'വി ഡി സതീശൻ സർക്കാർ സംഘപരിവാറിൻ്റെ ബി ടീം'; എം വി ഗോവിന്ദൻ

'ലേബർ കോഡ് നടപ്പാക്കും എന്ന തീരുമാനങ്ങൾ ഉൾപ്പടെ പൂർണമായും സംഘപരിവാറിന് വഴങ്ങുന്നത് മോദി-ഇ ഡി-വി ഡി കൂട്ടുകെട്ട്'

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ സംഘപരിവാറിൻ്റെ ബി ടീം ആണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ.കോ-ലീ-ബി കാലം തൊട്ട് ആരംഭിച്ച ഈ കൂട്ടുകെട്ട് ഇപ്പോഴും തുടരുകയാണെന്നും എം വി ​ഗോവിന്ദൻ ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ഇവർ പരസ്പരം സഹായിച്ചുവെന്നും ഭരണത്തിൽ എത്തിയപ്പോൾ ആ ബന്ധം കൂടുതൽ തുടരുന്നുവെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. ഇഡിയെ ഉപയോഗപ്പെടുത്തി പ്രതിപക്ഷ നേതാക്കൾക്കെതിരെ നിലപാട് സ്വീകരിച്ചു വരികയാണ് കേന്ദ്രസർക്കാർ എന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. യുഡിഎഫ് സർക്കാർ അത് പിന്തുടരുകയാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. ലേബർ കോഡ് നടപ്പാക്കും എന്ന തീരുമാനങ്ങൾ ഉൾപ്പടെ പൂർണമായും സംഘപരിവാറിന് വഴങ്ങുന്നത് മോദി-ഇ ഡി-വി ഡി കൂട്ടുകെട്ടാണെന്നും എം വി ​ഗോവിന്ദൻ പരിഹസിച്ചു.

ഇ ഡി അന്വേഷണം പിണറായിയെ ലക്ഷ്യമിട്ടാണെന്ന് പാർട്ടി നേരത്തെ തന്നെ വ്യക്തമാക്കിയതാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഓരോ മൊഴികളും ഒന്നൊഴിയാതെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെയുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് കേട്ടു കേൾവി ഇല്ലാത്തതാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിഎംആർഎല്ലിൽ നിന്ന് അനധികൃതമായി പണം വാങ്ങിയെന്ന് സമ്മതിച്ച രണ്ടു മന്ത്രിമാർ യുഡിഎഫ് മന്ത്രിസഭയിൽ ഉണ്ട്. എന്തിനാണ് പണം വാങ്ങിയതെന്ന് അവർ വ്യക്തമാക്കണം.തെരഞ്ഞെടുപ്പ് ഫണ്ട് ആണ് എന്ന് ആണ് പറഞ്ഞത്. ഇരുപതിനായിരം രൂപയിൽ കൂടുതലുള്ള പണം അക്കൗണ്ട് വഴിയെ വാങ്ങാവൂ എന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

പിണറായി വിജയനെതിരായി കേസെടുക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിരോധം തീർക്കുമെന്നും എം വി ​ഗോ​വിന്ദൻ വ്യക്തമാക്കി. കേസെടുക്കാനുള്ള നീക്കത്തെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. പണം വാങ്ങിയവരെ വെള്ളപൂശുന്നുവെന്നും നിരപരാധികളെ കേസിൽ കുടുക്കാൻ ശ്രമം നടക്കുന്നുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ഈ രാഷ്ട്രീയ വേട്ടയ്ക്കെതിരെ കേരളം ഒറ്റക്കെട്ടായി മുന്നോട്ടുപോകും. ഇഡിയെ കുറിച്ചുള്ള കോൺഗ്രസിന്റെ പൊതുനിലപാട് വി ഡി സതീശൻ തള്ളിക്കളഞ്ഞുവെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

