തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എസ്എഫ്ഐ. എന്നാൽ കെഎസ്യുവിന് ഇവിടെ നേട്ടമുണ്ടാക്കാനായില്ല. കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളിൽ 62 ഇടത്തും എസ്എഫ്ഐക്കാണ് വിജയം. കെഎസ്യുവിന് ഏറ്റവും വലിയ തിരിച്ചടി സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിൽ ഒരു കോളേജ് യൂണിയനും നേടാൻ കെഎസ്യുവിന് സാധിച്ചില്ല. ആലപ്പുഴ ജില്ലയിൽ 18 കോളേജുകളിലെയും യൂണിയൻ സാരഥ്യം എസ്എഫ്ഐ തൂത്തുവാരി. 14 കോളേജുകളിൽ കെഎസ്യു നോമിനേഷൻ പോലും സമർപ്പിച്ചിരുന്നില്ല.
തിരുവനന്തപുരം ജില്ലയിലും കെഎസ്യുവിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. കൈവശമുണ്ടായിരുന്ന നാല് കോളേജ് യൂണിയനുകളാണ് കെഎസ്യുവിന് നഷ്ടമായത്. തിരുവനന്തപുരം ജില്ലയിലെ 31 കോളേജുകളിൽ 29 കോളേജ് യൂണിയനുകളിലും എസ്എഫ്ഐ വിജയം നേടി. കൊല്ലം ജില്ലയിലെ 18 കോളജുകളിൽ 12 ഇടത്തും എസ്എഫ്ഐയാണ് യൂണിയൻ ഭരണം സ്വന്തമാക്കിയത്. അഞ്ച് കോളേജ് യൂണിയനുകളിൽ മാത്രമാണ്. പത്തനംതിട്ട ജില്ലയിലും കെഎസ്യുവിന് കാര്യമായ നേട്ടമുണ്ടാക്കാനായില്ല. പോളിടെക്നിക്, സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പുകളിലും കെഎസ്യുവിന് തിരിച്ചടി നേരിട്ടിരുന്നു.
കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ നേടിയ വിജയം സർക്കാരിനെതിരായ വിധിയെഴുത്താണെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ് പ്രതികരിച്ചു. എസ്എഫ്ഐയുടെ ഉജ്വല വിജയം യുഡിഎഫ് സർക്കാരിന്റെ അഹങ്കാരത്തിന് ലഭിച്ച മറുപടിയാണെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി. എസ്എഫ്ഐയുടെ വിജയം ഇടതുപപക്ഷം തിരിച്ചുവരവിന്റെ പാതയിലാണെന്ന ശക്തമായ സൂചനയാണ് നൽകുന്നതെന്നും ശിവപ്രസാദ് ചൂണ്ടിക്കാണിച്ചു. എസ്എഫ്ഐയുടെ ഐതിഹാസിക വിജയം ഇടതുപക്ഷത്തിന് ആകെ ആവേശം പകരുന്നതാണെന്നും എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റ് പറഞ്ഞു.
അപ്രഖ്യാപിത പവർകട്ടിന്റെ ദുരിതം വിദ്യാർത്ഥികളും അനുഭവിക്കുകയാണെന്നും എം ശിവപ്രസാദ് ചൂണ്ടിക്കാണിച്ചു. പുത്തൻ തലമുറക്ക് കഴിഞ്ഞ 10 വർഷക്കാലം പവർകട്ടിനെ പറ്റി അറിയില്ലായിരുന്നു. ഇത് വോട്ടുകളായി പ്രതിഫലിച്ചു. യുഡിഎഫ് സർക്കാരിൽ സർവ്വതന്ത്ര സ്വതന്ത്രരായി ആർഎസ്എസിന്റെ ഇടപെടൽ വിദ്യാർത്ഥികൾ കാണുകയാണ്. സർവകലാശാലകളിലെ ആർഎസ്എസ് കയ്യേറ്റത്തെ പ്രതിരോധിക്കുന്നത് ഇടതുപക്ഷമാണ്. എന്തുകൊണ്ട് എസ്എഫ്ഐ ജയിച്ചു എന്ന് വിഡി സതീശന് എവിടെയും പ്രശ്നം വെച്ചു നോക്കേണ്ട ആവശ്യമില്ല. കേരളത്തിലെ ക്യാമ്പസുകളിലേക്ക് കണ്ണു തുറന്നു നോക്കിയാൽ മതി. സോഷ്യലിസ്റ്റ് ഭാവിയെ പറ്റി സ്വപ്നം കാണുന്ന പുതിയ തലമുറ ഇടതുപക്ഷത്തിന് വോട്ട് ചെയ്തു.
Content Highlights: SFI secured a strong performance in the Kerala University college union elections, while KSU failed to make a significant impact in the results