കോൺഗ്രസിൻ്റെ ദേശീയ നേതൃത്വം എതിർത്ത ലേബർ കോഡ് കേരളത്തിൽ നടപ്പിലാക്കുമെന്ന് വി ഡി സതീശൻ

നേരത്തെ പ്രതിപക്ഷ നേതാവായിക്കുമ്പോൾ പുതിയ ലേബർ കോഡുകളുമായി ബന്ധപ്പെട്ട് വി ഡി സതീശൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു

തിരുവനന്തപുരം: കോൺ​ഗ്രസ് ദേശീയ നേതൃത്വം പാർലമെൻ്റിന് അകത്തും പുറത്തും ശക്തമായി എതിർത്ത പുതിയ തൊഴിൽ നിയമങ്ങൾ കേരളത്തിൽ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്തി വി ‍ഡി സതീശൻ. ലേബർ കോഡ് നടപ്പിലാക്കിയില്ലെങ്കിൽ തൃശങ്കു സ്വർഗത്തിലാകുമെന്ന് ന്യായീകരിച്ചാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ലേബർ കോഡ് നടപ്പിലാക്കിയില്ലെങ്കിൽ തൊഴിലാളികൾക്ക് സംരക്ഷണം ഉണ്ടാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎൻ‍ടിയുസിയുടെ സംസ്ഥാന നേതൃയോ​ഗത്തിൽ സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം പ്രകടനം എന്നതും ശ്രദ്ധേയമാണ്.

ലേബർ കോഡ് നടപ്പിലാക്കുന്നതിന് ഐഎൻടിസിയുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. മറ്റ് തൊഴിലാളി സംഘടനകളും ആയും ചർച്ച നടത്തുമെന്നും എല്ലാവരുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് മുന്നോട്ടുപോകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. തൊഴിലാളി വിരുദ്ധ നിലപാട് സർക്കാർ ഒരു സ്ഥലത്തും സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാല് തൊഴിൽ കോഡുകളും സംസ്ഥാന സർക്കാർ നടപ്പാക്കില്ലെന്ന് കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത്‌ വിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രിയായിരുന്ന വി ശിവൻകുട്ടി വ്യക്തമാക്കിയിരുന്നു.

നേരത്തെ പ്രതിപക്ഷ നേതാവായിക്കുമ്പോൾ പുതിയ ലേബർ കോഡുകളുമായി ബന്ധപ്പെട്ട് വി ഡി സതീശൻ രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. തൊഴിൽ കോഡിന്റെ കാര്യത്തിൽ എൽഡിഎഫ് സർക്കാർ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണ് എന്നായിരുന്നു കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് വി ഡി സതീശൻ വിമർശനം ഉയർത്തിയത്. കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഇടതുമുന്നണിക്കുള്ളിൽ പോലും ചർച്ച ചെയ്തിട്ടില്ലെന്നും പ്രതിപക്ഷവുമായോ തൊഴിലാളി സംഘടനകളുമായോ ചർച്ച നടത്തിയിട്ടില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തിയിരുന്നു. മന്ത്രി കെ മുരളീധരനും പുതിയ തൊഴിൽ നിയമത്തെ നേരത്തെ ദേശവിരുദ്ധം എന്ന് വിശേഷിപ്പിച്ചിരുന്നു. ഒരു സംഘടന രൂപീകരിക്കുന്നതിന് അതിലെ കുറഞ്ഞത് 10 ശതമാനം തൊഴിലാളികൾ അംഗങ്ങളായിരിക്കണമെന്ന വ്യവസ്ഥയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

കേന്ദ്ര സർക്കാരിൻ്റെ നാല് ലേബർ കോഡുകൾ പാർലമെൻ്റിൽ കോൺ​ഗ്രസ് ശക്തമായി എതിർത്തിരുന്നു. കെ സി വേണു​ഗോപാൽ ഉൾപ്പെടെയുള്ള കോൺ​ഗ്രസ് എം പിമാർ സുതാര്യമായ പാർലമെൻ്ററി നടപടിക്രമങ്ങളിലൂടെ ലേബർ കോഡുമായി ബന്ധപ്പെട്ട കേന്ദ്ര സർക്കാർ നീക്കങ്ങൾ കടന്ന് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. പുതിയ തൊഴിൽ നിയമങ്ങളെ ‘കരിനിയമങ്ങൾ’ എന്നും കെ സി വേണു​ഗോപാൽ വിശേഷിപ്പിച്ചിരുന്നു. കോർപ്പറേറ്റ് മേഖലയിലെ വൻകിട മുതലാളിമാരുടെ സൗകര്യത്തിനായി നരേന്ദ്ര മോദി സർക്കാർ നിയമങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുകയാണെന്നും, രാജ്യത്തെ അധ്വാനിക്കുന്ന തൊഴിലാളികളുടെ അവകാശങ്ങൾ ഇതുവഴി ചവിട്ടിമെതിക്കപ്പെടുകയാണെന്നും കെ സി വേണു​ഗോപാൽ ആരോപിച്ചിരുന്നു. തൊഴിലാളികൾക്ക് അനുകൂലമായ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിനായി നിയമങ്ങൾ പാർലമെന്ററി പരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം തൊഴിലാളികൾക്ക് നേരിടേണ്ടി വന്ന ഏറ്റവും വലിയ തിരിച്ചടിയെന്നാണ് കോൺ​ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർ​ഗെ നേരത്തെ ലേബർ കോഡിനെ വിശേഷിപ്പിച്ചത്.

കേന്ദ്ര സർക്കാരിൻ്റെ നാല് തൊഴിൽ കോഡുകൾ 2025 നവംബർ 21 മുതലാണ് പ്രാബല്യത്തിൽ വന്നത്. വേതന കോഡ്, 2019; വ്യവസായ ബന്ധ കോഡ്, 2020; സാമൂഹിക സുരക്ഷാ കോഡ്, 2020; തൊഴിൽ സുരക്ഷ, ആരോഗ്യം, തൊഴിൽ സാഹചര്യങ്ങൾ സംബന്ധിച്ച കോഡ്, 2020 എന്നിവയാണ് പ്രാബല്യത്തിൽ വന്നത്. ഇതോടെ നിലവിലുണ്ടായിരുന്ന 29 തൊഴിൽ നിയമങ്ങളെ ഏകീകരിച്ചാണ് പുതിയ സംവിധാനം നിലവിൽ വന്നത്. കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ തൊഴിൽ കോഡുകളെ എതിർത്തുകൊണ്ട് വിവിധ ആശങ്കകൾ ഉന്നയിച്ചിരുന്നു.

Content Highlights: V D Satheesan said Kerala will implement the new labour code despite opposition to it from the Congress national leadership

To advertise here,contact us