CMRL-എക്‌സാലോജിക് സാമ്പത്തിക ഇടപാടിലെ ഇ ഡി കത്ത്; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ആഭ്യന്തരമന്ത്രി

ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കത്തില്‍ കേസെടുക്കുന്നതില്‍ തീരുമാനം ഇന്നുണ്ടായേക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കൂടിക്കാഴ്ച നടത്തി. സെക്രട്ടേറിയറ്റ് ഓഫീസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. കൂടിക്കാഴ്ചയില്‍ പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട്, ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും പിന്നെ പറയാം എന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്. ഇ ഡിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം നടത്താമെന്നായിരുന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. അന്വേഷണ ഉത്തരവ് ഇന്നോ നാളെയോ പുറത്തിറക്കിയേക്കുമെന്നാണ് വിവരം. പ്രാഥമിക അന്വേഷണമാകും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയെന്നും സൂചനയുണ്ട്.

സെപ്റ്റംബര്‍ എട്ടാം തീയതിയായിരുന്നു സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു. ഇടപാടുകള്‍ക്കായി എക്‌സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. ഡിജിപി കത്ത് ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയുമായിരുന്നു.

അതേസമയം ഇ ഡി നീക്കത്തില്‍ ലഘുലേഖ ഇറക്കി ജനങ്ങളോട് വിശദീകരിക്കാനാണ് സിപിഐഎം തീരുമാനം. ഇ ഡി സിപിഐഎമ്മിനെതിരെ വേട്ടയ്ക്ക് ഇറങ്ങിയിരിക്കുകയാണെന്നാണ് ലഘുലേഖയില്‍ പറയുന്നത്. സിഎംആര്‍എല്‍ കമ്പനിയും ആദായ നികുതി വകുപ്പും തമ്മിലുള്ള തര്‍ക്കത്തിലാണ് തുടക്കം. മുന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചേര്‍ത്ത് വ്യാജ പ്രചാരണം ഉണ്ടാക്കി. ടി വീണയ്ക്ക് എതിരായ നീക്കത്തിന് പിന്നില്‍ പിണറായി വിജയന്റെ മകള്‍ എന്ന ഒറ്റക്കാരണമാണെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്. ദേശാഭിമാനി പത്രത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ലഘുലേഖയുടെ ചില ഭാഗങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Content Highlights- Kerala Home Minister Ramesh Chennithala said the government is examining the legal opinion on the Enforcement Directorate’s letter concerning the CMRL Exalogic financial transactions.Kerala Home Minister Ramesh Chennithala said the government is examining the legal opinion on the Enforcement Directorate’s letter concerning the CMRL Exalogic financial transactions.

To advertise here,contact us