പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവ് പരാതിയില്‍ നടപടിക്ക് നിര്‍ദേശം നല്കി ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് മന്ത്രി നിര്‍ദേശം നല്കി. പ്രാഥമിക അന്വേഷണം നടത്തി സൂപ്രണ്ട് ഡിഎംഇക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റേഡിയോളജി, പള്‍മനറി വകുപ്പുകളിലെ ഡോക്ടര്‍മാരോട് സൂപ്രണ്ട് വിശദീകരണം തേടും. എക്സ്-റേ രോഗിക്ക് നല്‍കിയതില്‍ കൗണ്ടറിലെ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിരിക്കാമെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് പറയുന്നത്. തുടര്‍നടപടികള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ തീരുമാനിക്കും.
കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ പതിനഞ്ചുകാരിക്ക് 86കാരിയുടെ എക്സ്-റേയുടെ അടിസ്ഥാനത്തില്‍ ചികിത്സ നല്‍കിയെന്നായിരുന്നു പരാതി. ഇക്കഴിഞ്ഞ പതിനാലാം തീയതി കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്നായിരുന്നു പെണ്‍കുട്ടി കോന്നി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയത്. ഡോക്ടര്‍ എക്സ്-റേ എടുക്കണമെന്ന് നിര്‍ദേശിച്ചു. എക്സ്-റേ എടുത്ത് പരിശോധിക്കുകയും ഡോക്ടര്‍ മരുന്ന് നിര്‍ദേശിക്കുകയും ചെയ്തു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറാതെ വന്നതോടെ പെണ്‍കുട്ടി പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ എക്സ്-റേ മാറിപ്പോയതായി വ്യക്തമാകുകയായിരുന്നു.
ഇതിന് പിന്നാലെ പെണ്‍കുട്ടിയുടെ കുടുംബം കോന്നി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. കോന്നി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം മൂന്ന് ദിവസം മരുന്ന് കഴിച്ചതായി പെണ്‍കുട്ടി പറഞ്ഞിരുന്നു. മരുന്ന് കഴിച്ചിട്ടും ശ്വാസംമുട്ടല്‍ മാറിയില്ല. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പോയപ്പോഴാണ് മറ്റൊരു രോഗിയുടെ എക്സ്-റേ ആണ് നല്‍കിയതെന്ന് മനസിലായതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷന് കേസെടുത്തിരട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട്, കോന്നി എസ്എച്ച്ഒ എന്നിവരോട് ബാലാവകാശ കമ്മീഷന് ആക്ടിങ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
Content Highlights- Kerala Health Minister has directed officials to take action against those responsible for an incident involving an X ray being incorrectly provided