ലോട്ടറിയിലും വ്യാജൻ; തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത വേണമെന്ന് പൊലീസ്

എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ചാണ് തട്ടിപ്പ് നടക്കുന്നത്

കൊച്ചി: തിരുവോണം ബമ്പറിന്റെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സെപ്റ്റംബര്‍ 26ന് നറുക്കെടുപ്പ് നടക്കേണ്ട തിരുവോണം ബമ്പറിന്റെ പേരിലാണ് എഐ ഉപയോഗിച്ച് വ്യാജ ടിക്കറ്റ് നിര്‍മിച്ച് തട്ടിപ്പ് നടക്കുന്നത്. തട്ടിപ്പിനിരയായത് അധികവും ഇതര സംസ്ഥാനക്കാരാണ്. 500 രൂപ വരുന്ന തിരുവോണം ബമ്പര്‍ ടിക്കറ്റാണ് 149 രൂപയ്ക്ക് വില്പന നടത്തുന്നത്. വ്യാജ ടിക്കറ്റില്‍ 30 കോടിക്ക് പകരം 25 കോടിയാണ് സമ്മാന തുക.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് വ്യാപകമായി തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് അറിയിച്ച് ഫോണ്‍കോള്‍ വരും. ശേഷം സമ്മാനത്തുക ലഭിക്കണമെങ്കില്‍ രജിസ്‌ട്രേഷന്‍ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നതാണ് തട്ടിപ്പ് രീതി. നിരവധി പേരാണ് ഇത്തരത്തില്‍ തട്ടിപ്പിനിരയാവുകയും പണം നഷ്ടമാവുകയും ചെയ്തത്.

കേരള ലോട്ടറിയുടെ മറവില്‍ തമിഴ്‌നാട്ടില്‍ വന്‍ തട്ടിപ്പ് നടക്കുന്നതായി തമിഴ്‌നാട് സ്വദേശി മുരുകന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സോഷ്യല്‍ മീഡിയ വഴിയാണ് മെസേജ് അയക്കുന്നത്. ടിക്കറ്റ് വാങ്ങിയതിന് പിന്നാലെ സമ്മാനം ലഭിച്ചെന്ന് പറഞ്ഞ് ഫോണ്‍ കോള്‍ വരുകയും സമ്മാന തുക ലഭിക്കുന്നതിനായി പണം ആവശ്യപ്പെടുകയും ചെയ്യുമ്പോഴാണ് തട്ടിപ്പിനിരയായ വിവരം അറിയുന്നതെന്നും മുരുകന്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പില്‍ അന്വേഷണം നടക്കുകയാണെന്നും ജാഗ്രത വേണമെന്നും പൊലീസ് അറിയിച്ചു.

Content Highlights: Online fraud attempts using the Thiruvonam Bumper lottery name have been reported

To advertise here,contact us