കായംകുളത്ത് എസ്എഫ്‌ഐയുടെ വിജയാഘോഷത്തിനിടെ സംഘര്‍ഷം; കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു

എസ്എഫ്‌ഐയുടെ വിജയാഘോഷത്തിനിടയിലേക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കല്ലേറുണ്ടായി

ആലപ്പുഴ: കായംകുളം എംഎസ്എം കോളേജ് തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംഘര്‍ഷം. എസ്എഫ്‌ഐയുടെ വിജയാഘോഷത്തിനിടെയാണ് സംഭവം. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കായംകുളം ടൗണിലെ കോണ്‍ഗ്രസ് ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.

തുടര്‍ന്ന് സംഘര്‍ഷം കല്ലേറിലേക്ക് നീങ്ങി. എസ്എഫ്‌ഐയുടെ വിജയാഘോഷത്തിനിടയിലേക്ക് കോണ്‍ഗ്രസ് ഓഫീസില്‍ നിന്ന് കല്ലേറുണ്ടായി. വിദ്യാര്‍ത്ഥികള്‍ക്കും പൊലീസുകാര്‍ക്കും പരിക്കേറ്റു. കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കല്ലെറിഞ്ഞതെന്നാണ് പരാതി. കല്ലേറില്‍ പൊലീസ് ജീപ്പിന്റെ ചില്ല് തകര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടില്ല. സ്ഥലത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഇഷ്ടികകളും കമ്പുകളുമായി കെഎസ്‌യു - യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നില്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

എസ്എഫ്ഐയുടെ ചെയർമാൻ സ്ഥാനാർത്ഥിയെ പുറത്താക്കിയെങ്കിലും എംഎസ്എം കോളേജ് യൂണിയൻ എസ്എഫ്‌ഐക്ക് ലഭിച്ചിരുന്നു.

അതേസമയം, പന്തളം എൻഎസ്എസ് കോളേജിൽ എസ്എഫ്ഐ-എബിവിപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. യൂണിയൻ തെരഞ്ഞെടുപ്പിൽ 13 സീറ്റിലും എസ്എഫ്ഐ വിജയം നേടിയിരുന്നു. ഫലം വന്നതിനുശേഷം എസ്എഫ്ഐ പ്രവർത്തകരും എബിവിപി പ്രവർത്തകരും തമ്മിൽ കയ്യാങ്കളിയുണ്ടാവുകയായിരുന്നു. പൊലീസെത്തിയാണ് ഇരുവിഭാഗം പ്രവർത്തകരെയും നീക്കിയത്.

Content Highlights: Clash Breaks Out After Kayamkulam MSM College Election Results

To advertise here,contact us