ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; നിയന്ത്രണം വെെകിട്ട് 6.45നും രാത്രി 12.35നും ഇടയില്‍

സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ നില്‍ക്കുമ്പോഴും വൈദ്യുതി ആവശ്യകതയില്‍ കാര്യമായ കുറവ് വന്നിട്ടില്ലെന്ന് കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകുന്നേരം 6.45നും രാത്രി 12.35നും ഇടയില്‍ വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നും കെഎസ്ഇബി അറിയിച്ചു. എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതും മൂലം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം ഉയര്‍ന്ന നിലയില്‍ തന്നെ തുടരുകയാണെന്നും മുന്‍കാലങ്ങളിലെ സെപ്തംബര്‍ മാസത്തെ ഡിമാന്‍ഡില്‍ നിന്നും ഏകദേശം 1200 മെഗാവാട്ട് വരെ കൂടിയിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കി.

സംസ്ഥാനത്ത് മഴയുടെ സാഹചര്യം നിലവില്‍ നില്‍ക്കുമ്പോഴും വൈദ്യുതി ആവശ്യകതയില്‍ കാര്യമായ കുറവ് വന്നിട്ടില്ല. ഇന്ന് ഏകദേശം 600 മുതല്‍ 800 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ ദീര്‍ഘകാല കരാര്‍ വഴി ലഭ്യമാകേണ്ടിയിരുന്ന 270 MW വൈദ്യുതിയും, മധ്യപ്രദേശില്‍ നിന്നും സ്വാപ്പ് പ്രകാരം ലഭ്യമായിരുന്ന 200 മെഗാവാട്ട് വൈദ്യുതിയും ഇന്ന് ലഭ്യമല്ല. എന്നാല്‍ നിരന്തരവും ഊര്‍ജ്ജിതവുമായ ശ്രമത്തെത്തുടര്‍ന്ന് GRIDCO നിന്നും 50 MW വൈദ്യുതി ഇന്ന് അധികമായി തരപ്പെടുത്താന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട് എന്നും കെഎസ്ഇബി വ്യക്തമാക്കി.

ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണ്ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നു. 5000 മെഗാവാട്ട് വരെ ഓള്‍ ഇന്ത്യ ഡിമാന്‍ഡ് കൂടാനും 5000 മെഗാവാട്ട് വരെ വിന്‍ഡ് ജനറേഷന്‍ കുറയാനും സാധ്യത ഉണ്ട് എന്ന് ഗ്രിഡ് ഇന്ത്യ കഴിഞ്ഞ ദിവസങ്ങളില്‍ അറിയിച്ചിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ പീക്ക് സമയങ്ങളില്‍ ഗ്രിഡ് ഫ്രീക്വന്‍സി ക്രമാതീതമായി കുറയുകയുണ്ടായി എന്നും കെഎസ്ഇബി അറിയിച്ചു.

Content Highlights: Kerala may witness partial power restrictions today as the Kerala State Electricity Board monitors the gap between electricity demand and supply availability during peak hours.

To advertise here,contact us