കോഴിക്കോട്: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന നിലപാട് ആവര്ത്തിക്കുന്നുമെന്ന് മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 20 ന് മലയാള മനോര ദിനപത്രം പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്കെതിരെ നോട്ടീസ് അയച്ച് ഒരു മാസം കഴിഞ്ഞിട്ടും വിശദീകരണ മറുപടി ലഭിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് മുഹമ്മദ് റിയാസ് നിലപാട് ആവര്‍ത്തിക്കുന്നത്. തന്റെ ഫോട്ടോ ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ച്, പച്ച കള്ളം വാര്‍ത്തയായി പ്രചരിപ്പിക്കുന്നതിനെ എന്ത് മാധ്യമപ്രവര്‍ത്തനമെന്നാണ് വിളിക്കേണ്ടതെന്നും എംഎല്‍എ ചോദിക്കുന്നു.
'ആഗസ്റ്റ് 20ലെ മലയാള മനോരമ ദിനപത്രത്തിന്റെ ഫ്രണ്ട് പേജില്‍ സിഎംആര്‍എലില്‍ നിന്ന് വീണയ്ക്ക് സേവനത്തിന് ലഭിച്ച പണം എന്റെ അക്കൗണ്ട് വഴി പലരുടെയും അക്കൗണ്ടുകളിലേക്ക് കൈമാറ്റം ചെയ്തുവെന്നും ഇതുമായി ബന്ധപ്പെട്ട് ഇഡി രണ്ട് തവണ എന്നോട് ഫോണില്‍ വിശദീകരണം ചോദിച്ചുവെന്നും എന്റെ ഫോട്ടോ സഹിതം വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഈ കള്ളവാര്‍ത്തയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണ്. തുടര്‍ന്ന്, അഡ്വക്കേറ്റ് മുനീര്‍ അഹമ്മദ് മുഖേന 2026 ആഗസ്റ്റ് 22-ന് തന്നെ മലയാള മനോരമയ്ക്ക് നിയമനോട്ടീസ് അയച്ചിരുന്നു.പിന്നീട്, മലയാളമനോരമയുടെ ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് നോട്ടീസ് ലഭിച്ചതിന്റെ രസീതും ലഭിച്ചിട്ടുണ്ട്. കള്ള വാര്‍ത്തയുമായി ബന്ധപ്പെട്ട് മനോരമയുടെ വിശദീകരണം മറുപടിയായി മാസം ഒന്ന് കഴിഞ്ഞിട്ടും ലഭിച്ചിട്ടില്ല. എന്റെ ഫോട്ടോ ഫ്രണ്ട് പേജില്‍ പ്രസിദ്ധീകരിച്ച്, പച്ച കള്ളം വാര്‍ത്തയായി പ്രചരിപ്പിക്കുന്നതിനെ എന്ത് മാധ്യമപ്രവര്‍ത്തനമെന്നാണ് വിളിക്കേണ്ടത്? വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് വ്യക്തിഹത്യ നടത്താനുള്ള ശ്രമങ്ങളെ നിയമപരമായി നേരിടുമെന്ന നിലപാട് ആവര്‍ത്തിക്കുന്നു', റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
'വരവില്‍ കവിഞ്ഞ സ്വത്ത് കൈവശം വെച്ചതിന് റിയാസിന്റെ പേരില്‍ 13(1)(ബി) വകുപ്പ് ബാധകമാകും' എന്ന മാതൃഭൂമി വാര്‍ത്തയ്ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് റിയാസ് അറിയിച്ചിരുന്നു.
Content Highlights: Former Minister P A Mohammed Riyas reiterated his stand that legal action will be pursued against attempts to spread fake news and carry out character attacks