കുറ്റപ്പെടുത്തലല്ല വേണ്ടത്, മന്ത്രി മുന്‍കൈ എടുത്ത് ബോര്‍ഡിനെ ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം; വി എന്‍ വാസവന്‍

'കഴിഞ്ഞ മണ്ഡല കാലത്ത് ജൂണ്‍ മാസം തന്നെ ആദ്യ യോഗം വിളിച്ചു. തീര്‍ത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിങുകള്‍ നടത്തിയിരുന്നു'

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി വി എന്‍ വാസവന്‍. ഈ സമയത്ത് പരസ്പരം കുറ്റപ്പെടുത്തലല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്ന് വി എന്‍ വാസവന്‍ പറഞ്ഞു. വകുപ്പ് മന്ത്രി തന്നെ മുന്‍ കൈ എടുത്ത് ദേവസ്വം ബോര്‍ഡിനെ കൂടി ഉള്‍പ്പെടുത്തി മുന്നോട്ട് പോകണം. 32 വകുപ്പുകളുടെ ഏകോപനം ആവശ്യമാണ്. സര്‍ക്കാര്‍ ബോര്‍ഡിനെ സഹായിക്കുകയാണ് വേണ്ടതെന്നും വി എന്‍ വാസവന്‍ പ്രതികരിച്ചു.

'കഴിഞ്ഞ മണ്ഡല കാലത്ത് ജൂണ്‍ മാസം തന്നെ ആദ്യ യോഗം വിളിച്ചു. തീര്‍ത്ഥാടനം തുടങ്ങും മുമ്പ് ഏഴ് മീറ്റിങുകള്‍ നടത്തിയിരുന്നു. എല്ലാ ഏകോപനവും ചെയ്താണ് കാര്യങ്ങള്‍ ഭംഗിയായി നടപ്പാക്കിയത്. പരസ്പരം കുറ്റപ്പെടുത്തല്‍ അല്ല, യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യം. ചര്‍ച്ച ചെയ്താണ് മുന്നോട്ട് പോകേണ്ടത്', വി എന്‍ വാസവന്‍ പറഞ്ഞു.

ദേവസ്വം മന്ത്രിയും ബോര്‍ഡും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ ഈ സര്‍ക്കാരിന്റെ തുടക്കം മുതല്‍ തന്നെ പരസ്യമായതാണ്. മണ്ഡലകാല മുന്നൊരുക്കങ്ങള്‍ തൃപ്തികരമല്ലെന്നാണ് മന്ത്രിയുടെ നിലപാട്. ദേവസ്വം ബോര്‍ഡിന് അലംഭാവമെന്ന് കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനാണ് മന്ത്രി കെ മുരളീധരന്റെ തീരുമാനം. മന്ത്രിതല, ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ച് മണ്ഡലകാല തീര്‍ത്ഥാടനം പൂര്‍ത്തിയാക്കണമെന്നും ആവശ്യപ്പെടാനാണ് മന്ത്രിയുടെ തീരുമാനം.

എന്നാല്‍ ഇതിന് പിന്നാലെ മന്ത്രിയുടെ ആരോപണങ്ങള്‍ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ രംഗത്തെത്തി. മണ്ഡല ഒരുക്കത്തില്‍ വൈകലോ അലംഭാവമോ ഇല്ലെന്നാണ് കെ ജയകുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ പറഞ്ഞത്. കൃത്യമായ പദ്ധതിയുടെ അടിസ്ഥാനത്തിലാണ് മുന്നോട്ട് പോകുന്നത്. പ്രതീക്ഷിച്ചതിലും കൂടുതല്‍ ഭക്തര്‍ എത്തിയതിനാലാണ് അരവണ ക്ഷാമം ഉണ്ടായത്. ഭഗവാന്‍ ഏല്‍പിച്ച ദൗത്യം കാലാവധി പൂര്‍ത്തീകരിക്കും വരെ നിര്‍വഹിക്കുമെന്നും ജയകുമാര്‍ വ്യക്തമാക്കി.

Content Highlights: Former minister V N Vasavan has responded to the ongoing Sabarimala issue, saying that this is not the time for mutual blame. He stressed the need for coordinated and united efforts to address the situation.

To advertise here,contact us