അരുവിക്കര ഡാമിൽ വന്‍ മണലൂറ്റ്, കുടിവെള്ളത്തിൽ ചെളി കലർത്തി കരാര്‍ കമ്പനി; കണ്ണടച്ച് സർക്കാർ സംവിധാനങ്ങൾ

കുടിവെള്ള സംഭരണിയിലെ ചെളിയും മണലും നീക്കം ചെയ്ത ആഴം കൂട്ടാനുള്ള നടപടി ആരംഭിച്ചത് രണ്ട് വര്‍ഷം മുമ്പാണ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരവാസികളുടെ കുടിവെള്ള സ്രോതസായ അരുവിക്കര ഡാമില്‍ ചെളി മാറ്റുന്നതിന്റെ പേരില്‍ വന്‍ മണലൂറ്റ്. കരാര്‍ എടുത്ത കമ്പനിയാണ് അനധികൃത മണലൂറ്റ് നടത്തുന്നത്. കൂറ്റന്‍ ഡ്രഡ്ജറുകള്‍ ഉപയോഗിച്ചാണ് മണലൂറ്റ് നടത്തുന്നത്. നൂറു കണക്കിന് ലോഡ് മണലാണ് ഇവിടെ നിന്നും കടത്തുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. ഡാമില്‍ നിന്നുള്ള ചെളി പരിസരത്ത് നിക്ഷേപിക്കരുതെന്ന കരാര്‍ നിര്‍ദേശം മറികടന്ന് അരുവിക്കര ജലസംഭരണയിലെ കുടിവെള്ളത്തില്‍ കലര്‍ത്തുകയാണ് കമ്പനി ചെയ്യുന്നത്. പദ്ധതിയുടെ ടെന്‍ഡര്‍ രേഖകളടക്കം റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. ചെളി നീക്കി ആഴം കൂട്ടാനാണ് കമ്പനിക്ക് കരാര്‍ നല്‍കിയത്.

കുടിവെള്ള സംഭരണിയിലെ ചെളിയും മണലും നീക്കം ചെയ്ത് ആഴം കൂട്ടാനുള്ള നടപടി ആരംഭിച്ചത് രണ്ട് വര്‍ഷം മുമ്പാണ്. ആഴം കൂട്ടാനായി ഗുജറാത്ത് ആസ്ഥാനമായ കമ്പനിക്കാണ് കരാര്‍ നല്‍കിയത്. അവര്‍ അത് സബ് കോണ്‍ട്രാക്ട് നല്‍കി. എന്നാല്‍ ചെളി ഇവിടെ തന്നെ നിക്ഷേപിച്ച് മണല്‍ മാത്രമാണ് കടത്തുന്നത്. ചെളിയും ചെളിക്കൊപ്പം വരുന്ന മണലും ഗ്രാവലുമടക്കം പ്രദേശത്ത് നിന്നും നീക്കണമെന്നത് കരാറില്‍ വ്യക്തമാണ്. എന്നാല്‍ മണല്‍ മാത്രമെടുത്ത് കൊണ്ട് ബാക്കി വരുന്നതെല്ലാം ആറ്റിലേക്ക് തന്നെ നിക്ഷേപിക്കുകയാണ്. പ്രദേശത്തെ എട്ടു പോക്കറ്റുകളില്‍ നിന്ന് ചെളിയും മണലും നീക്കം ചെയ്യാനുണ്ട്. വലിയ കൊള്ളയാണ് ഈ പദ്ധതിയുടെ പേരില്‍ നടക്കുന്നതെന്ന ആരോപണമാണ് പ്രദേശവാസികളും ഉന്നയിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ രാവിലെ 10 മുതല്‍ വൈകിട്ട് ആറുവരെ നിര്‍ത്തിവയ്ക്കണമെന്ന ഒരാവശ്യവും പ്രദേശവാസികള്‍ ഉന്നയിക്കുന്നുണ്ട്.

കഴിഞ്ഞ വേനല്‍ക്കാലത്തുൾപ്പടെ അരുവിക്കര ഡാമില്‍ വെള്ളം കുറവായിരുന്നു. കുറച്ച് കാലങ്ങളായി തുടരുന്ന ഈ അവസ്ഥ ഒഴിവാക്കാനാണ് പദ്ധതി ആരംഭിച്ചത്. സാധാരണഗതിയില്‍ പല രാസപ്രവര്‍ത്തനങ്ങളില്‍ കൂടിയുമാണ് കുടിവെള്ളം ശുദ്ധീകരിക്കുന്നത്. നിലവില്‍ ചെളി കടത്തിവിടുന്നതിനാല്‍ പത്ത് മടങ്ങോളം രാസവസ്തുക്കള്‍ ചേര്‍ത്താലും ശുദ്ധീകരിക്കപ്പെടാത്ത നിലയിലേക്ക് വെള്ളം മലിനമായ നിലയിലാണ്. എന്നാല്‍ ഇക്കാര്യത്തില്‍ കേരള വാട്ടര്‍ അതോറിറ്റിയോ സര്‍ക്കാര്‍ അധികൃതരോ ഇടപെടാന്‍ തയ്യാറായിട്ടില്ല. നൂറു കണക്കിന് ലോഡുകളായാണ് ലോറികളില്‍ മണല്‍ കടത്തുന്നത്. പ്രദേശത്തെ റോഡുകള്‍ അടക്കം തകര്‍ന്ന നിലയിലാണ്.

Content Highlights: Allegations of large scale sand mining at Aruvikkara Dam have raised concerns over the quality of drinking water after mud reportedly entered the water supply

To advertise here,contact us