കൊച്ചി: റിപ്പോര്‍ട്ടര്‍ ടിവിയുടെ ഓഫിസില്‍ അതിരാവിലെ റെയ്ഡ് നടത്തി മാധ്യമ പ്രവര്‍ത്തകരുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തടഞ്ഞ പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി കെയുഡബ്ല്യുജെ എറണാകുളം ജില്ലാ കമ്മിറ്റി രംഗത്ത്. അതിശക്തമായ ഭാഷയില്‍ നടപടിക്കെതിരെ പ്രതിഷേധിക്കുന്നുവെന്നാണ് കെയുഡബ്യുജെ പത്രക്കുറിപ്പിലൂടെ അറിയിച്ചത്.
മാധ്യമ സ്ഥാപനങ്ങളില്‍ പൊലീസിന്റെ കടന്നുകയറ്റം അത്യന്തം അപലപനീയമാണെന്നും പ്രതിഷേധാര്‍ഹമാണെന്നും കേരള പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ പ്രസിഡന്റ് ആര് ഗോപകുമാറും ജില്ല സെക്രട്ടറി എം ഷജില്‍ കുമാറും അഭിപ്രായപ്പെട്ടു. മാധ്യമ സ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ഈ കടന്നുകയറ്റത്തിനെതിരെ മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. മാധ്യമ പ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുത്ത് ന്യൂസ് ഡസ്കില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൊലീസ് നടപടി അത്യന്തം അപലപനീയമാണെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരിലായിരുന്നു പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്.
പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെയായി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടര്‍ന്നിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പടെ പിടിച്ചുവെക്കുകയായിരുന്നു.
Content Highlights: The Kerala Union of Working Journalists Ernakulam district committee has strongly protested the early-morning police raid at Reporter TV’s office. District president R Gopakumar and secretary M Shajil Kumar said police entry into a media organisation was highly objectionable and that complaints would be submitted to the Chief Minister, Home Minister and DGP. The committee also raised concerns over journalists’ phones being taken during the proceedings.