ED കത്തിലെ അന്വേഷണം: കേസില്‍ കഴമ്പില്ല, സര്‍ക്കാരിന് ലഭിച്ചത് രാഷ്ട്രീയോപദേശമെന്ന് എം വി ജയരാജന്‍

അടുത്ത ഗൂഢാലോചനയില്‍ ആയിരിക്കും എഫ്‌ഐആര്‍ ഇടാനുള്ള നീക്കം. ഈ ഗൂഢനീക്കത്തെ പ്രതിരോധിക്കണം എന്നും എം വി ജയരാജന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്‌ കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ ആഭ്യന്തര വകുപ്പ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍. കേസില്‍ കഴമ്പില്ലെന്ന് ഇ ഡിക്ക് തന്നെ അറിയാമെന്നും മതിയായ തെളിവ് ഉണ്ടായിരുന്നെങ്കില്‍ ഇ ഡിക്ക് തന്നെ കേസ് എടുക്കാമായിരുന്നില്ലേയെന്നും എം വി ജയരാജന്‍ ചോദിച്ചു.

സര്‍ക്കാരിന് ലഭിച്ചത് നിയമോപദേശം അല്ല. രാഷ്ട്രീയോപദേശം ആണ്. കൈക്കൂലി വാങ്ങിയെന്ന് സമ്മതിച്ച ആളല്ല രമേശ് ചെന്നിത്തല. കേസുമായി മുന്നോട്ട് പോകുന്നത് ആത്മഹത്യാപരമാണ്. കള്ളക്കേസ് എടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിക്കണം എന്നും എം വി ജയരാജന്‍ പറഞ്ഞു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടിയാലോചന നടത്തിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അടുത്ത ഗൂഢാലോചനയില്‍ ആയിരിക്കും എഫ്‌ഐആര്‍ ഇടാനുള്ള നീക്കം. ഈ ഗൂഢനീക്കത്തെ പ്രതിരോധിക്കണം എന്നും എം വി ജയരാജന്‍ പറഞ്ഞു.

കേസില്‍ ഇ ഡി കത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ ആഭ്യന്തര വകുപ്പാണ് ഡിജിപിക്ക് നിര്‍ദേശം നല്‍കിയത്. ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്നായിരുന്നു ആഭ്യന്തര വകുപ്പ് നിര്‍ദേശം. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം ഡിജിപിക്ക് ആയിരിക്കും. ഏത് ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് തീരുമാനിക്കാം. ഇ ഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിന്മേലാകും അന്വേഷണം. എന്നാല്‍ നടക്കുന്നത് പ്രാഥമിക അന്വേഷണമായിരിക്കും എന്നാണ് വിവരം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇഡിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ തെളിവുണ്ടോ എന്നതാകും എസ്ഐടി അന്വേഷിക്കുക.

Content Highlights: M V Jayarajan criticised the Home Department’s decision to order an inquiry based on the ED letter in the CMRL-Exalogic case

To advertise here,contact us