ആലപ്പുഴ: സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ എംഎല്‍എ ജി സുധാകരന് രംഗത്ത്. പാര്‍ട്ടിയില്‍ നിന്നും പോയവരുടെ കൂട്ടത്തില്‍ താന്‍ ഇല്ല എന്നാണ് എം എ ബേബി പറഞ്ഞതെന്നും താന്‍ പാര്‍ട്ടിയില്‍ നിന്നും പോയത് ഈ പാര്‍ട്ടിയില്‍ നില്ക്കാന് കൊള്ളാത്തതുകൊണ്ടാണെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. 'ഞാന്‍ പോയത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അല്ല. എനിക്ക് ഒരു അച്ഛനെ ഉള്ളൂ എന്നും ഒരുപാട് അച്ഛന്മാര് ഉള്ളവരായിരിക്കും അങ്ങനെയൊക്കെ പറയുന്നതെന്നു'മായിരുന്നു ജി സുധാകരന്റെ അധിക്ഷേപം.
ഒരു സംസ്ഥാന കമ്മിറ്റി അംഗം തന്റെ അച്ഛന് വിളിച്ചെന്ന് സുധാകരന് ആരോപിച്ചു. 'ഇങ്ങനെയുള്ളവരെ നയിക്കുന്ന ബേബിക്ക് എന്നെ വിമര്‍ശിക്കാന്‍ എന്ത് അവകാശം. പല ഓഫറുകള്‍ വന്നെങ്കിലും ഒരു പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സതീശനെ പിന്തുണച്ച സുരേഷ് ഗോപിയുടെ നിലപാടില്‍ പ്രതികരിച്ച അദ്ദേഹം അത് സുരേഷ് ഗോപിയുടെ അനുഭവമായിരിക്കും എന്നാണ് പറഞ്ഞത്. സുരേഷ്ഗോപി ഒരു ജനപ്രതിനിധിയാണെന്നും അദ്ദേഹം പറഞ്ഞതിന് ഞാന്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെ'ന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
സിപിഐഎം വിപുലീകൃത സംസ്ഥാനകമ്മിറ്റിയെക്കുറിച്ചും ജി സുധാകരൻ വിമര്‍ശനം ഉന്നയിച്ചു. ഗോവിന്ദന് നല്കിയ താക്കീത് തലയ്ക്ക് ഒരു അടി കൊടുത്തിട്ട് അവിടെ ഇരിക്ക് എന്നു പറയുന്നതു പോലെ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. പാര്‍ട്ടിക്കുണ്ടായ അധഃപതനത്തില്‍ നിന്ന് എഴുന്നേറ്റിട്ടില്ല. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ മാറ്റിയാല്‍ പോരായിരുന്നോ എന്നും സുധാകരന് ചോദിച്ചു. 2020 ന് ശേഷം പിണറായി വിജയന് എന്നോട് മര്യാദ കാണിച്ചിട്ടില്ലെന്നും പാര്‍ട്ടിയില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളില്‍ വന്നശേഷമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയനെ കല്ലെറിയാനില്ല. പക്ഷേ ആ മര്യാദ തന്നോട് കാണിച്ചില്ല. എന്നാല്‍ ഇ ഡിയെ തള്ളിപ്പറയാനുമില്ലെന്നും സുധാകരന് പറഞ്ഞു. ബേബിക്ക് അറിവുണ്ട് അഴിമതിയില്ലെന്ന് പറഞ്ഞ അദ്ദേഹം ഗോവിന്ദന് സംസാരിക്കാനറിയില്ലെന്ന് വിമര്‍ശിച്ചു. പാര്‍ട്ടിയില്‍ അഴിമതിക്കാരും വൃത്തികെട്ടവരും കടന്നു വന്നു. ബേബിയുടെ പരിമിതി തനിക്ക് അറിയാം. അതുകൊണ്ട് ബേബി സ്വന്തം കാര്യം നോക്കിയാല്‍ മതി എന്നും എംഎല്‍എ മുന്നറിയിപ്പ് നല്കി. എങ്ങനെയാണ് തനിക്ക് ഇത്ര ഭൂരിപക്ഷം കിട്ടിയതെന്ന ചോദിച്ച സുധാകരന് ജനങ്ങള്‍ക്ക് ഇഷ്ടപെടാത്ത സ്ഥാനാര്‍ഥിയെ അമ്പലപ്പുഴയില്‍ നിര്‍ത്തിയാണ് കാരണം എന്നും ചൂണ്ടിക്കാട്ടി.
Content Highlights: Ambalapuzha MLA G Sudhakaran has strongly criticised the CPI(M), responding to remarks by M A Baby about those who left the party. Sudhakaran said he left because he felt the party was no longer suitable for him to remain in and clarified that his decision was not linked to contesting an election. He also made a personal remark while responding to Baby's statement.