തിരുവനന്തപുരം: മന്ത്രിമാരുടെ വിദേശ യാത്ര വിവാദമായതില്‍ പ്രതികരിച്ച് മന്ത്രി ഒ ജെ ജനീഷ്. യാത്രകള്‍ വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ഒ ജെ ജനീഷ് പറഞ്ഞത്. പ്രതിപക്ഷം പോയതുപോലെയല്ല തങ്ങള്‍ പോയത്. മന്ത്രിമാര്‍ക്ക് സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേയെന്ന് ജനീഷ് ചോദിച്ചു. ഇത് ഏത് കാലമാണ്?. തന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. തന്റെ യാത്ര സര്‍ക്കാര്‍ ചെലവിലായിരുന്നില്ലെന്നും മന്ത്രി പറഞ്ഞു.
'മന്ത്രിമാര്‍ക്ക് ആര്‍ക്കും സ്വകാര്യ നിമിഷങ്ങള്‍ പാടില്ലേ?. ഇത് ഏത് കാലമാണ്. തുടര്‍ച്ചയായ ജോലികള്‍ക്കിടയില്‍ ആരാണെങ്കിലും ചെറിയ ബ്രേക്ക് എടുക്കണം. എന്റെ വയസ് 37 ആണ്. തന്ത വൈബ് പിടിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചെറിയ യാത്രയൊക്കെ നടത്തും. സര്‍ക്കാരിനെ ബുദ്ധിമുട്ടിക്കാതെയും ചുമതലകളില്‍ വീഴ്ച വരുത്താതെയും പൗരന്റെ നികുതിപ്പണം നഷ്ടപ്പെടാതെയും ഇടയ്ക്കൊക്കെ യാത്ര പോയെന്നിരിക്കും', എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രി ഒ ജെ ജനീഷ് അടക്കമുള്ള സതീശന് മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദേശയാത്ര വിവാദമായിരുന്നു.
അധികാരത്തിലെത്തി മാസങ്ങള്‍ മാത്രം പിന്നിടുമ്പോഴാണ് സതീശന് സര്‍ക്കാര്‍ മന്ത്രിസഭയിലെ മന്ത്രിമാരുടെ വിദേശയാത്ര. ഒ ജെ ജനീഷിന് പുറമേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, തദ്ദേശ വകുപ്പ് മന്ത്രി കെ എം ഷാജി എന്നിവരായിരുന്നു വിദേശ സന്ദർശനം നടത്തിയത്. മൂന്ന് പേരുടെയും സ്വകാര്യ സന്ദര്‍ശനമായിരുന്നു. ജനീഷ് ഒമാനും രമേശ് ചെന്നിത്തല അമേരിക്കയിലെ ഷിക്കാഗോയും കെ എം ഷാജി യൂറോപ്യന്‍ രാജ്യമായ ബള്ഗേറിയയുമായിരുന്നു സന്ദര്‍ശിച്ചത്. സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മന്ത്രി പി സി വിഷ്ണുനാഥും വിദേശ യാത്ര നടത്തിയെങ്കിലും ഔദ്യോഗിക യാത്രകളാണെന്നായിരുന്നു വിശദീകരണം.
ഭരണം മാറി പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമുള്ള ആറ് മാസം ക്രൂഷ്യല്‍ പീരിയഡായാണ് വിലയിരുത്തുന്നത്. പെന്‍ഡിങ്ങിലുള്ള പലകാര്യങ്ങളും പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഫയലുകളില്‍ നീക്കുപോക്കുകള്‍ അനിവാര്യമാണ്. വകുപ്പുകളില്‍ നിര്‍ണായകമായ പല തീരുമാനങ്ങളുമെടുക്കുമ്പോള്‍ വകുപ്പുമന്ത്രിമാര്‍ സ്ഥലത്തില്ലാത്തത് ഉദ്യോഗസ്ഥര്‍ക്കിടയിലും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുണ്ട്. കുറഞ്ഞുപക്ഷം ക്രൂഷ്യല്‍ പീരിയഡ് കഴിയുന്നതുവരെയെങ്കിലും മന്ത്രിമാര്‍ സ്ഥലത്തുണ്ടാകണമെന്നാണ് ഉയരുന്ന ആവശ്യം.
Content Highlights- Kerala minister O J Janish responded to the controversy surrounding a foreign trip, saying ministers should also have private moments and personal lives. He said he did not intend to adopt a “thanta vibe” approach while addressing the criticism.