തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മഴ വീണ്ടും ശക്തമാകാന്‍ സാധ്യത. നാളെ തെക്കന്‍ ജില്ലകളിലും മറ്റന്നാള്‍ വടക്കന്‍ ജില്ലകളിലുമാണ് മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പ് നല്‍കിയിട്ടില്ല. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്. 24ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ടായിരിക്കും.
ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതാണ് മഴ ശക്തമാകാന്‍ കാരണം. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ മധ്യകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി (Depression) ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നാണ് അറിയിപ്പ്. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും സമീപ വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലുമായി അതിതീവ്ര ന്യൂനമര്‍ദ്ദമായി (Deep Depression) വീണ്ടും ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. തുടര്‍ന്നും പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 23-ന് രാവിലെ വടക്കന്‍ ആന്ധ്രപ്രദേശ്, തെക്കന്‍ ഒഡീഷ തീരങ്ങള്‍ക്ക് സമീപം എത്താനാണ് സാധ്യത.
മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളില്‍ സമുദ്രനിരപ്പില്‍ നിന്ന് 4.5 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നുണ്ട്. കേരളം, തമിഴ്നാട്, തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളിലൂടെയും തെക്കുകിഴക്കന്‍ അറബിക്കടലില്‍ നിന്ന് ന്യൂനമര്‍ദ്ദ മേഖലയുമായി ബന്ധപ്പെട്ട മധ്യ തമിഴ്നാടിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലുള്ള ചക്രവാതച്ചുഴിയുടെ കേന്ദ്രത്തിലൂടെയും പ്രസ്തുത ചക്രവാതച്ചുഴിയിലേക്ക് സമുദ്രനിരപ്പില്‍ നിന്ന് 5.8 മുതല്‍ 7.6 കിലോമീറ്റര്‍ വരെ ഉയരത്തില്‍ ഒരു ന്യൂനമര്‍ദ്ദ പാത്തി (Trough) നിലനില്ക്കുന്നു. ഇതിന്റെ ഫലമായി കേരളത്തില്‍ സെപ്റ്റംബര്‍ 25 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനിടയിലും വൈദ്യുതി നിയന്ത്രണത്തില്‍ മാറ്റമില്ല. ഇന്നലെ പലയിടത്തും ഒന്നിലധികം തവണ വൈദ്യുതി നിയന്ത്രണമുണ്ടായി. ഉപഭോഗത്തില്‍ കുറവില്ലെന്നും 500 മെഗാവാട്ടിന്റെ കുറവുണ്ടെന്നുമാണ് കെഎസ്ഇബിയുടെ വിശദീകരണം. ദീര്‍ഘകാല കരാറിന്റെ ഭാഗമായി കിട്ടേണ്ട 380 മെഗാവാട്ടും സ്വാപ് വഴി ലഭിക്കേണ്ട 200 മെഗാവാട്ടും മുടങ്ങിയത് തിരിച്ചടിയായെന്നും കെഎസ്ഇബി അറിയിച്ചു. വൈദ്യുതി ഉപഭോഗം ഉയര്‍ന്നു നിന്നാല്‍ ഇന്നും നിയന്ത്രണം ഉണ്ടായേക്കും.
Content Highlights: A low-pressure area has developed over the Bay of Bengal, influencing weather conditions in Kerala. Rainfall is expected to strengthen again across the state from tomorrow, according to the weather forecast.