'ഇത് റൈറ്റ് ടേണ്‍ ലോക കേരളസഭ നല്ല ആശയം, പണം അനുവദിച്ചത് നന്നായി ചെലവഴിക്കാന്‍': സണ്ണി ജോസഫ്

എന്നാല്‍ ലോക കേരള സഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

കണ്ണൂര്‍: ലോക കേരളസഭയില്‍ പണം അനുവദിച്ചത് നന്നായി ചെലവഴിക്കാനാണെന്ന് മന്ത്രി സണ്ണി ജോസഫ്. വലിയ ധൂര്‍ത്തും കൊട്ടിഘോഷങ്ങളും ഒരിക്കലും പ്രായോഗികമല്ലാത്ത പ്രഖ്യാപനങ്ങളും ഒഴിച്ചാല്‍ ലോക കേരളസഭ നല്ല ആശയമാണെന്നും മന്ത്രി പറഞ്ഞു. ലോക കേരള സഭയിൽ സര്‍ക്കാരിന്റേത് യൂ ടേണല്ല, മറിച്ച് റൈറ്റ് ടേണ്‍ ആണെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചു. ലോക കേരളസഭയുടെ പേരിനെയോ ആശയത്തെയോ അല്ല മറിച്ച് നടത്തിപ്പിന്റെ രീതിയെയാണ് വിമര്‍ശിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു. ലോക കേരള സഭ തുടരാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാല്‍ ഇതിന് വിരുദ്ധമായായിരുന്നു പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്. ലോക കേരള സഭ തുടരില്ലെന്ന യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തില്‍ മാറ്റമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജിയുടെ ആഡംബര കാര്‍ ഉപയോഗത്തെ സണ്ണി ജോസഫ് പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്. സംഭവം വെറും പെറ്റി ഡിസ്പ്യൂട്ടാണ് (നിസാര തര്‍ക്കം) എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. കെ എം ഷാജി സര്‍ക്കാരിന്റെ പണം ലാഭിക്കുകയാണ് ചെയ്തത്. സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ മറ്റൊന്നും ഇല്ലാത്തതുകൊണ്ടാണ് ഇത്തരം വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. സൗജന്യവും സൗകര്യവും രണ്ടും രണ്ടാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. തുടർന്ന് സംസ്ഥാന മന്ത്രിമാരുടെ വിദേശയാത്രയെ കുറിച്ചും സണ്ണി ജോസഫ് പ്രതികരിച്ചു. ഗള്‍ഫിലേക്കുള്ളത് വലിയ ചെലവുള്ള യാത്രയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ആരും സര്‍ക്കാരിന്റെ പണം ഉപയോഗിച്ചല്ല യാത്ര ചെയ്യുന്നതെന്നും മന്ത്രി വിശദീകരിച്ചു.

അതേസമയം ലോക കേരള സഭയുടെ ആറാമത് എഡിഷനായി പുതിയ സര്‍ക്കാര്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്. ലോക കേരളസഭ സെക്രട്ടേറിയേറ്റിന്റെ നിലവിലുള്ള ഓഫീസിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ചെലവുകള്‍, നോര്‍ക്ക വഴി നടത്തുന്ന ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെയുള്ള അത്യാവശ്യ പരിപാടികള്‍ക്ക് മാത്രമാണ് തുക അനുവദിച്ചതെന്നാണ് വിശദീകരണം. പ്രവാസി ക്ഷേമ പദ്ധതികള്‍ക്ക് പ്രഥമ പരിഗണ നല്‍കുന്നതിനാല്‍, പ്രവാസി ക്ഷേമ നിര്‍ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടിയാണ് തുക നീക്കിവച്ചിരിക്കുന്നതെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്.

Content Highlights: Congress MLA Sunny Joseph described the Loka Kerala Sabha as a good initiative and said the funds allocated for it should be spent properly

To advertise here,contact us