മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നിൽ ബിനാമിയെന്ന് സംശയം: എം വിജിൻ എംഎൽഎ

കര്‍ണാടകയിലെ സ്‌പോണ്‍സർമാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് ചോദിച്ചാണ് എം വിജിന്‍ രംഗത്തെത്തിയത്

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് ഫ്ലൈറ്റ് യാത്രയ്ക്ക് പിന്നില്‍ ബിനാമിയെന്ന് സംശയമുണ്ടെന്ന് എം വിജിന്‍ എംഎല്‍എ. മുമ്പ് മംഗളുരുവില്‍ പോയ ഫ്ലൈറ്റ് ചെലവ് ആരാണ് വഹിച്ചതെന്ന് പറഞ്ഞിട്ടില്ലെന്നും ഇപ്പോള്‍ വീണ്ടും ചാര്‍ട്ടേഡ് ഫ്ലൈറ്റ് ഉപയോഗിക്കുന്നുവെന്നും വിജിന്‍ ചൂണ്ടിക്കാട്ടി. കര്‍ണാടകയിലെ സ്‌പോണ്‍സർമാരുമായുള്ള മുഖ്യമന്ത്രിയുടെ ബന്ധം എന്താണെന്ന് ചോദിച്ചാണ് എം വിജിന്‍ രംഗത്തെത്തിയത്.

മുഖ്യമന്ത്രി ദുരന്ത മുഖത്തേക്ക് പോകുമ്പോള്‍ സര്‍ക്കാര്‍ ചെലവിലാണ് പോകേണ്ടതെന്നും ഇതില്‍ ഗൗരവമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിമാരുടെ വിദേശയാത്രക്ക് സ്‌പോണ്‍സര്‍മാര്‍ നിരന്ന് നില്‍ക്കുകയാണെന്നും വിജിന്‍ പറഞ്ഞു. കോടികള്‍ സമ്മാനിക്കുന്ന സൗഹൃദമാണ് മന്ത്രിമാരുടെ യാത്രകള്‍ക്ക് പിന്നിലെന്നും തദ്ദേശ മന്ത്രിക്ക് നാല് കോടിയുടെ കാറുമായി സ്‌പോണ്‍സര്‍ വന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയുടെ മലപ്പുറം യാത്രയ്ക്ക് ഉപയോ​ഗിച്ച ചാർട്ടേഡ് ഫ്ലൈറ്റ് സർക്കാർ ചെലവിൽ അല്ലെന്നും ചാ‍ർട്ടേഡ് ഫ്ലൈറ്റിൻ്റെ ചെലവ് വഹിക്കുന്നത് സ്പോൺസർ ആണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പോൺസർ ആരെന്ന് കാര്യത്തിൽ വ്യക്തതയില്ല. മുഖ്യമന്ത്രിയുടെ ചാർട്ടേഡ് ഫ്ലൈറ്റ് യാത്ര നേരത്തെയും വിവാദമായിരുന്നു. സംസ്ഥാനത്തിന് ഒരുരൂപയുടെ പോലും അധിക ചെലവുണ്ടായിട്ടില്ലെന്നാണ് ഇതിൽ സർക്കാർ വൃത്തങ്ങളുടെ പ്രതികരണം. കരിപ്പൂരിലേക്കുള്ള യാത്രാ വിമാനങ്ങൾ ലഭ്യമല്ലാത്തതിനാലാണ് മുഖ്യമന്ത്രി ചാർട്ടേർഡ് വിമാനത്തെ ആശ്രയിച്ചതെന്നാണ് സിഎം ഓഫീസ് നൽകുന്ന വിശദീകരണം.

ബെംഗളൂരുവിൽ നിന്നെത്തിച്ച ചാർട്ടേഡ് വിമാനത്തിലായിരുന്നു മുഖ്യമന്ത്രി ഉച്ചയ്ക്ക് രണ്ടുമണിയോടെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടെയ്ക്ക് പോയത്. മലപ്പുറത്തുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലുമുണ്ടായ നാശനഷ്ടങ്ങളും അടിയന്തര സാഹചര്യങ്ങളും നേരിട്ട് വിലയിരുത്തുന്നതിനായാണ് മുഖ്യമന്ത്രി മലപ്പുറത്തേക്ക് തിരിച്ചത്. വി റ്റി-എവിഎസ് എന്ന കമ്പനിയുടേതാണ് തിരുവനന്തപുരത്തെത്തിയ ചാർട്ടേഡ് വിമാനം. കേരള പൊലീസ് വാടകയ്ക്ക് എടുത്ത ഹെലികോപ്റ്ററിന്റെ കരാർ കാലാവധി കഴിഞ്ഞിരുന്നു. അത് സർക്കാർ പുതുക്കാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ചാർട്ടേഡ് വിമാനം ക്രമീകരിച്ചത്.

Content Highlights:MLA M. Vijin suspects the involvement of a 'benami' behind the Chief Minister's chartered flight journey

To advertise here,contact us