‘പൊതുവിദ്യാഭ്യാസത്തെ പതിറ്റാണ്ടുകൾ പിന്നോട്ട് വലിക്കും’; സബ്ജക്ട് മിനിമം ഒഴിവാക്കിയതിൽ വിമർശനവുമായി ശിവൻകുട്ടി

എഴുതാനും വായിക്കാനും അറിയാത്തവര്‍ പോലും എ പ്ലസ് നേടുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്

തിരുവനന്തപുരം: ഹൈസ്‌ക്കൂള്‍ ക്ലാസുകളില്‍ നടപ്പിലാക്കിയിരുന്ന സബ്ജക്ട് മിനിമം മാര്‍ക്ക് ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവിനെ വിമര്‍ശിച്ച് വി ശിവന്‍കുട്ടി. പുതിയ നയം പൊതു വിദ്യാഭ്യാസത്തെ പിന്നോട്ട് വലിക്കുന്ന തീരുമാനമാണെന്നും ജനവിരുദ്ധവും അക്കാദമിക്ക് വഞ്ചനയും ആണ് സര്‍ക്കാര്‍ കാട്ടിയതെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. പുതിയ നയം വരുന്നതോടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പുരോഗതിയെ പതിറ്റാണ്ടുകള്‍ പിന്നോട്ട് വലിക്കുമെന്നും നിലവിലെ സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദുരൂഹത ഉണ്ടെന്നും ആരോപിച്ചു.

എഴുതാനും വായിക്കാനും അറിയാത്തവര്‍ പോലും എ പ്ലസ് നേടുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 30 ശതമാനം സബ്ജക്ട് മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ പഠന നിലവാരം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കിയത്. വിദ്യാര്‍ത്ഥികളെ കൈപിടിച്ച് കൊണ്ടുവരികയായിരുന്നു ലക്ഷ്യമെന്നും അധ്യാപകരും വിദ്യാര്‍ത്ഥികളും പൊതുസമൂഹവും ഇതിനെ ഒന്നാകെ സ്വാഗതം ചെയ്തിരുന്നുവെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

പുതിയ നയം വരുന്നതോടെ അഞ്ച് മാര്‍ക്ക് വാങ്ങിയാലും ജയിക്കാമെന്ന അപകടകരമായ അവസ്ഥയിലേക്ക് കുട്ടികളെ തള്ളി വിടുന്നുവെന്നും ശിവന്‍കുട്ടി ആരോപിച്ചു. 'ഇതോടെ പ്രത്യേക പഠന പിന്തുണയും ഇല്ലാതാകും. ദേശീയ വിദ്യാഭ്യാസത്തിന് കീഴടങ്ങുന്ന സ്ഥിതിയില്‍ ആണ് ഇന്ന് കേരളം. നിലവിലെ തീരുമാനം പുനഃപരിശോധിക്കണം. യാതൊരു കൂടിയാലോചനയും ഇല്ലാതെ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിത്' ശിവന്‍കുട്ടി പറഞ്ഞു.

എന്താണ് പദ്ധതി പിന്‍വലിക്കാന്‍ കാരണം എന്ന് അറിയില്ലെന്നും കുട്ടികളെ തോല്‍പ്പിക്കാനാണ് എന്ന ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ എല്ലാത്തിനും പരിഹാരം കണ്ടു കൊണ്ടാണ് മുന്നോട്ടു പോയത്. സാമ്പത്തിക ബാധ്യതയോ മറ്റ് ബുദ്ധിമുട്ടുകളോ പദ്ധതി കൊണ്ട് ഉണ്ടാകുന്നില്ല. വിദ്യാര്‍ത്ഥികളും അധ്യാപകരും പിടിഎയും ഒക്കെ സഹകരിച്ചിരുന്നുവെന്നും ശിവന്‍കുട്ടി പറഞ്ഞു.

പ്ലസ് വണ്‍ അധിക ബാച്ചുകളുടെ അനുമതിയോടെ വലിയ അഴിമതി നടക്കുന്നതായി വാര്‍ത്തകള്‍ ഉണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു. ഈ വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണം. എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന കോഴയില്‍ അന്വേഷണം വേണം. മലപ്പുറത്തെ 46 സ്‌കൂളുകളില്‍ ഒരു തസ്തികയ്ക്ക് വന്‍ തുക കോഴ വാങ്ങുന്നതായി മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. സീറ്റ് കുറവിനെ കച്ചവട ചരക്കായി മാറ്റുന്നത് അപലപനീയമാണ്. അന്വേഷണം പൂര്‍ത്തിയാക്കുന്നതുവരെ അധിക സീറ്റുകള്‍ അനുവദിച്ചത് മരവിപ്പിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

അതേസമയം, പിണറായി വിജയനെതിരായ ഇ ഡി നടപടിയെയും ശിവന്‍കുട്ടി ശക്തമായി അപലപിച്ചു. ഇ ഡി തുരുമ്പിച്ച ആയുധവുമായി ബിജെപിക്ക് വേണ്ടി പടയോട്ടം നടത്തുന്നുവെന്നും രാഷ്ട്രീയം പറഞ്ഞല്ല ബിജെപി തിരഞ്ഞെടുപ്പ് വിജയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇ ഡിയെ മുന്‍നിര്‍ത്തി രാഷ്ട്രീയപാര്‍ട്ടികളെ ഭീഷണിപ്പെടുത്തുന്നുവെന്നും കേന്ദ്ര ഏജന്‍സികള്‍ക്ക് സമൂഹത്തില്‍ വിലയില്ലാത്ത കാലഘട്ടമായി മാറുന്നുവെന്നും ശിവന്‍കുട്ടി തിറന്നടിച്ചു. ഇ ഡി ഇവിടെ നടത്തുന്ന കള്ളപ്രചരണങ്ങളെ അതേ നിലയില്‍നേരിടും. സിപിഎം ജനങ്ങളെ കാര്യങ്ങള്‍ ധരിപ്പിക്കും. ജനാധിപത്യപരമായി തന്നെ ഇ ഡി നീക്കങ്ങളെ പ്രതിരോധിക്കുമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Content Highlights: V Sivankutty criticised the government decision to withdraw subject minimum marks in high school classes, saying it could affect Kerala’s public education standards. He also sought vigilance probes into alleged irregularities in Plus One additional batches and aided-school teacher appointments, and criticised the ED action against Pinarayi Vijayan

To advertise here,contact us