ആലപ്പുഴ: ആലപ്പുഴയിലെ കെഎസ്യുവിന്റെ ദയനീയ തോല്‍വി മനഃപ്പൂര്‍വമായ വീഴ്ച എന്ന് നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞവര്‍ഷവും ദയനീയ പരാജയം നേരിട്ടിരുന്നു. കെ സി അനുയായിയായ എംഎല്‍എ എ ഡി തോമസ് ആണ് ജില്ലാ പ്രസിഡന്റെന്നും എംഎല്‍എ ആയ ശേഷം എ ഡി തോമസിന് ധിക്കാരമാണെന്നുമാണ് ഒരു വിഭാഗം ഉന്നയിക്കുന്ന ആക്ഷേപം. ജില്ലയില്‍ കൂട്ടായ പ്രവര്‍ത്തനമില്ലെന്നും കെഎസ്യുവിലെ വലിയ വിഭാഗവും തോമസിന് എതിരാണെന്നുമാണ് റിപ്പോര്‍ട്ട്.
തോമസിനെ കൂടാതെ ജില്ലയില്‍ നാല് സംസ്ഥാന ഭാരവാഹികളാണുള്ളത്. കെഎസ്യുവില് ഒരു വിഭാഗം കെ സി വേണുഗോപാലിനെ അതൃപ്തി അറിയിച്ചു എന്നും വിവരമുണ്ട്. ജില്ലാ പ്രസിഡന്റായ എംഎല്‍എ എ ഡി തോമസ് സംഘടനയെ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി. അവസാനമായി ജില്ലാ കമ്മിറ്റി വിളിച്ചു ചേര്‍ത്തത് നിയമസഭാ തിരഞ്ഞെടുപ്പിന് ആറുമാസം മുമ്പാണ് എന്നതും ഗൗരവമായി ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. യൂണിറ്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചില്ല. തെരഞ്ഞെടുപ്പിന് മുമ്പ് കോളേജുകളില്‍ സാധാരണയായി ചേരാറുള്ള ജനറല്‍ബോഡികള്‍ പോലും വിളിച്ചു ചേര്‍ത്തില്ലെന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനോ ചുമതല മറ്റാര്‍ക്കെങ്കിലും നല്‍കാനോ എ ഡി തോമസ് മുന്‍കൈയെടുത്തില്ല. ഒരു കോളേജില്‍ പോലും യൂണിയന് നേടാനായില്ല. 14 കോളേജുകളില്‍ നോമിനേഷന് പോലും കൊടുക്കാന്‍ കഴിഞ്ഞില്ല എന്ന ദയനീയമായ സ്ഥിതിയാണ് കെഎസ്യു രൂപംകൊണ്ട് ആലപ്പുഴയില്‍ തന്നെ സംഘടനയ്ക്കുള്ളത്. ദേശീയ ജനറല്‍ സെക്രട്ടറിയുടെ വീടിന്റെ തൊട്ടു മുമ്പിലെ കോളേജില്‍ പോലും നോമിനേഷന് കൊടുത്തില്ല. എംഎല്‍എ എ ഡി തോമസ് പഠിച്ച എസ്ഡി കോളേജില്‍ നോമിനേഷന് നല്കാന് പോലും വിദ്യാര്ത്ഥികളുണ്ടായിരുന്നില്ലെന്നും കെഎസ്യു ചൂണ്ടിക്കാട്ടുന്നു.
അതേസമയം വിഷയത്തില്‍ പരസ്യമായി പ്രതികരിക്കാന്‍ എഡി തോമസ് തയ്യാറായിട്ടില്ല. തെരഞ്ഞെടുപ്പിലെ പരാജയം തനിക്കെതിരെയുള്ള ഗൂഢാലോചന എന്നാണ് തോമസ് നേതൃത്വത്തെ അറിയിച്ചതെന്നാണ് വിവരം. ഒരു വിഭാഗം കെഎസ്യു പ്രവര്‍ത്തകര്‍ സഹകരിക്കുന്നില്ലെന്നാണ് എ ഡി തോമസിന്റെ വാദം. തനിക്ക് ഡാമേജ് വരുത്താനായി തിരഞ്ഞെടുപ്പില്‍ നിന്ന് ചിലര്‍ മനപ്പൂര്‍വം വിട്ടുനിന്നെന്നും ജില്ലയില്‍ നിന്നുള്ള നാല് സംസ്ഥാന ഭാരവാഹികള്‍ തെരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്തിയില്ലെന്നും എ ഡി തോമസ് നേതൃത്വത്തെ അറിയിച്ചു.
Content Highlights: KSU leadership has reportedly reviewed the organisation's poor performance in Alappuzha and attributed it to deliberate lapses. Internal criticism has been raised over the absence of collective activities in the district, while a section has also expressed dissatisfaction with district president and MLA A D Thomas.