തിരുവനന്തപുരം: സംസ്ഥാനത്തെ മോര്‍ഫിങ് കേസുകളുടേത് ഞെട്ടിക്കുന്ന കണക്കുകള്‍ എന്ന് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ കണ്ടെത്തല്‍. ഒന്നര വര്‍ഷത്തിനിടെ 141 മോര്‍ഫിങ് കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2026ല്‍ മാത്രം 65 കേസുകളില്‍ 90 പ്രതികളാണുള്ളത്. രജിസ്റ്റര്‍ ചെയ്ത 141 എഫ്ഐആറുകളില്‍ 39 കേസുകളില്‍ പ്രായപൂര്‍ത്തിയാകാത്തവരാണ് ഇരകളായത്. പരാതിക്കാരുടെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികളില്‍ ഏറെയും എന്നതും ഞെട്ടിക്കുന്നതാണ്. ടെലഗ്രാം , ഇന്‍സ്റ്റഗ്രാം റെഡ്ഡിറ്റ്, വാട്സ്ആപ്പ് പ്ലാറ്റ്ഫോമുകള് വഴിയാണ് മോര്‍ഫിങ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. മോര്‍ഫിങ് ചിത്രങ്ങള്‍ കാട്ടി പണം ആവശ്യപ്പെടുന്ന കേസുകളും നിരവധിയാണ് എന്നും കണ്ടെത്തിയിട്ടുണ്ട്.
തൃക്കാക്കര ഭാരത് മാതാ കോളേജിലെ മോര്‍ഫിങ് കേസ് പുറത്തുവന്നതിന് പിന്നാലെ നിരവധി സമാന കേസുകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന് വന്നിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മോര്‍ഫിങ് കേസില്‍ ഞെട്ടിക്കുന്ന വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളുടെ വ്യാപകമായ ഉപയോഗം ഇതിന് കാരണമായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകളാണ് നിലവില്‍ പുറത്തുവന്നിരിക്കുന്നത്. ഓരോ വര്‍ഷവും കേസുകളുടെ എണ്ണത്തില്‍ വര്‍ധനവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പ്രായഭേദമന്യേ എല്ലാവരും ഇതില്‍ ഇരകളാകുന്നു എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നതാണ്.
13 വയസിനും 68 വയസിനും ഇടയിലുള്ളവര്‍ ഇരകളായി ഉണ്ട്. പ്രണയത്തില്‍ നിന്നോ വിവാഹത്തില്‍ നിന്നോ പിന്മാറുമ്പോള് പ്രതികാരനടപടി എന്ന നിലയില്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്ന രീതിയും വര്‍ധിച്ചുവരികയാണ്. തൃക്കാക്കര കേസിലും തിരുവന്തപുരം മെഡിക്കല്‍ കോളേജിലെ കേസിലുമെല്ലാം ഉള്ളത് പോലെ ഇരകളുടെ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ കേസില്‍ പ്രതിയാകുന്നു എന്നതും ഞെട്ടിക്കുന്നതാണ്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
Content Highlights: A Reporter investigation has found that 141 cases involving digitally altered images were registered in Kerala over the past 18 months. Of these, 65 cases involving 90 accused were recorded in 2026 alone, while 39 cases involved underage victims. The investigation found that such images were circulated through Telegram, Instagram, Reddit and WhatsApp, with several cases also involving demands for money