തെറ്റായ നടപടി ചോദ്യം ചെയ്യുന്ന മാധ്യമങ്ങൾക്കെതിരെ കേസുകൾ ചുമത്തുന്നുവെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. പരിശോധനകൾ നടത്തി മാധ്യമങ്ങളെ പേടിപ്പിക്കുന്നു. റിപ്പോർട്ടർ ചാനലിനെതിരെ വി ഡി സതീശൻ്റെ പൊലീസ് നിലപാടെടുക്കുന്നു. എഡിറ്റോറിൽ മുറിയിൽ പൊലീസ് കയറുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്നും സിപിഐഎം അത് അം​ഗീകരിക്കില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടിൽ പുതിയ അന്വേഷണത്തിന് ഒരു പ്രസക്തിയുമില്ലെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഒരു മൊഴിയേയും അടിസ്ഥാനപ്പെടുത്തിയിട്ടില്ല. എന്താണ് അന്വേഷിക്കേണ്ട കാര്യമുള്ളത്. കള്ള മൊഴിയാണെന്ന് മൊഴികൊടുത്തവർ തന്നെ വ്യക്തമാക്കി. പിണറായി വിജയനിലേക്ക് എത്തിക്കാനുള്ള രാഷ്ട്രീയ ഗൂഢ ഉദ്ദേശമാണ് നടക്കുന്നത്. അന്വേഷിക്കുന്നതിൽ ഞങ്ങൾക്ക് ഒരു ഭയവുമില്ല. ഇത് ഇഡി കെട്ടിച്ചമച്ച കഥയാണ്. അതിന് കോൺഗ്രസിന്റെ പൂർണ പിന്തുണയും. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രവർത്തനമാണെന്നും ഞങ്ങൾ അതിന് കീഴടങ്ങില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

കെഎം ഷാജിയുടെ സ്വകാര്യ ആഡംബര കാറിലെ യാത്ര പ്രോട്ടോകോൾ ലംഘനവും നിയമവിരുദ്ധവുമാണെന്നും എം വി ​ഗോവിന്ദൻ വിമർശിച്ചു. സർക്കാരിന് ലാഭം ഉണ്ടാക്കുമെന്നാണ് മന്ത്രി സണ്ണി ജോസഫ് പറഞ്ഞത്. ഇത് ഗൗരവമായ പ്രശ്നം. ഒരു നാട്ടുനടപ്പ് പോലെയാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. അതിന് കെപിസി പ്രസിഡന്റിന്റെ പിന്തുണയും. ഇതിൻ്റെയെല്ലാം ചുവട്പിടിച്ച് വലിയ രീതിയിലുള്ള അഴിമതി ശൃംഖലയാണ് ഉണ്ടാകുന്നതെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. ഉടമസ്ഥതയില്ലാത്ത വാഹനത്തിന് ഗണേഷ് കുമാർ അനുമതി ചോദിച്ചപ്പോൾ അത് നിഷേധിച്ചു. മറ്റാരുടെയെങ്കിലും വാഹനം ഉപയോഗിക്കാൻ കഴിഞ്ഞ സർക്കാർ അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രി വിമാനത്തിൽ യാത്രചെയ്തത് ആരുടെ ചെലവിലാണെന്നും അത് സുതാര്യമായ രാഷ്ട്രീയ പ്രവർത്തനമാണോ എന്നും എം വി ​ഗോവിന്ദൻ ചോദിച്ചു. ചെലവ് ആര് വഹിച്ചു എന്ന് കേരളത്തിന് അറിയാൻ താത്പര്യമുണ്ടെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേർത്തു.

നിരവധി മന്ത്രിമാർ ഇപ്പോൾ ലോകത്തിൻ്റെ വിവിധ മേഖലകളിലാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സർക്കാർ ചെലവിൽ അല്ല എന്നാണ് മന്ത്രിമാർ പറയുന്നത്. അപ്പോൾ എല്ലാവരും സ്പോൺസർഷിപ്പിൽ ആണ് യാത്ര. ഇതും പരിശോധിച്ചാൽ സത്യപ്രതിജ്ഞ ലംഘനമാണ്. ഒന്നുകിൽ സ്വന്തം ചെലവിൽ പോകണം. അല്ലെങ്കിൽ സർക്കാർ ചെലവിൽ പോകണം. അല്ലാത്തതൊക്കെ നിയമലംഘനമാണെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി.

മഴക്കെടുതി ദുരിതത്തിൽ ഇന്നുവരെ ഇല്ലാത്ത പ്രതിഫലം കൊടുക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും എം വി ​ഗോവിന്ദൻ പറഞ്ഞു. ഒരാൾക്കും തുക ലഭിച്ചില്ല. കാര്യമായി ഒന്നും ചെയ്യാതിരിക്കുക എന്നുള്ളതാണ് അനുഭവമെന്നും കോട്ടയത്ത് വിവരശേഖരണം പോലും നടത്തിയില്ലെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

Content Highlights: CPI(M) state secretary M V Govindan alleged that the V D Satheesan government is acting as the “B team” of the Sangh Parivar, triggering a political controversy in Kerala.

To advertise here,contact us