സിഎംആര്‍എല്‍-എക്സാലോജിക് കേസ്: ED കത്തിൽ അന്വേഷണത്തിന് നിര്‍ദേശം നല്‍കി സര്‍ക്കാര്‍

ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ നടപടി. അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം ഡിജിപിക്ക് ആയിരിക്കും. ഏത് ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് തീരുമാനിക്കാം. ഇ ഡി കത്തിലെ വിവരങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദേശമുള്ളത്.

ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിന്മേലാകും അന്വേഷണം. എന്നാല്‍ നടക്കുന്നത് പ്രാഥമിക അന്വേഷണമായിരിക്കും എന്നാണ് വിവരം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇഡിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ തെളിവുണ്ടോ എന്നതാകും എസ്‌ഐടി അന്വേഷിക്കുക. സിപിഐഎമ്മില്‍ നിന്നുണ്ടാകാവുന്ന രാഷ്ട്രീയ പ്രതിരോധത്തെ കൂടി പരിഗണിച്ചാണ് ഇതെന്നാണ് നിഗമനം. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

സെപ്റ്റംബര്‍ എട്ടാം തീയതിയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു.

ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. ഡിജിപി കത്ത് ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയുമായിരുന്നു.

അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാതെ അന്വേഷണം നടത്തണമെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി അസഫലി നല്‍കിയ നിയമോപദേശത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കഴിയുന്ന തെളിവുകള്‍ ഇഡി നല്‍കിയ കത്തില്‍ ഉണ്ടെന്നായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. ഇതിന് പിന്നാലെ വിഷത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു.

Content Highlights: The Home Department has taken action on the Enforcement Directorate’s letter seeking registration of a case in the CMRL-Exalogic financial transaction matter. The department has directed the Director General of Police (DGP) to conduct an investigation into the issues raised in the letter.

To advertise here,contact us