ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് യോഗത്തില്‍ കയ്യാങ്കളി; പ്രവര്‍ത്തകര്‍ക്ക് പരിക്ക്

തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ നടന്ന കേരള കോണ്‍ഗ്രസ് നേതൃയോഗത്തില്‍ കയ്യാങ്കളി. തോമസ് ഉണ്ണിയാടന്‍ ഇല്ലാതെ യോഗം വിളിക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സംഘര്‍ഷം ആരംഭിച്ചത്. തോമസ് ഉണ്ണിയാടന്‍ എംഎല്‍എയെ അനുകൂലിക്കുന്നവരും എതിര്‍ഭാഗത്തുള്ളവരും തമ്മിലായിരുന്നു സംഘര്‍ഷം. സംഘര്‍ഷത്തിനിടെ യോഗത്തിനായി എത്തിച്ച ചൂടുചായ പ്രവർത്തകർക്ക് മേൽ ഒഴിച്ചു. പ്രവര്‍ത്തകരെ പിടിച്ചുമാറ്റാനെത്തിയ പൊലീസുകാര്‍ക്ക് മേലും ചൂടുചായ വീണു.

കേരള കോണ്‍ഗ്രസ് ജില്ലാ സൗഹൃദവേദി എന്ന പേരില്‍ തോമസ് ഉണ്ണിയാടന് സ്വീകരണം നല്‍കുന്നതിനിടെയാണ് മറ്റൊരു വിഭാഗം തൃശൂരില്‍ തന്നെ യോഗം ചേര്‍ന്നത്. ഇവിടേക്ക് ഉണ്ണിയാടന്‍ അനുകൂലികളും എത്തുകയായിരുന്നു. തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളില്‍ കലാശിച്ചത്.

തോമസ് ഉണ്ണിയാടന്റെ നിയമസഭാംഗത്വത്തിന്റെ 25ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്വീകരണമെന്നായിരുന്നു സംഘാടകര്‍ പ്രതികരിച്ചത്. ഇരിങ്ങാലക്കുട എംഎല്‍എയും കേരള കോണ്‍ഗ്രസ് നിയമസഭാകക്ഷി ഉപനേതാവുമായ തോമസ് ഉണ്ണിയാടന്‍ മന്ത്രിപദവിയോ ഭരണമുന്നണി ചീഫ് വിപ്പ് പദവിയോ നല്‍കാത്തതില്‍ അതൃതപ്താണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു സംഭവം. അതേസമയം ഇരിങ്ങാലക്കുടയിലെ കണ്‍വെന്‍ഷനെക്കുറിച്ച് അറിയില്ലെന്നും ആരെങ്കിലും വിളിച്ചാല്‍ പാര്‍ട്ടി പരിപാടി ആകില്ലെന്നുമായിരുന്നു വിഷയത്തില്‍ തോമസ് ഉണ്ണിയാടന്‍ പ്രതികരിച്ചത്. ആദരം നല്‍കുന്നത് തന്റെ സുഹൃത്തുക്കളാണെന്നും താന്‍ ക്ഷണിതാവ് മാത്രമാണെന്നും അതിന്റെ സംഘാടകരില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കുറച്ചു കാലമായി പാര്‍ട്ടിയുമായി അകന്ന് നില്‍ക്കുകയാണ് ഉണ്ണിയാടന്‍. ഉണ്ണിയാടന്‍ പാര്‍ട്ടിക്ക് കീഴ്പ്പെട്ട് നില്‍ക്കുന്നില്ലെന്നാണ് ജില്ലാ നേതൃത്വത്തിന്റെ പരാതി. ഓഗസ്റ്റ് 30ന് തൃശൂരില്‍ നടന്ന പാര്‍ട്ടി ജില്ലാക്കമ്മിറ്റിയോഗത്തില്‍ മുഖ്യപ്രഭാഷകനായി പേര് വെച്ചിരുന്നെങ്കിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല. ജില്ലാ പ്രസിഡന്റ് സി വി കുര്യാക്കോസുമായും ഉണ്ണിയാടന്‍ നല്ല ബന്ധത്തിലല്ല. തൃശൂരില്‍നിന്നുള്ള സംസ്ഥാന വൈസ്ചെയര്‍മാന്‍ എം പി പോളി, ഉന്നതാധികാരസമിതിയംഗം ജോസ് തുടങ്ങിയവരും അദ്ദേഹത്തിന്റെ പക്ഷത്തല്ല. കേരള കോണ്‍ഗ്രസിന് ഉണ്ണിയാടന്‍ അടക്കം ഏഴ് എംഎല്‍എ മാരാണുള്ളത്. മന്ത്രി മോന്‍സ് ജോസഫാണ് നിയമസഭാ കക്ഷി നേതാവ്.

Content Highlights: A physical altercation reportedly took place during a Kerala Congress leadership meeting in Irinjalakuda.

To advertise here,contact us