'മുഖ്യമന്ത്രി അവതരിപ്പിച്ച ആശയം പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണ്', പിന്തുണച്ച് കെ എസ് ശബരീനാഥന്‍

നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളാണെന്നും നഗരം വളര്‍ന്നതോടെ ഇപ്പോള്‍ സൗകര്യമില്ലാതെ മൃഗശാലയും ഇവിടെയുള്ള മൃഗങ്ങളും ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാല നഗരമധ്യത്തില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ നിര്‍ദേശത്തെ പിന്തുണച്ച് യുഡിഎഫ് കൗണ്‍സിലര്‍ കെ എസ് ശബരീനാഥന്‍. നേപ്പിയര്‍ മ്യൂസിയവും മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്ഥാപനങ്ങളാണെന്നും നഗരം വളര്‍ന്നതോടെ ഇപ്പോള്‍ സൗകര്യമില്ലാതെ മൃഗശാലയും ഇവിടെയുള്ള മൃഗങ്ങളും ബുദ്ധിമുട്ടുകയാണ് എന്നതില്‍ ഒരു നഗരവാസി എന്ന നിലയില്‍ തനിക്ക് സംശയമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി അവതരിപ്പിച്ച ആശയം പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുകയാണെന്നും കെ എസ് ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.

