മാധ്യമ പ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണക്കാതിരിക്കാനാവില്ല; ഷിബു മീരാന്‍

സമാനമായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തു നിന്ന് ഉണ്ടായ സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് നമ്മളെല്ലാമെന്നും അന്നും അന്വേഷണ ഏജന്‍സികള്‍ പല ന്യായവും പറഞ്ഞിരുന്നു എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്

കൊച്ചി: റിപ്പേര്‍ട്ടര്‍ ന്യൂസ് ഡെസ്‌കില്‍ പൊലീസ് നടത്തിയ ഗുണ്ടായിസത്തില്‍ പ്രതികരണവുമായി യൂത്ത് ലീഗ് നേതാവ് ഷിബു മീരാന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകരുടെ സ്വകാര്യ ഫോണുകള്‍ പോലും പിടിച്ചെടുത്തു കൊണ്ട് നടക്കുന്ന പരിശോധന ന്യായീകരിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമാനമായ സംഭവങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളുടെ ഭാഗത്തു നിന്ന് ഉണ്ടായ സന്ദര്‍ഭങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവരാണ് നമ്മളെല്ലാമെന്നും അന്നും അന്വേഷണ ഏജന്‍സികള്‍ പല ന്യായവും പറഞ്ഞിരുന്നു എന്നുമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ആ ന്യായങ്ങള്‍ നമുക്ക് സ്വീകര്യമായിരുന്നില്ല.

ഏത് മാധ്യമവും കൊടുക്കുന്ന യുഡിഎഫ് വിരുദ്ധ വാര്‍ത്തകള്‍ക്ക് ജനങ്ങള്‍ക്ക് മുന്നില്‍ അക്കമിട്ടു വസ്തുത പറഞ്ഞുകൊണ്ട്, പ്രോപ്പഗണ്ടകളെ ജനകീയ പ്രചാരണത്തിന്റെ കരുത്തില്‍ നേരിട്ട് അധികാരത്തില്‍ വന്നവരാണ് നമ്മള്‍ എന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പക്ഷേ മാധ്യമ പ്രവര്‍ത്തകരുടെ ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യത്തെ പിന്തുണക്കാതിരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമ മുതലാളിക്കെതിരായ അന്വേഷണം മാധ്യമ സ്വന്ത്ര്യത്തിനെതിരായി വ്യാഖ്യാനിക്കപ്പെടാന്‍ ഇടയുണ്ടാകരുത്. രണ്ടിനും ഇടയിലെ അതിര്‍വരമ്പുകള്‍ പാലിക്കേണ്ടത് കേന്ദ്രത്തിന്റെ മാധ്യമം വേട്ടക്കെതിരെ പോരാട്ടം നടക്കുന്ന ഒരു രാജ്യത്ത് വളരെ പ്രധാനമാണെന്നും ഷിബു മീരാന്‍ ചൂണ്ടിക്കാട്ടുന്നു.

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരിലായിരുന്നു പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്.

പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെയായി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടര്‍ന്നിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പടെ പിടിച്ചുവെക്കുകയായിരുന്നു. പിന്നാലെ റിപ്പോര്‍ട്ടര്‍ ലൈഫില്‍ ജോലി ചെയ്തുകൊണ്ടിരുന്ന മാധ്യമപ്രവര്‍ത്തകരെ അവിടെ നിന്ന് ഇറക്കി വിടുകയും മാധ്യമ പ്രവര്‍ത്തകരുടെ കസേരയില്‍ ഇരുന്ന് എസിപി പരിശോധന നടത്തുകയും ചെയ്തു. ലാത്തി അടക്കം കയ്യിലേന്തി നിരവധി പൊലീസുകാര്‍ ഓഫീസില്‍ ഇരച്ചു കയറുകയും ചെയ്തു.

Content Highlights: Youth League leader Shibu Meeran criticised the police search at the Reporter news desk, saying the seizure of journalists’ personal mobile phones cannot be justified. He noted that similar actions by central government agencies had previously drawn criticism and said the explanations offered by those agencies were not considered acceptable at the time.

To advertise here,contact us