'പെട്ടെന്നായിരുന്നു, വലിയ ശബ്ദത്തോടെ മലവെള്ളം വരുന്നത് കണ്ടു'; സമയോചിത ഇടപെടലിൽ രക്ഷിച്ചത് നിരവധി ജീവനുകൾ

വലിയ ശബ്ദത്തോടെ മലവെള്ളം വരുന്നത് കണ്ടെന്നും പിന്നാലെ ബൈക്ക് എടുത്ത് എല്ലാ പോയന്റിലും എത്തി ആളുകളെ വിവരമറിയിക്കുകയായിരുന്നെന്ന് ശ്രീരാജും ജ്യോതിഷും റിപ്പോര്‍ട്ടറിനോട്

മലപ്പുറം: പൂക്കോട്ടുപാലം കോട്ടപ്പുഴയിലെ വിനോദസഞ്ചാര കേന്ദ്രത്തിലുണ്ടായ അപ്രതീക്ഷിത മലവെള്ളപാച്ചില്‍ ആദ്യം അറിഞ്ഞത് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ ശ്രീരാജും ജ്യോതിഷും. വലിയ ശബ്ദത്തോടെ മലവെള്ളം വരുന്നത് കണ്ടെന്നും പിന്നാലെ ബൈക്ക് എടുത്ത് എല്ലാ പോയന്റിലും എത്തി ആളുകളെ വിവരമറിയിക്കുകയായിരുന്നെന്നും ശ്രീരാജും ജ്യോതിഷും റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വഴിതെറ്റി ഒറ്റപ്പെട്ട 26 പേരെ തിരിച്ചെത്തിച്ചതും ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ്. ശ്രീരാജിന്റെയും ജ്യോതിഷിന്റെയും ഇടപെടലില്‍ രക്ഷപ്പെട്ടത് നിരവധി ജീവനുകളാണ്.

ഇന്നലെ വൈകീട്ട് നിരവധി സന്ദര്‍ശകര്‍ ഉണ്ടായിരുന്ന സമയത്ത് മലവെള്ളം ഇരച്ചെത്തുകയായിരുന്നു. പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരുന്നത് ശ്രദ്ധയില്‍പെട്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മുന്നറിയിപ്പ് നല്‍കിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്.

അപകടത്തില്‍ അഞ്ച് പേര്‍ മരണപ്പെടുകയും പ്രദേശവാസിയായ ഒരു സ്ത്രീയെ കാണാതാവുകയും ചെയ്തിട്ടുണ്ട്. സ്ത്രീക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആറുപേരാണ് ഒഴുക്കില്‍ പെട്ടതെന്നായിരുന്നു പ്രാഥമിക വിവരം. എന്‍ഡിആര്‍എഫിന്റെ കൂടെ ആര്‍ആര്‍എഫിന്റെ 10 സംഘവും തിരച്ചിലിന്റെ ഭാഗമായിട്ടുണ്ട്. 36 പേരുടെ സംഘം രണ്ട് ബാച്ചായാണ് പുഴയിലിറങ്ങി തിരച്ചില്‍ നടത്തുന്നത്.

Content Highlight : kottappuzha flash flood forest officers sreeraj jyothish first to know

To advertise here,contact us