'ബാഹ്യരൂപത്തിനല്ല മുൻ​ഗണന'; ലിംഗഭേദമന്യേ കുട്ടികൾക്ക് സ്‌കൂളുകളിൽ മുടിവളർത്താമെന്ന് ബാലാവകാശ കമ്മീഷൻ

കുട്ടികളുടെ ബാഹ്യരൂപത്തേക്കാള്‍ പഠനപുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് സ്‌കൂള്‍ അധികൃതര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി

തിരുവനന്തപുരം: സ്‌കൂളുകളില്‍ ലിംഗഭേദമന്യേ കുട്ടികള്‍ക്ക് മുടിവളര്‍ത്തുന്നതിന് പൂര്‍ണസ്വാതന്ത്ര്യമുണ്ടന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‌റെ ഉത്തരവ്. ആണ്‍കുട്ടികള്‍ക്കും ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തെരഞ്ഞെടുക്കാനും പൂര്‍ണ അവകാശമുണ്ടെന്ന് കമ്മീഷന്‍ അംഗം പി ഷാജേഷ് ഭാസ്‌കര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

കേരളത്തിലെ വിദ്യാലയങ്ങൾ ജെൻഡർ ന്യൂട്രൽ ആണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും തലമുടി നീട്ടി വളർത്തുന്ന ആൺകുട്ടികളോട് വിവേചനം കാണിക്കുന്നുവെന്നും അവരെ കുറ്റവാളികളെ പോലെയാണ് സ്കൂൾ അധികൃതർ നേരിടുന്നതെന്നും കാണിച്ച് രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ നൽകിയ ഹർജിയാണ് ഇത്തരമൊരു ഉത്തരവിലേക്ക് നയിച്ചത്.

ഒപ്പം പതിനൊന്നാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടിയോട് മുടി വെട്ടാൻ ആവശ്യപ്പെട്ടിട്ടും തയ്യാറാകുന്നില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ എന്ത് തീരുമാനം എടുക്കണമെന്നും കാണിച്ച് കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പലും ഹർജി സമർപ്പിച്ചിരുന്നു. ഈ രണ്ട് ഹർജികളുമാണ് ബാലാവകാശ കമ്മീഷൻ പരിഗണിച്ചത്.

കുട്ടികളുടെ ബാഹ്യരൂപത്തേക്കാള്‍ പഠനപുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് സ്‌കൂള്‍ അധികൃതര്‍ മുന്‍ഗണന നല്‍കേണ്ടതെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഉത്തരവിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്

'ആണ്‍കുട്ടികള്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ ഉള്‍പ്പെടെയുള്ള ലിംഗനിര്‍ണയം നടത്താത്ത കുട്ടികള്‍ക്കും തങ്ങളുടെ താൽപര്യത്തിനനുസരിച്ച് മുടി പരിപാലിക്കാനും ഡ്രസ് കോഡ് തെരഞ്ഞെടുക്കാനും പൂര്‍ണ്ണ അവകാശമുണ്ട്.

മുടി കണ്ണുകളോ മുഖമോ മറയാത്ത രീതിയിലും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കണം. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസ്സുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ സുരക്ഷ മുൻനിർത്തി നിർബന്ധമായും മുടി കെട്ടിവയ്ക്കുകയോ ഹെയർ ബാൻഡ് ഉപയോഗിച്ച് ഒതുക്കിവയ്ക്കുകയോ ചെയ്യണം.

ആരോഗ്യത്തിന് ഹാനികരമാകുന്ന തരത്തിലുള്ള കെമിക്കൽ വസ്തുക്കളോ കളറുകളോ മുടിയിൽ ഉപയോഗിക്കുന്നത് ഗുണകരമല്ലെന്നും ഉത്തരവിലുണ്ട്.

മുടിയുടെ നീളത്തിന്റെയോ അതുമായി ബന്ധപ്പെട്ട കാര്യങ്ങളുടെയോ പേരിൽ സ്കൂൾ അധികൃതർ ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും മാനസികമായി ബുദ്ധിമുട്ടിക്കാനോ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ പാടില്ല. വിവേചനപരമായി പെരുമാറുന്നതും മറ്റ് ശിക്ഷാ നടപടികൾക്ക് വിധേയമാക്കുന്നതും നിയമവിരുദ്ധമാണ്.'

അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന വിദ്യാഭ്യാസ വകുപ്പോ സിബിഎസ്ഇയോ ഇതുവരെ കൃത്യമായ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടില്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു. അതിനാൽ അടിയന്തരമായി മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും ആൺകുട്ടികളെയും ലിംഗനിർണയം നടത്താത്ത കുട്ടികളെയും കൂടി ഉൾപ്പെടുത്തിയുള്ള സമിതി രൂപീകരിച്ച് അവരെക്കൂടി കേട്ട ശേഷമായിരിക്കണം വിദ്യാലയങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകേണ്ടതെന്നും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കമ്മീഷന്റെ ശുപാർശയിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കണമെന്നും നിർദ്ദേശത്തിൽ പറയുന്നു.

Content Highlights: Students should have the freedom to grow their hair regardless of gender

To advertise here,contact us