ഇഎസ്എ വിജ്ഞാപനം: ജനവാസ മേഖലയെ സ്പര്‍ശിച്ചുള്ള തീരുമാനം വന്നാല്‍ കടുത്ത നിലപാടെടുക്കും;മന്ത്രി എ പി അനില്‍കുമാർ

ഏതെങ്കിലും രീതിയില്‍ ആ മാപ്പിനകത്ത് ബുദ്ധിമുട്ടുള്ള മേഖലയുണ്ടെങ്കില്‍ പരിഹരിക്കാന്‍ വേണ്ട നടപടി ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു

തിരുവനന്തപുരം: പശ്ചിഘട്ടത്തിലെ ജനവാസ പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ആശങ്കയും പ്രതിഷേധവും ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി മന്ത്രി എ പി അനില്‍കുമാര്‍ രംഗത്ത്. ആശങ്കയ്ക്ക് അടിസ്ഥാനം ഇല്ല എന്നുള്ളതാണ് സര്‍ക്കാര്‍ വിലയിരുത്തലെന്ന് മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു. നിലവിലുള്ള അതിര്‍ത്തിയുടെ മാപ്പ് നമുക്കുണ്ടെന്നും വിഷയത്തില്‍ ഇനിയും ഒരാഴ്ച കൂടി സമയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസമേഖലയെ പരിധിയില്‍ നിന്ന് ഒഴിവാക്കാനായി സിപിഐഎം അടക്കം സമരം കടുപ്പിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.

ഏതെങ്കിലും രീതിയില്‍ ആ മാപ്പിനകത്ത് ബുദ്ധിമുട്ടുള്ള മേഖലയുണ്ടെങ്കില്‍ പരിഹരിക്കാന്‍ വേണ്ട നടപടി ഉണ്ടാകും. ജനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കും. ജനവാസ മേഖലയെ സ്പര്‍ശിച്ചുള്ള ഒരു തീരുമാനവും വരില്ലെന്നാണ് മന്ത്രിയുടെ ഉറപ്പ്. മറിച്ച് എന്തെങ്കിലുമുണ്ടെങ്കില്‍ ശക്തമായ നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വനമേഖലയിലാണ് പരിധി വന്നിട്ടുള്ളത് എന്നാണ് മനസ്സിലാക്കുന്നത്. കേന്ദ്രസര്‍ക്കാരുമായി വിഷയത്തില്‍ ചര്‍ച്ച നടത്തും. കേന്ദ്രവും പോസിറ്റീവായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും സംസ്ഥാനത്തിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വിശദീകരിച്ചു.

