പൊലീസ് രാജ്, ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നാണോ കരുതുന്നത്; ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ പി രാജീവ്

ഒരു മാധ്യമസ്ഥാപനത്തിന് അകത്ത് പൊലീസ് കയറി എഡിറ്ററുടെ കസേരയിലിരിക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നതും മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണെന്ന് പി രാജീവ്

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വിയുടെ ന്യൂസ് ഡെസ്‌കിലെ പൊലീസ് ഗുണ്ടായിസത്തിനെതിരെ മുന്‍ മന്ത്രി പി രാജീവ്. അടിയന്തരാവസ്ഥ കാലത്ത് ഭയപ്പെടുത്തി കാര്യങ്ങള്‍ ചെയ്യുന്ന രീതിയാണെങ്കില്‍ സമീപകാലത്ത് കേട്ടുകേള്‍വിയില്ലാത്ത സാഹചര്യമാണ് ഇന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലുണ്ടായതെന്ന് പി രാജീവ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഒരു മാധ്യമസ്ഥാപനത്തിന് അകത്ത് പൊലീസ് കയറി എഡിറ്ററുടെ കസേരയിലിരിക്കുന്നതും മാധ്യമപ്രവര്‍ത്തകരുടെ ഫോണ്‍ പിടിച്ചെടുക്കുന്നതും മാധ്യമപ്രവര്‍ത്തനത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതാണെന്ന് പി രാജീവ് പറഞ്ഞു.

'പൊലീസ് രാജ് എന്ന രീതിയിലേക്ക് വന്നിരിക്കുന്നു. ഇതാണോ നെഹ്‌റുവിന്റെ ഭരണം. അടിയന്തരാവസ്ഥാ കാലത്ത് കോണ്‍ഗ്രസ് ചെയ്തതിനേക്കാള്‍ തീവ്രമായ സാഹചര്യമാണിത്. മോദി ഭരണത്തില്‍ ന്യൂസ് ക്ലിക്കില്‍ കയറി എഡിറ്ററെ അറസ്റ്റ് ചെയ്തു. ഇപ്പോള്‍ അതിനേക്കാള്‍ അപ്പുറത്ത് കേരളത്തിലെ ഒരു പ്രധാന സ്ഥാപനം നിലപാടുകള്‍ സ്വീകരിക്കുന്നുവെന്നതിന്റെ പേരില്‍, വേട്ടയാടാന്‍ അവസരം കാത്തിരുന്നു എന്ന മട്ടില്‍ പ്രവര്‍ത്തിച്ച് കേരളം ഭരിക്കാമെന്നാണോ രമേശ് ചെന്നിത്തലയും വി ഡി സതീശനും കരുതുന്നത്', പി രാജീവ് ചോദിച്ചു.

കേരളം സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തില്‍ മാതൃകാപരമായ അനുഭവമുള്ള നാടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു മാധ്യമസ്ഥാപനത്തിന് അകത്ത് കയറി പ്രവര്‍ത്തനത്തെ പൂര്‍ണമായി തടസപ്പെടുത്തുന്ന രീതിയില്‍ പത്രപ്രവര്‍ത്തകരുടെ ഫോണുകള്‍ ഉള്‍പ്പെടെ വാങ്ങി വെക്കുക, സ്വകാര്യത ഉള്‍പ്പെടെ ലംഘിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുക, ഇങ്ങനെയൊക്കെ കേട്ടുകേള്‍വിയുണ്ടോ കേരളത്തില്‍. ഇതാണോ ഇവര് കൊണ്ടുവന്ന മാറ്റമെന്നും പി രാജീവ് ചോദിച്ചു.

'കഠിനമായ നിലപാട് കേരള സമൂഹം സ്വീകരിക്കണം. ജനാധിപത്യ സംവിധാനങ്ങള്‍ നിലപാട് സ്വീകരിക്കണം. മുകളില്‍ നിന്നാണ് പൊലീസുകാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ആരാണ് ആ നിര്‍ദ്ദേശം നല്‍കിയത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്തി തങ്ങളുടെ നാവാക്കി മാധ്യമങ്ങളെ മാറ്റാമെന്നാണോ മുഖ്യമന്ത്രി കരുതുന്നത്', പി രാജീവ് ചോദിച്ചു.

ഒരുസംഘം പൊലീസുകാര്‍ ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്‌കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് പരിശോധന. പരിശോധന ഡിജിപി അറിയാതെ. ഇതിനിടെ പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചിരുന്നത്. പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാകാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടരുകയായിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണുകളാണ് പിടിച്ചുവെച്ചിരുന്നത്.

Content Highlights: Former Kerala minister P Rajeev responded to the police inspection conducted at the news desk of Reporter TV. The inspection has drawn attention following the police action at the media organisation

To advertise here,contact us