികരണവുമായി താമരശ്ശേരി ബിഷപ്പ് റമിജിയോസ് ഇഞ്ചനാനിയലും രംഗത്ത് വന്നു. ഇഎസ്എ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നാണ് അദ്ദേഹം ഉയര്‍ത്തിയ വിമര്‍ശനം. അതില്‍ ഖേദവും പ്രതിഷേധവുമുണ്ട്. റവന്യൂ ഭൂമി ഉള്‍പ്പെടില്ല എന്ന് സര്‍ക്കാരും ഉദ്യോഗസ്ഥരും വാക്കാല്‍ പറയും, പക്ഷേ ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്നില്ല. റവന്യൂ ഭൂമി പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടോ എന്ന് പരിശോധിക്കാനുള്ള അവകാശം ഉണ്ട്. ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടുന്നു. അതില്‍ നല്‍കിയ വിവരങ്ങള്‍ തെറ്റാണെന്ന് സര്‍ക്കാരിനെ നേരത്തെ തന്നെ അറിയിച്ചതാണ്. ഇപ്പോള്‍ തന്നെ വായ്പയും പട്ടയവും ലഭിക്കുന്നില്ല. കേരളം കര്‍ണാടക സര്‍ക്കാരിനെ മാതൃകയാക്കണമെന്ന് ബിഷപ്പും നിര്‍ദ്ദേശിക്കുന്നുണ്ട്. കര്‍ണാടക പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു. കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാന്‍ കര്‍ണാടക പ്രതിനിധി സംഘത്തെ നിയോഗിച്ചു. കേരളവും ഇത് മാതൃകയാക്കണം. ജീവിക്കാനുള്ള അവകാശം നിഷേധിച്ചാല്‍ സമരങ്ങളിലേക്ക് കടക്കേണ്ടി വരുമെന്ന മുന്നറിയിപ്പും റമിജിയോസ് ഇഞ്ചനാനിയല്‍ നല്‍കുന്നുണ്ട്.

Content Highlights: The Suprabhatam editorial has criticised the Kerala government over the Centre’s draft notification on the Environmentally Sensitive Zone, highlighting concerns among hill residents. The editorial argues that the issue should have been discussed in the Kerala Assembly and says farmers living alongside forests and wildlife face growing uncertainty over their livelihoods.

To advertise here,contact us