തൃശൂര്‍: തൃശ്ശൂര്‍ പാലപ്പള്ളി ഹാരിസണ്‍ മലയാളം എസ്റ്റേറ്റിൽ തോട്ടം തൊഴിലാളി ജീവനൊടുക്കി. തൊഴിലാളിയായ മഞ്ജുഷ (47) ആണ് തൊഴില്‍ പീഡനമെന്ന് ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം എസ്റ്റേറ്റില്‍ തന്നെ ജീവനൊടുക്കിയത്. തോട്ടം മാനേജര്‍മാരായ ആല്ബിന് , ബെന്നി, വര്‍ഗീസ് എന്നിവരുടെ മാനസിക പീഡനം മൂലമാണ് ആത്മഹത്യ എന്നാണ് കുറിപ്പില്‍ പറയുന്നത്. ജോലിക്കിടെ അനുമതി വാങ്ങി 15 മിനിറ്റ് വീട്ടില്‍ പോയ കാരണത്തിലാണ് മാനസിക പീഡനം തുടങ്ങിയതെന്ന് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മാനേജര്‍മാര്‍ അസഭ്യം പറഞ്ഞത് പരാതിപ്പെട്ടപ്പോള്‍ പണികളയിക്കും എന്ന് പറഞ്ഞും ഭീഷണിപെടുത്തിയെന്നും കത്തില്‍ പറയുന്നു.
സെപ്റ്റംബര്‍ ഒന്നാം തിയതി മുതല്‍ മഞ്ജുഷ ഫാക്ടറിയില്‍ നിന്ന് മാറി ഫീല്‍ഡിലേക്ക് ജോലിക്ക് പോകണമെന്ന് തലപ്പത്തുള്ളവര്‍ നിര്‍ദേശം നല്‍കിയെന്നാണ് കത്തില്‍ പറയുന്നത്. വനപ്രദേശത്താണ് ഈ സ്ഥലമുള്ളത്. നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള തനിക്ക് ഈ അവസ്ഥയില്‍ ഫീല്‍ഡ് വര്‍ക്കിനായി പോകാന്‍ സാധിക്കില്ലായിരുന്നു. ഈ കാര്യം പറയാന്‍ യൂണിയന് വഴി നീക്കം നടത്തരുതെന്നും തനിക്ക് നിര്‍ദേശം ലഭിച്ചു. തലപ്പത്തുള്ളവരെല്ലാം നിരന്തരം മാനസികമായി പീഢിപ്പിച്ചുവെന്നും ആത്മഹത്യയല്ലാതെ മറ്റൊരു മാര്‍ഗം തന്റെ മുമ്പിലില്ലെന്നുമാണ് കത്തിലെ ആരോപണം.
വാച്ചറായി ജോലി ചെയ്യുന്ന തന്നെ കൊണ്ട് പാചകം അടക്കമുള്ള പണികള്‍ ചെയ്യിപ്പിക്കുമായിരുന്നുവെന്നും അസഭ്യം പറഞ്ഞതില്‍ പരാതിപ്പെട്ടപ്പോള്‍ ജോലി കളയുമെന്ന് ആല്ബിന് പറഞ്ഞതായും മഞ്ജുഷ ആരോപിക്കുന്നു. മഞ്ജുഷയുടെ ആത്മഹത്യയില്‍ പ്രതിഷേധവുമായി കുടുംബവും തോട്ടം തൊഴിലാളികളും രംഗത്തെത്തി. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാതെ ജോലി ചെയ്യില്ലെന്നാണ് തോട്ടം തൊഴിലാളികളുടെ നിലപാട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: A plantation worker at Harrison Malayalam Estate in Thrissur lost her life after leaving a note alleging workplace harassment. The family and estate workers have demanded action against those named in the note and announced protests seeking justice