വിഷയത്തില്‍ പ്രതികരണവുമായി കൃഷി വകുപ്പ് മന്ത്രി ടി സിദ്ധിഖും രംഗത്ത് വന്നു. ഇഎസ്എ വിജ്ഞാപനത്തില്‍ കര്‍ഷകരുടെ ആശങ്ക പരിഹരിക്കുന്നതിന് ശ്രമിക്കുമെന്നും സമയപരിധിക്കകം മറുപടി നല്‍കുമെന്നുമാണ് മന്ത്രി പറഞ്ഞത്. സെപ്റ്റംബര്‍ 24 വരെ സമയം ഉണ്ട്. കുടിയാലോചനകള്‍ നടക്കുന്നെന്നും മുഖ്യമന്ത്രി ഏകോപനം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ആശങ്കയുണ്ടാക്കുന്ന സാഹചര്യം നിലവിലുണ്ടെന്ന് പറഞ്ഞ അദ്ദേഹം അത് പരിഹരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. മനുഷ്യ വന്യജീവി സംഘര്‍ഷ ലഘൂകരണ കോണ്‍ക്ലേവ് അടുത്ത ചൊവ്വാഴ്ച നടക്കും. കൃഷി വകുപ്പിന്റെ അഭിമുഖ്യത്തിലാണ് കോണ്‍ക്ലേവ്. വിവിധ സ്ഥാപനങ്ങള്‍ പങ്കാളികളാകുമെന്നും കര്‍ഷകരും സ്ഥാപനങ്ങളും ഒരുമിച്ച് ചര്‍ച്ച ചെയ്യുമെന്നും ടി സിദ്ധിഖ് വ്യക്തമാക്കി.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയത്തിന്റെ ഏഴാമത് കരട് വിജ്ഞാപനത്തില്‍ കേരളത്തിലെ 131 വില്ലേജുകളെ പരിസ്ഥിതി ലോല പ്രദേശങ്ങളായി ഉള്‍പ്പെടുത്തിയതോടെയാണ് മലയോര മേഖലയില്‍ ആശങ്ക ശക്തമായത്. ആകെ 9,993.7 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് പട്ടികയിലുള്ളത്. ഇതില്‍ 9,107 ചതുരശ്ര കിലോമീറ്റര്‍ വനഭൂമിയും 886.7 ചതുരശ്ര കിലോമീറ്റര്‍ വനേതര ഭൂമിയുമാണ്. വിജ്ഞാപനം പ്രാപല്യത്തില്‍ വന്നാല്‍ ഈ ഭൂമിയില്‍ കൃഷി, ഭൂമി വില്‍പ്പന, ബാങ്ക് വായ്പ, ഭൂമിതരംമാറ്റം, വീടുകളും മറ്റ് കെട്ടിടങ്ങളും നിര്‍മിക്കല്‍, റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ വരുമെന്ന ആശങ്കയുണ്ട്. മണല്‍-പാറ ഖനനവും ക്വാറി പ്രവര്‍ത്തനങ്ങളും പൂര്‍ണമായി നിരോധിക്കുകയും നിലവിലുള്ളവ അഞ്ച് വര്‍ഷത്തിനകം നിര്‍ത്തുകയും ചെയ്യും. റെഡ് കാറ്റഗറി വ്യവസായങ്ങള്‍ക്കും പുതിയ താപവൈദ്യുത നിലയങ്ങള്‍ക്കും നിരോധനമുണ്ടാകും. ജലവൈദ്യുത പദ്ധതികള്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും. 20,000 ചതുരശ്ര മീറ്ററോ അതിലധികമോ വിസ്തീര്‍ണമുള്ള വലിയ കെട്ടിടങ്ങള്‍ക്കും 50 ഹെക്ടറോ അതിലധികമോ വരുന്ന റിയല്‍ എസ്റ്റേറ്റ്, ടൗണ്‍ഷിപ്പ് പദ്ധതികള്‍ക്കും നിയന്ത്രണമുണ്ടാകും.

സംരക്ഷിത മേഖലയുടെ പരിധി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. 131 വില്ലേജുകളില്‍ നിന്ന് 33 എണ്ണം ഒഴിവാക്കി, ഇഎസ്എ വിസ്തൃതി 8,590 ചതുരശ്ര കിലോമീറ്ററായി ചുരുക്കണമെന്നും ജനവാസ മേഖലകളും കൃഷിഭൂമികളും തോട്ടങ്ങളും ഒഴിവാക്കി വനപ്രദേശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇടുക്കിയില്‍ മാത്രം 51 വില്ലേജുകള്‍ ഉള്‍പ്പെട്ടതിനെതിരെ ഇന്ന് 52 പഞ്ചായത്തുകളിലും ഉച്ചയ്ക്ക് രണ്ടിന് അടിയന്തര സ്‌പെഷ്യല്‍ ഗ്രാമസഭകള്‍ ചേരും. 98 വില്ലേജുകളിലെ 8,590.69 ചതുരശ്ര കിലോമീറ്റര്‍ വനമേഖല മാത്രം ഇഎസ്എയായി പരിഗണിക്കുക, ഡിജിറ്റല്‍ അതിര്‍ത്തി നിര്‍ണയവും ജനാഭിപ്രായവും ഉള്‍പ്പെടുത്തുക, ജനവാസ മേഖലകളില്‍ നിയന്ത്രണങ്ങള്‍ ബാധകമാക്കാതിരിക്കുക, കര്‍ഷകരുടെ ഉപജീവനത്തിനും റോഡ്, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യ വികസനത്തിനും തടസ്സമുണ്ടാക്കാതിരിക്കുക, ഏഴാമത് കരട് വിജ്ഞാപനം പുനഃപരിശോധിക്കുക എന്നിവയാണ് ഗ്രാമസഭകളിലെ പ്രമേയത്തിലെ പ്രധാന ആവശ്യങ്ങള്‍.

Content Highlights: Amid concerns and protests over the proposed inclusion of inhabited areas in the Western Ghats eco-sensitive zone, Minister A P Anil Kumar said the government believes there is no basis for the concerns. He said the existing boundary map is available and that another week remains to address the matter. The minister's response comes as protests intensify over excluding inhabited areas from the proposed zone.

To advertise here,contact us