എപ്പോൾ വൈദ്യുതി പോകുമെന്ന് ജനങ്ങൾ കാത്തിരിക്കുന്നു, കേരളത്തില്‍ ഇതെല്ലാം അവസാനിച്ചതായിരുന്നു: പിണറായി വിജയൻ

സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴ്‌പ്പെടുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു

തിരുവനന്തപുരം: രാജ്യത്തെ വിദ്യാഭ്യാസ രംഗം സംഘപരിവാര്‍ ഇംഗിതത്തിന് അനുസരിച്ചു ഉടച്ചു വാര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുവജനപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങള്‍ക്കു മുമ്പില്‍ മോദി സര്‍ക്കാര്‍ മുട്ടുമടക്കേണ്ടി വന്നത് നമ്മള്‍ കണ്ടു. ഏക സിവില്‍ കോഡും പൗരത്വഭേദഗതിയുമായി കേന്ദ്രം വന്നപ്പോള്‍ അത് ഇവിടെ നടപ്പിലാക്കില്ലന്ന് പറഞ്ഞ ഒരു സര്‍ക്കാര്‍ ഇവിടെയുണ്ടായിരുന്നു. എന്നാലിപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ആര്‍എസ്എസിന് കീഴ്‌പ്പെടുന്നുവെന്നും വന്ദേമാതരം വിഷയം അതിനു ഉദാഹരണം മാത്രമാണെന്നും പിണറായി വിജയന്‍ ആരോപിച്ചു. വന്ദേമാതരത്തില്‍ കോണ്‍ഗ്രസ് പ്രഖ്യാപിത നിലപാടില്‍ നിന്നും പിന്നോടുപോയെന്നും പിണറായി വിമര്‍ശിച്ചു.

ആര്‍എസ്എസിന്റെ അജണ്ട എങ്ങനെ കേരളത്തില്‍ ബാധകമായെന്നത് പ്രധാനമാണെന്നും പിണറായി വിജയന്‍ പ്രതികരിച്ചു. ശുദ്ധമായ കാവിവല്‍ക്കരണമാണ് പിഎംശ്രീയിലൂടെ ഉദ്ദേശിക്കുന്നതെന്നും സര്‍വകലാശാലകളില്‍ ആര്‍എസ്എസുകാരെ നോക്കി നിയമിക്കുകയാണ്. ആര്‍എസ്എസുകാരെ വി സിമാരാക്കുന്നു. ഇതിനെതിരെ ശബ്ദിക്കാന്‍ മുഖ്യമന്ത്രിക്കോ വിദ്യാഭ്യാസ മന്ത്രിക്കോ കഴിയുന്നില്ലെന്നും പിണറായി വിമര്‍ശിച്ചു.

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിലും പ്രതിപക്ഷ നേതാവ് ശക്തമായ വിമര്‍ശനം ഉന്നയിച്ചു. വൈദ്യുതി എപ്പോള്‍ പോകുമെന്ന് കാത്തിരിക്കുകയാണ് ജനങ്ങള്‍. ഇതൊക്കെ കേരളത്തില്‍ അവസാനിച്ചത് ആയിരുന്നു. കേരളത്തില്‍ അവസാനിച്ചതൊക്കെ തിരിച്ചു കൊണ്ട് വരുകയാണ് യുഡിഎഫ്. എപ്പോള്‍ വേണമെങ്കിലും ഇരുട്ടുമെന്ന ആശങ്കയിലാണ് ജനങ്ങളെന്നും ഭരണത്തില്‍ കേറി കഴിഞ്ഞു യുഡിഎഫ് നടപ്പാക്കിയത് എല്ലാം ആര്‍എസ്എസ് അജണ്ടയാണെന്നും പിണറായി പറഞ്ഞു.

അമുസ്ലീം ഇല്ലാതെ എല്‍ഡിഎഫ് വഖഫ് ബോര്‍ഡ് ഉണ്ടാക്കി. എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അത് നിയമവിരുദ്ധമെന്ന് കോടതിയില്‍ പറഞ്ഞു. അമുസ്ലീമിനെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിക്കാമെന്ന് പറഞ്ഞ് ആരുടെ അജണ്ടയാണ് നടപ്പാക്കുന്നത് എന്ന് പറയേണ്ടത് ഇല്ലല്ലോയെന്നും പിണറായി വിമര്‍ശിച്ചു. മുസ്ലിം ലീഗിന്റെ മന്ത്രിയാണ് വഖഫ് മന്ത്രിയെന്ന് ഓര്‍ക്കണം. വഖഫ് ബോര്‍ഡില്‍ രണ്ട് അമുസ്ലിങ്ങള്‍ വേണമെന്ന നിയമത്തിനെതിരെ നിയമസഭാ പ്രമേയം പാസാക്കി. പുനഃസംഘടനയില്‍ അമുസ്ലിങ്ങള്‍ വേണമെന്നത് എൽഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയില്ല. ഇതിനെതിരെ ഒരു സംഘപരിവാറുകാരന്‍ ഹൈക്കോടതിയില്‍ പോയി. വഖഫില്‍ യുഡിഎഫും കോണ്‍ഗ്രസിനുമുള്ളത് ആര്‍എസ്എസ് നിലപാടാണെന്നും പിണറായി വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്ക് എല്ലാം സൗജന്യമായി വാരിക്കോരി കൊടുക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ലോകത്ത് ദാരിദ്ര്യം കണക്കാക്കുന്ന പട്ടികയില്‍ ഇന്ത്യയുമുണ്ട്. അത്ര പരിതാപകരമായ അവസ്ഥയിലാണ് രാജ്യം. ദരിദ്രരുടെ എണ്ണം പെരുകിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രം പ്രാഥമികമായ ചുമതലകള്‍ പോലും ചെയ്യുന്നില്ലെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു.

പാവപ്പെട്ടവനെ പറ്റി ബിജെപി ഗവണ്‍മെന്റിന് ശ്രദ്ധയില്ല. നേരത്തെ ഉണ്ടായിരുന്ന കോണ്‍ഗ്രസ് ഗവണ്‍മെന്റിനും ആ ചിന്ത ഉണ്ടായിരുന്നില്ല. രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം കൂടുന്നു. പക്ഷേ കോടീശ്വരന്മാര്‍ വീണ്ടും കോടീശ്വരന്മാരാകുന്ന കാഴ്ച്ചയാണുള്ളത്. ഇതെല്ലാം കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന നയത്തിന് ഭാഗമായി വരുന്നതാണെന്നും പിണറായി പറഞ്ഞു.

Content Highlights: Pinarayi Vijayan criticised the UDF government over Vande Mataram, PM SHRI, the Waqf Board and Kerala’s electricity crisis, alleging that several recent decisions reflect the Sangh Parivar agenda

To advertise here,contact us