റിപ്പോർട്ടറിലെ പൊലീസ് അതിക്രമം; മാധ്യമവേട്ടയുടെ ഭയപ്പെടുത്തുന്ന റഫറൻസായി ഓർത്തുവയ്ക്കപ്പെടും: എ എ റഹീം എംപി

'ആഭ്യന്തര മന്ത്രിയെ കാണാന്‍ വരുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ കാല് കഴച്ചാല്‍ ആഭ്യന്തര മന്ത്രിയെ ഇറക്കി വിട്ട് അവിടെ കയറി ഇരിക്കുമോ'

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നടപടിയില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം എംപി. ജോലി ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട്, അവരുടെ കസേര വലിച്ചിട്ട് അതില്‍ എസിപി ഇരുന്നത് ഭരണകൂടത്തിന്റെ മാധ്യമവേട്ടയുടെ ഭയപ്പെടുത്തുന്ന റഫറന്‍സായി എക്കാലവും ഓര്‍ത്തുവയ്ക്കപ്പെടുമെന്ന് റഹീം പറഞ്ഞു. അത് താങ്കളുടെ കാലത്ത് ആയിരുന്നു എന്നത് രമേശ് ചെന്നിത്തലയ്ക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും റഹീം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു എ എ റഹീമിന്റെ പ്രതികരണം.

എ എ റഹീം എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ആഭ്യന്തര മന്ത്രി 'ചിരിക്കുമ്പോള്‍'…

ചോദ്യം: പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ ന്യൂസ് എഡിറ്ററുടെ കസേരയില്‍ കയറി ഇരുന്നത് ശരിയാണോ?ഉത്തരം: പിന്നെയെന്താ, അദ്ദേഹത്തിന് കാലു കഴച്ചാല്‍ ഇരിക്കണ്ടേ? (കൂടെ ഒരു പരിഹാസ ജസ്റ്ററും)

ആഭ്യന്തര മന്ത്രി ശ്രീ രമേശ് ചെന്നിത്തലയെ കാണാന്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ വരുന്ന ഒരു പൊലീസ് ഓഫീസര്‍, കാല് കഴച്ചാല്‍, താങ്കളെ ഇറക്കി വിട്ട് താങ്കളുടെ കസേരയില്‍ കയറി ഇരിക്കുമോ?. ജോലി ചെയ്തുകൊണ്ടിരുന്ന മാധ്യമ പ്രവര്‍ത്തകരെ ഇറക്കി വിട്ട്, അവരുടെ കസേര വലിച്ചിട്ട് അതില്‍ എസിപി ഏമാന്‍ ഇരുന്നത് ഭരണകൂടത്തിന്റെ മാധ്യമ വേട്ടയുടെ ഭയപ്പെടുത്തുന്ന റഫറന്‍സ് ആയി എക്കാലവും ഓര്‍ത്തുവയ്ക്കപ്പെടും. അത് താങ്കളുടെ കാലത്ത് ആയിരുന്നു എന്ന് ശ്രീ രമേശ് ചെന്നിത്തലയ്ക്ക് 'അഭിമാനിക്കാം'!

റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെതിരായ മാധ്യമവേട്ടയില്‍ പ്രതികരിച്ച് ഇടത് സഹയാത്രികനായ അഡ്വ. എന്‍ ലാല്‍ കുമാറും രംഗത്തെത്തി. റിപ്പോര്‍ട്ടറിന്റെ രീതിയോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാമെന്നും എന്നാല്‍ പ്രേക്ഷകരെ കൂടെ കൂട്ടുന്നതില്‍ അവര്‍ മറ്റ് ചാനലുകളെ കടത്തിവെട്ടി എന്നത് റേറ്റിങ് കണ്ടാല്‍ മനസിലാകുമെന്നും ലാല്‍ കുമാര്‍ പറഞ്ഞു. ഏഷ്യാനെറ്റിനെപ്പോലും റിപ്പോര്‍ട്ടര്‍ ചാനല്‍ പലപ്പോഴും റേറ്റിങില്‍ പിന്നിലാക്കിയിട്ടുണ്ട്. അതിന്റെ ഒരു കുശുമ്പ് മറ്റ് ചാനലുകള്‍ക്ക് ആന്റോയോട് ഉണ്ടെന്നുതന്നെ പറയാം. മാധ്യമപ്രവര്‍ത്തന പരിചയമില്ലാത്ത ഒരാള്‍ വന്ന് വലിയ കേമന്മാരെ അവരുടെ ഗോഥയില്‍ മലര്‍ത്തിയടിച്ചു എന്നതാണ് കാര്യമെന്നും ലാല്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ലാല്‍ കുമാറിന്റെ പ്രതികരണം.

അഡ്വ. ലാല്‍ കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിക്കുന്ന മാധ്യമങ്ങളെയാണ് നമ്മള്‍ കുറച്ചുനാളുകളായി കാണുന്നത്. റിപ്പോര്‍ട്ടര്‍ ചാനല്‍ നികേഷിന്റെ കയ്യില്‍നിന്ന് ഏറ്റെടുത്തശേഷം വലിയ മാറ്റങ്ങള്‍ വരുത്തി പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ടര്‍. അവരുടെ രീതിയോട് നമുക്ക് യോജിക്കാം, വിയോജിക്കാം. പക്ഷേ പ്രേക്ഷകരെ കൂടെ കൂട്ടുന്നതില്‍ അവര്‍ മറ്റ് ചാനലുകളെ കടത്തിവെട്ടി എന്നത് അവരുടെ റേറ്റിംഗ് കണ്ടാല്‍ മനസ്സിലാകും. ഏഷ്യാനെറ്റിനെപ്പോലും അവര്‍ പലപ്പോഴും റേറ്റിംഗില്‍ പിന്നിലാക്കിയിട്ടുണ്ട്. അതിന്റെ ഒരു കുശുമ്പ് മറ്റ് ചാനലുകള്‍ക്ക് ആന്റോയോട് ഉണ്ടെന്ന് തന്നെ പറയാം. മാധ്യമപ്രവര്‍ത്തന പരിചയമില്ലാത്ത ഒരാള്‍ വന്ന് വലിയ കേമന്മാരെ അവരുടെ ഗോഥയില്‍ മലര്‍ത്തിയടിച്ചു. അതുതന്നെ കാര്യം. പിന്നെ ഒറ്റ മാര്‍ഗമേയുള്ളൂ, കുറ്റങ്ങള്‍ കണ്ടെത്തുക. ഇങ്ങേര്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനം അല്ല എന്ന് പറയുക. അല്ല, നിങ്ങള്‍ നടത്തുന്നത് മാധ്യമപ്രവര്‍ത്തനം ആണോ? ആര് പറഞ്ഞു അത്? നിങ്ങള്‍ തന്നെ അല്ലേ? ആന്റോ അഗസ്റ്റിനെതിരെയുള്ള എല്ലാ കുറ്റങ്ങളും അന്വേഷിക്കട്ടെ. പക്ഷെ, മറ്റ് മാധ്യമങ്ങള്‍ മാധ്യമധര്‍മ്മം എന്ന പേരില്‍ കച്ചവട താല്‍പര്യം ശര്‍ക്കരയില്‍ പൊതിഞ്ഞ് ഇങ്ങ് തള്ളുവാണ്.

ജയ് മാധ്യമധര്‍മ്മം!

Content Highlights- A A Rahim MP commented on the police action at Reporter, stating that the incident would be remembered as a reference point in discussions related to media freedom and press-related issues.

To advertise here,contact us