പരിവാഹന്‍ തകരാറില്‍ കേന്ദ്ര ഗതാഗതമന്ത്രിയുമായി ചര്‍ച്ച നടത്തും; റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് മന്ത്രി

പരിവാഹന്‍ സൈറ്റില്‍ നിന്നും സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്

തിരുവനന്തപുരം: പരിവാഹന്‍ സൈറ്റ് തകരാറിലായതിന് പിന്നാലെ കേരള അതിര്‍ത്തിയില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് ഗതാഗത മന്ത്രി. പരിവാഹൻ തകരാറിലായതില്‍ കേന്ദ്ര ഗതാഗത മന്ത്രിയെ കണ്ടിരുന്നെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. ജൂണ്‍ മാസത്തില്‍ ആയിരുന്നു കൂടിക്കാഴ്ച. ആഴ്ചകള്‍ കൊണ്ട് ശരിയാക്കാം എന്ന് ഉറപ്പ് ലഭിച്ചതാണെന്നും എന്നാല്‍ പരിഹാരം കാണാത്ത സാഹചര്യത്തില്‍ വീണ്ടും കേന്ദ്രത്തെ ബന്ധപ്പെടുമെന്നും മന്ത്രി ഉറപ്പ് നല്‍കി. സ്‌പെഷ്യല്‍ പെര്‍മിറ്റ് കടലാസില്‍ നടന്നിരുന്ന കാര്യമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇവ കേന്ദ്രീകരിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്ന് പറഞ്ഞ അദ്ദേഹം തകരാറ് കേന്ദ്രസര്‍ക്കാരിന്റെ കുഴപ്പമാണെന്നും വിമര്‍ശിച്ചു. കേന്ദ്ര ഗതാഗത മന്ത്രിയുമായി ഇന്നുതന്നെ ഫോണില്‍ ചര്‍ച്ച നടത്തുമെന്നും ഗൗരവമുള്ള വിഷയമാണ് ഇതെന്നും സി പി ജോണ്‍ പറഞ്ഞു.

മോട്ടോര്‍വാഹന വകുപ്പിന്റെ പരിവാഹന്‍ സൈറ്റിന്റെ തകരാറ് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ടര്‍ ടിവിയാണ് ഇന്ന് പുറത്തുവിട്ടത്. ഇത് വിനോദ സഞ്ചാരികള്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. പരിവാഹന്‍ സൈറ്റില്‍ നിന്നും സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കാത്തതാണ് കേരള രജിസ്ട്രേഷന്‍ ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് കുരുക്കായത്. ഇതോടെ തമിഴ്നാട് - കര്‍ണാടക അതിര്‍ത്തികളില്‍ നൂറു കണക്കിന് വിനോദ സഞ്ചാരികള്‍ കുടുങ്ങി കിടക്കുകയാണ്. അവധി ദിനത്തില്‍ വിനോദസഞ്ചാരത്തിന് പോയവരാണ് പ്രതിസന്ധിയിലായത്. ശനിയാഴ്ച വൈകുന്നേരം മുതല്‍ പരിവാഹന്‍ സൈറ്റ് പ്രവര്‍ത്തനരഹിതമാണ്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അടക്കം വിവരം അറിയിച്ചിട്ടും ഇതുവരെയും നടപടി ഉണ്ടായിട്ടില്ലെന്ന പരാതി ആയിരുന്നു ഉയര്‍ന്നിരുന്നത്.

പരിവാഹന്‍ സൈറ്റ് ഇടയ്ക്കിടെ ഇത്തരത്തില്‍ പണിമുടക്കുന്നത് യാത്രക്കാര്‍ക്ക് സ്ഥിരം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. മുന്‍കാലങ്ങളില്‍ ചെക്ക് പോസ്റ്റുകളില്‍ നേരിട്ടെത്തി പെര്‍മിറ്റ് വാങ്ങി യാത്ര ചെയ്യാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ എല്ലാ സേവനങ്ങളും ഓണ്‍ലൈനായതോടെ സ്പെഷ്യല്‍ പെര്‍മിറ്റ് ലഭിക്കണമെങ്കില്‍ പരിവാഹന്‍ സൈറ്റ് മാത്രമാണ് ആശ്രയം. കുടുങ്ങിക്കിടക്കുന്നവരില്‍ പ്രായമായവും കുട്ടികളുമടക്കമുണ്ട്. പരിവാഹന്‍ സൈറ്റിലെ സേവനം പണിമുടക്കുന്നത് മൂലം തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രീകരിച്ച്, കേരളത്തില്‍ സ്വന്തമായി ഒരു സെര്‍വറോ മിറര്‍ സെര്‍വറോ തുടങ്ങണമെന്ന ആവശ്യം ശക്തമാണ്.

Content Highlights: Kerala Transport Minister C P John has intervened following reports of vehicles being stranded at state borders due to a technical issue with the Parivahan app. He said the matter had already been raised with the Union Transport Minister in June and that another discussion would be held to seek an urgent solution. The minister described the issue as serious and said immediate intervention would be sought.

To advertise here,contact us