പത്തനംതിട്ട: കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവ് പരാതിയില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന് കേസെടുത്തു. 86കാരിയുടെ എക്സറേ പരിശോധിച്ച് 15കാരിക്ക് ചികിത്സ നല്‍കിയെന്ന പരാതിയിലാണ് ആക്ടിങ് ചെയര്‍പേഴ്സണ്‍ സിസിലി ജോസഫ് സ്വമേധയാ കേസെടുത്തത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറോടും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനോടും കമ്മീഷന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒപ്പം കോന്നി എസ്എച്ച്ഒയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് 15കാരി ആശുപത്രിയില്‍ ചികിത്സ തേടിയത്.
ഈമാസം 14നാണ് കടുത്ത ശ്വാസതടസത്തെ തുടര്‍ന്ന് 15കാരി ആശുപത്രിയിലെത്തിയത്. ഡോക്ടര്‍ എക്സറേ എടുക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. തുടര്‍ന്ന് അതിന്റെ അടിസ്ഥാനത്തില്‍ ചികിത്സ ആരംഭിച്ചെങ്കിലും ശ്വാസംമുട്ടല്‍ മാറിയില്ല. പിന്നാലെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇതേ എക്സറേയുമായി മറ്റൊരു ഡോക്ടറെ പെണ്‍കുട്ടി സമീപിച്ചു. ഈ ഡോക്ടറാണ് എക്സറേ പെണ്കുട്ടിയുടേതല്ല മറിച്ച് 86വയസുള്ള മറ്റൊരു രോഗിയുടെതാണെന്ന് കണ്ടെത്തുന്നത്. ഇതോടെ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കുകയായിരുന്നു.
എക്സറേ പ്രകാരമാണ് ചികിത്സയ്ക്ക് വിധേയയായതെന്നും തനിക്ക് കുറിച്ച് തന്ന മരുന്ന് കഴിക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടി പറയുന്നു. അതേസമയം ബന്ധപ്പെട്ട ഡോക്ടറോട് ഇക്കാര്യങ്ങളില്‍ വിശദീകരണം തേടുമെന്നും അന്വേഷണം നടത്തിയ ശേഷം ബാലാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നുമാണ് കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചത്.
Content Highlights: The Kerala Child Rights Commission has registered a case following a complaint regarding alleged treatment issues at Konni Medical College