നേപ്പിയര്‍ മൂസിയം ഇവിടെതന്നെ നിലനിര്‍ത്തികൊണ്ട് മൃഗശാലയെ മാറ്റിസ്ഥാപിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം പറയുന്നു. ആന പരിപാലനകേന്ദ്രവും ലയണ്‍ സഫാരി പാര്‍ക്കും ഡിയര്‍ പാര്‍ക്കും സ്ഥിതിചെയ്യുന്ന കോട്ടുര്‍ അഗസ്ത്യ വനമേഖലയിലോ അല്ലെങ്കില്‍ തിരുവനന്തപുരം- പൊന്മുടി റൂട്ടില്‍ വിതുരയിലോ കല്ലാറിലോ മാറ്റി സ്ഥാപിക്കണം. അതോടെ ഈപ്രദേശങ്ങളില്‍ ടൂറിസം സാധ്യതകള്‍ വര്‍ദ്ധിക്കും. അതോടൊപ്പം മൃഗങ്ങള്‍ക്ക് വനാതിര്‍ത്തിയില്‍ തന്നെ സ്വന്തം ആവാസവ്യവസ്ഥയോട് ചേര്‍ന്ന് ജീവിക്കാനുള്ള ഒരു സുസ്ഥിരമൃഗശാല സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മൃഗശാല ഇപ്പോള്‍ സ്ഥിതിചെയ്യുന്ന മേഖലയില്‍ നിന്ന് മാറ്റുമ്പോള്‍ പകരം വമ്പന്‍ കെട്ടിട്ടങ്ങള്‍ക്ക് പകരം ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്ക് പോലെയും ലണ്ടനിലെ ഹൈഡ് പാര്‍ക്ക് പോലെയും പച്ചതുരുത്തായി പ്രദേശം നിലനിര്‍ത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തിരുവനന്തപുരം മൃഗശാല മാറ്റിസ്‌ഥാപിക്കുന്നതിനെക്കുറിച്ച് ബഹു:മുഖ്യമന്ത്രി ഇന്നലെ അവതരിപ്പിച്ച ആശയം പുതിയ ചർച്ചകൾക്ക്‌ വഴിതുറക്കുകയാണ്. തിരുവനന്തപുരത്തെ നേപ്പിയർ മ്യൂസിയവും മൃഗശാലയും ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള സ്‌ഥാപനങളാണ് എന്നിരിക്കെ നഗരം വളർന്നതോടെ ഇപ്പോൾ സൗകര്യമില്ലാതെ മൃഗശാലയും ഇവിടെയുള്ള മൃഗങ്ങളും ബുദ്ധിമുട്ടുകയാണ് എന്നതിൽ ഒരു നഗരവാസി എന്ന നിലയിൽ സംശയമില്ല.അതിനാൽ ചില ആശയങ്ങൾ ഇവിടെ സമർപ്പിക്കുന്നു ഏറ്റവും നല്ലത് നേപ്പിയർ മുസ്ലിയം ഇവിടെതന്നെ നിലനിർത്തികൊണ്ട് മൃഗശാലയെ മാറ്റിസ്‌ഥാപ്പിക്കാം.ആന പരിപാലനകേന്ദ്രവും ലയൺ സഫാരി പാർക്കും ഡിയർ പാർക്കും സ്തിഥിചെയ്യുന്ന കോട്ടുർ അഗസ്ത്യവനമേഖലയിലോ അല്ലെങ്കിൽ തിരുവനന്തപുരം- പൊന്മുടി റൂട്ടിൽ വിതുരയിലോ കല്ലാറിലോ മാറ്റിസ്‌ഥാപിക്കണം. അതോടെ ഈപ്രദേശങ്ങളിൽ ടൂറിസം സാധ്യതകൾ പതിന്മടങ് വർദ്ധിക്കും. അതോടൊപ്പം മൃഗങ്ങൾക്ക് വനാതിർത്തിയിൽ തന്നെ ‌ സ്വന്തം ആവാസവ്യവസ്‌ഥയോട് ചേർന്നു ജീവിക്കാനുള്ള ,കൂടുതൽ സ്‌ഥലമുള്ള ഒരു സുസ്ഥിരമൃഗശാല സൃഷ്ടിക്കാൻ കഴിയും മൃഗശാല ഇപ്പോൾ സ്ഥിതിചെയ്യുന്ന മേഖലയിൽ നിന്ന് മാറ്റുമ്പോൾ പകരം വമ്പൻ കെട്ടിട്ടങ്ങളോ പാർപ്പിട സൗകര്യമോ ഒന്നും വേണ്ട, പകരം ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് പോലെയും ലണ്ടനിലെ ഹൈഡ് പാർക്ക് പോലെയും പച്ചതുരുത്തായ “open space ” ആയിട്ട് ഇവിടം നിലനിർത്തണം. വമ്പൻ നഗരവത്കരണത്തിനിടയിലും വൈകുന്നേരങ്ങളിലും അവധിദിവസങ്ങളിലും സുഹൃത്തുക്കളുമായും കുടുംബവുമായും “പിക്നിക്” എന്നപോലെ സെൻട്രൽ പാർക്കിലും ഹൈഡ് പാർക്കിലും മറ്റും കുടുംബങ്ങൾ മണിക്കൂറുകൾ ചിലവഴിക്കാറുണ്ട്. അതുപോലെ ഇവിടെ നമുക്ക് സൈക്ലിങ് ട്രാക്ക് ഉണ്ടാക്കാം, വാക് വേ ഉണ്ടാക്കാം, പുസ്തകചർച്ചകൾ നടത്താനും പ്രകൃതിയുമായി ഇണങ്ങി കുട്ടികൾക്ക് കളിക്കാനുള്ള കളിയിടങ്ങൾ ഉണ്ടാക്കാം, ചെറിയ ജലാശയങ്ങൾ നിർമിക്കാം, ഇതിനോടൊപ്പം ശുദ്ധവായൂ ശ്വസിച്ചു വെറുതെ കിടന്നുറങ്ങാൻ നല്ല ലാൻഡ്സ്‌കേപ്പിങ് ചെയ്യാം. എന്തായാലും സർക്കാർ ചർച്ചകളിലൂടെ ഒരു തീരുമാനം സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു.അഭിപ്രായങ്ങളും അഭിപ്രായവ്യത്യാസങ്ങളും വരട്ടെ....

Content Highlight : K S Sabareenadhan has supported Chief Minister V D Satheesan's proposal to relocate the Thiruvananthapuram zoo from the city centre

To advertise here,contact us