'ഇരിങ്ങാലക്കുടയിലെ കൺവെൻഷനെക്കുറിച്ച് അറിയില്ല, ആരെങ്കിലും വിളിച്ചാൽ പാർട്ടി പരിപാടി ആകില്ല',തോമസ് ഉണ്ണിയാടന്‍

ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടനെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ വിവാദം

തൃശൂര്‍: ഇരിങ്ങാലക്കുട എംഎല്‍എ തോമസ് ഉണ്ണിയാടനെ ആദരിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസിൽ വിവാദം. തോമസ് ഉണ്ണിയാടനെ ആദരിക്കാനുള്ള പരിപാടി ശക്തി പ്രകടനമായി മാറ്റാനാണ് ഉണ്ണിയാടൻ അനുകൂലികളുടെ നീക്കമെന്നാണ് ഒരു വിഭാഗത്തിൻ്റെ പരാതി. കേരള കോണ്‍ഗ്രസ് ജില്ലാ സൗഹൃദ വേദി എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ ഇന്ന് ഉച്ചയ്ക്ക് അദ്ദേഹത്തിന് ആദരം നല്‍കാനാണ് ഉണ്ണിയാടൻ അനുകൂലികളുടെ തീരുമാനം. തോമസ് ഉണ്ണിയാടൻ്റെ നിയമസഭാംഗത്വത്തിന്റെ 25-ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള സ്വീകരണമാണ് ഒരുക്കുന്നതെന്നാണ് സംഘാടകർ പറയുന്നത്. 2001 ആദ്യമായി നിയമസഭയിലേയ്ക്ക് എത്തിയ തോമസ് ഉണ്ണിയാടന്‍ 25 വർഷം പൂർത്തിയാക്കിയതാണ് അനുഭാവികൾ ആഘോഷമാക്കുന്നത്. ഇരിങ്ങാലക്കുട എംഎല്‍എയും കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടന്‍ മന്ത്രിപദവിയോ ഭരണമുന്നണി ചീഫ് വിപ്പ് പദവിയോ നല്‍കാത്തതില്‍ അതൃതപ്താണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ആദരം നൽകാനുള്ള നീക്കം നടക്കുന്നത്.

ആദരവ് നടക്കുന്ന അതേസമയത്ത് തോമസ് ഉണ്ണിയാടന്റെ മണ്ഡലമായ ഇരിങ്ങാലക്കുടയില്‍ കേരള കോൺഗ്രസിൻ്റെ മണ്ഡലം കണ്‍വെന്‍ഷനും നടക്കുന്നുണ്ട്. ഇന്ന് ഉച്ചക്ക് മൂന്നുമണിക്കാണ് രണ്ട് പരിപാടികളും നടക്കുന്നത്. സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരം കേരള കോണ്‍ഗ്രസിൻ്റെ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെ പങ്കെടുക്കുന്ന പരിപാടിയാണിത്.

എന്നാല്‍ ഇരിങ്ങാലക്കുടയിലെ കണ്‍വെന്‍ഷനെക്കുറിച്ച് അറിയില്ലെന്നും ആരെങ്കിലും വിളിച്ചാല്‍ പാര്‍ട്ടി പരിപാടി ആകില്ലെന്നുമാണ് വിഷയത്തിൽ എംഎല്‍എ പ്രതികരിച്ചത്. ആദരം നല്‍കുന്നത് തന്റെ സുഹൃത്തുക്കളാണെന്നും താന്‍ ക്ഷണിതാവ് മാത്രമാണെന്നും അതിന്റെ സംഘാടകരില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നോട് സ്‌നേഹമുള്ള ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുറച്ചു കാലമായി പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണ് ഉണ്ണിയാടന്‍. ഉണ്ണിയാടന്‍ പാര്‍ട്ടിക്ക് കീഴ്‌പ്പെട്ട് നില്‍ക്കുന്നില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. ഓഗസ്റ്റ് 30ന് തൃശ്ശൂരില്‍ നടന്ന പാര്‍ട്ടി ജില്ലാക്കമ്മിറ്റിയോഗത്തില്‍ മുഖ്യപ്രഭാഷകനായി പേര് വെച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ജില്ലാ പ്രസിഡന്റ് സിവി കുര്യാക്കോസുമായും ഉണ്ണിയാടന്‍ നല്ല ബന്ധത്തിലല്ല. തൃശ്ശൂരില്‍നിന്നുള്ള സംസ്ഥാന വൈസ്‌ചെയര്‍മാന്‍ എംപി പോളി, ഉന്നതാധികാരസമിതിയംഗം ജോസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ പക്ഷത്തല്ല. കേരള കോണ്‍ഗ്രസിന് ഉണ്ണിയാടന്‍ അടക്കം ഏഴ് എംഎല്‍എ മാരാണുള്ളത്. മന്ത്രി മോന്‍സ് ജോസഫാണ് നിയമസഭാ കക്ഷി നേതാവ്.

Content Highlights: Iringalakuda MLA and Kerala Congress legislative party deputy leader Thomas Unniyadan is reportedly maintaining distance from the party

To advertise here,contact us