എസ്‌ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല, അവരുടെ അന്വേഷണത്തിൽ ആഭ്യന്തരവകുപ്പ് ഇടപെടാറില്ല: ചെന്നിത്തല

നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു

കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ന്യൂസ് ഡെസ്‌ക്കില്‍ നടന്ന പൊലീസ് അതിക്രമത്തില്‍ പ്രതികരിച്ച് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. എസ്‌ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസിന്റെ അന്വേഷണത്തില്‍ ആഭ്യന്തരവകുപ്പ് ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ യാത്ര കഴിഞ്ഞ് തിരികയെത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തിൽ മാധ്യമങ്ങൾക്കെതിരെ എത്ര നടപടികൾ ഉണ്ടായി. അന്ന് ആരും അടിയന്തരാവസ്ഥ കണ്ടില്ലേയെന്നും ആഭ്യന്തരമന്ത്രി ചോദിച്ചു.

അന്വേഷണം നടക്കട്ടെ. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കും. എസ്‌ഐടി നടപടി താന്‍ അറിയേണ്ട കാര്യമില്ല. സെര്‍ച്ച് വാറന്റ് ഉള്‍പ്പടെ എല്ലാ നിയമപരമായ അനുമതികളോടെയും കൂടിയായിരുന്നു നടപടി. എസ്‌ഐടി എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാരോ ആഭ്യന്തരമന്ത്രിയോ പറയേണ്ട കാര്യമില്ല. അന്വേഷണം അന്വേഷണത്തിന്റെ വഴിക്ക് പോകുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

'എസ്‌ഐടി നിയമാനുസൃതമായാണ് പ്രവർത്തിച്ചത്. റെയ്ഡ് നടത്തിയത് ഞാൻ അറിയേണ്ട കാര്യമില്ല. ആഭ്യന്തര മന്ത്രി എന്ന നിലയിൽ കേസന്വേഷണത്തിൽ ഇടപെടാറില്ല. എസ്‌ഐടി എങ്ങനെ പ്രവർത്തിക്കണമെന്ന് ആഭ്യന്തരമന്ത്രിയോ സർക്കാരോ പറയേണ്ടതല്ല. പൊലീസ് റെയ്ഡിൽ നിയമവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ നടപടി ഉണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് റെയ്ഡ് നടത്തിയതെന്നാണ് മനസ്സിലാക്കുന്നത്. കഴിഞ്ഞ 10 വർഷത്തിൽ മാധ്യമങ്ങൾക്കെതിരെ എത്ര നടപടികൾ ഉണ്ടായി. അന്ന് ആരും അടിയന്തരാവസ്ഥ കണ്ടില്ലേ', അദ്ദേഹം ചോദിച്ചു.

ഒരുസംഘം പൊലീസുകാര്‍ ഇന്നലെ പുലര്‍ച്ചെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്. പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണുകളാണ് പിടിച്ചുവെച്ചത്. 21 മണിക്കൂറില്‍ അധികം നീണ്ട പരിശോധനയ്ക്ക് ഒടുവിലാണ് എസ്ഐടി സംഘം മടങ്ങിയത്.

Content Highlights: reporter tv news desk police action ramesh chennithala response

To advertise here,contact us