മലപ്പുറം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്രയില്‍ അടക്കം സര്‍ക്കാരിനെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. പൂക്കി സര്‍ക്കാര്‍ 'ഓശാരം' സര്‍ക്കാര്‍ എന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു കെ ടി ജലീലിന്റെ വിമര്‍ശനം. മന്ത്രി കെ എം ഷാജിയുടെ റേഞ്ച് റോവര്‍ യാത്രയിലും മന്ത്രിമാരുടെ വിദേശയാത്രകളിലും കെ ടി ജലീല്‍ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. ബെന്‍സോ റോള്‍സ്റോയ്സ് കാറോ മന്ത്രിമാര്‍ക്ക് ഓശാരം നല്കിയാന് എയ്ഡഡ് സ്കൂള്‍ മാനേജര്‍ പദവി ഉറപ്പെന്നും ജെ ടി ജലീല്‍ പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പൂക്കി സര്‍ക്കാര്‍ 'ഓശാരം'' സര്‍ക്കാര്‍!മുഖ്യമന്തിയുടെ വിമാനയാത്ര ഓശാരം(സൗജന്യം)!തദ്ദേശമന്ത്രിയുടെ റെയ്ഞ്ചറോവര്‍ കാര്‍ ഓശാരം!മന്ത്രിമാരുടെ കുടുംബ സമേതമുള്ള വിദേശയാത്രാ ടിക്കറ്റുകളും സൗകര്യങ്ങളും ഓശാരം!പലമന്ത്രിമാരും ഉപയോഗിക്കുന്ന എടിഎം കാര്‍ഡുകള്‍ ഓശാരം!NB:ബെന്‍സോ, റോള്‍സ്റോയ്സ് കാറോ മന്ത്രിമാര്‍ക്ക് ഓശാരം നല്കിയാല് എയ്ഡഡ് സ്കൂള്‍ മാനേജര്‍ പദവി ഉറപ്പ്
മലപ്പുറത്ത് കനത്ത മഴയിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിനും മറ്റുമായിരുന്നു കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ യാത്ര. ചാര്‍ട്ടേഡ് ഫ്ളൈറ്റ് യാത്ര അധിക ചെലവാണെന്നുള്ള ആക്ഷേപം ഉയര്‍ന്നതോടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരുന്നു. ചാര്‍ട്ടേഡ് ഫ്ളൈറ്റിന്റെ ചെലവ് വഹിക്കുന്നത് സ്പോണ്‍സറാണെന്നായിരുന്നു ഓഫീസ് വിശദീകരണം. സംസ്ഥാനത്തിന് ഒരു രൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ല. കരിപ്പൂരിലേക്കുള്ള യാത്രാവിമാനങ്ങള്‍ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാര്‍ട്ടേഡ് വിമാനത്തെ ആശ്രയിച്ചതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വീശദീകരണം വന്നതോടെ ആ സ്പോണ്സര് ആരാണെന്നുള്ള ചോദ്യം ഉയര്‍ന്നു. വിഷയം പ്രതിപക്ഷം ഏറ്റെടുത്തു. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ വിമര്‍ശനമുന്നയിച്ച് മുന്‍ മന്ത്രി പി രാജീവ്, എം വിജിന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
സുഹൃത്തിന്റെ റേഞ്ച് കാറില്‍ കെ എം ഷാജി ഔദ്യോഗിക യാത്ര നടത്തിയത് വ്യാപക വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോടെ കാര്‍ തിരികെ നല്കി മന്ത്രി തലയൂരി. എന്നാല്‍ വിവാദം അവിടെ തീര്‍ന്നിരുന്നില്ല. കെ എം ഷാജിക്ക് ആഡംബര കാര്‍ നല്കിയ വ്യവസായി യാക്കൂഹിന് വേണ്ടി സര്‍ക്കാര്‍ വഴിവിട്ട സഹായം ചെയ്തതായുള്ള സൂചനകള്‍ പുറത്തുവന്നു. കണ്ണൂര്‍ കാവുംപടി സി എച്ച് മുഹമ്മദ് സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കമ്മിറ്റിയിലേക്ക് യാക്കൂബ് ഉള്‍പ്പെടെ ഉള്‍പ്പെടുത്താന്‍ നീക്കം നടക്കുന്നതായായിരുന്നു പുറത്തുവന്ന വിവരം. വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന് നേരിട്ട് തലശ്ശേരി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. മന്ത്രിയുടെ നടപടിയില്‍ ലീഗ് പ്രദേശിക നേതൃത്വത്തിനിടയില്‍ അതൃപ്തിക്ക് കാരണമായിരുന്നു.
ഇതിനിടെ തന്നെയായിരുന്നു മന്ത്രിമാരുടെ സ്വകാര്യ വിദേശ യാത്രകളും വിവാദമായത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കായിക വകുപ്പ് മന്ത്രി ഒ ജെ ജനീഷ്, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരുടെ യാത്രയായിരുന്നു വിമര്‍ശനത്തിനിടയാക്കിയത്. രമേശ് ചെന്നിത്തല ഒരു സുഹൃത്തിന്റെ മകന്റെ വിവാഹത്തിന് അമേരിക്കയിലെ ചിക്കാഗോയിലായിരുന്നു പോയത്. ഒ ജെ ജനീഷ് ഒമാനിലാണ് പോയതെന്ന വിവരം വന്നുവെങ്കിലും എന്തിന് പോയി എന്നതില്‍ വ്യക്തതയില്ല. കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്‍ഗേറിയയായിരുന്നു സന്ദര്‍ശിച്ചത്. ഷാജിയുടെ സന്ദര്‍ശന യാത്രയും അവ്യക്തം. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി സി വിഷ്ണുനാഥും വിദേശയാത്ര നടത്തിയെങ്കിലും ഔദ്യോഗികമെന്നായിരുന്നു വിശദീകരണം. ഫിഷറീസ് വകുപ്പ് മന്ത്രി വി ഇ അബ്ദുല്‍ ഗഫൂറിന്റെയും ഡെപ്യൂട്ടി സ്പീക്കര്‍ ഷാനിമോള്‍ ഉസ്മാന്റെയും വിദേശയാത്രകളും വിവാദത്തിലായിട്ടുണ്ട്. അബ്ദുല്‍ ഗഫൂര്‍ അബുദാബിയില്‍ ഒരു വിവാഹ റിസപ്ഷനില്‍ പങ്കെടുക്കുന്നതിനായിരുന്നു പോയത്. ഷാനിമോളാകട്ടെ ബഹ്റൈനില്‍ നടന്ന ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാനും. ഇതോടൊപ്പം കോണ്‍ഗ്രസ്, ലീഗ് സംഘടനകളുടെ പരിപാടികളിലും ഷാനിമോള്‍ പങ്കെടുത്തിരുന്നു.
Content Highlights- K T Jaleel criticized the Satheesan government over its governance and referred to the controversy surrounding the Chief Minister’s chartered flight journey.