ഇന്നും പോകും... സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്ന് അറിയിച്ച് കെഎസ്ഇബി; പ്രതിസന്ധി രൂക്ഷം

അടുത്ത പതിനഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് റിപ്പോർട്ട്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണമുണ്ടാകും. വൈകുന്നേരം 06:15 മുതല്‍ രാത്രി 12:45 വരെ ഉള്ള സമയത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു. ലഭ്യമായ സ്ഥലങ്ങളില്‍ നിന്നെല്ലാം വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും വൈദ്യുതി ഉപഭോഗം ഉയരുന്നതിനാല്‍ നിലവില്‍ നിയന്ത്രണം ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. വൈദ്യുതി ലഭ്യത തേടി വിവിധ സംസ്ഥാനങ്ങളുമായി കെഎസ്ഇബി ഡയറക്ടര്‍മാര്‍ ചര്‍ച്ച നടത്തുകയാണ്.

ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ സിഎംഡിയും നേരിട്ട് ഇടപെടുന്നുണ്ട്. കൈമാറ്റ കരാര്‍ അവസാനിച്ചതോടെ പീക്ക് ടൈമില്‍ 300 മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്നതാണ് നിലവിലെ ആശ്വാസമെങ്കിലും അതുകൊണ്ട് മാത്രം നിയന്ത്രണം ഒഴിവാക്കാന്‍ കഴിയില്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അടുത്ത പതിനഞ്ച് ദിവസം കൂടി സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും. പ്രതിസന്ധി പരിഹരിക്കാന്‍ ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്നതിനായി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം മുംബൈയിലെത്തി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹിമാചലില്‍ നിന്ന് വൈദ്യുതി എത്തിക്കുന്നതിലും ഇതുവരെ തീരുമാനമായിട്ടില്ല.

എല്‍നിനോ പ്രതിഭാസത്തെ തുടര്‍ന്നുണ്ടായ മഴക്കുറവും അന്തരീക്ഷ താപനില താരതമ്യേന ഉയര്‍ന്ന നിലയില്‍ തുടരുന്നതുമാണ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുന്നതിന് കാരണം. കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയ പീക്ക് ഡിമാന്‍ഡ് സാധാരണ വേനല്‍ക്കാലങ്ങളില്‍ രേഖപ്പെടുത്തിയ പീക് ഡിമാന്‍ഡിന് തുല്യമാണ്. മുന്‍കാലങ്ങളിലെ സെപ്റ്റംബര്‍ മാസത്തെ ഡിമാന്‍ഡില്‍നിന്നു ഏകദേശം 1100 മെഗാവാട്ട് വരെ കൂടിയിട്ടുണ്ട്. സംസ്ഥാനത്തെ ഉയര്‍ന്ന വൈദ്യുതി ഉപയോഗം കാരണം മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് ഏകദേശം 700 മുതല്‍ 900 മെഗാവാട്ടിന്റെ ലഭ്യതക്കുറവ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു.

രാജ്യത്താകമാനം വൈദ്യുതി ആവശ്യകത വലിയതോതില്‍ വര്‍ധിച്ചതിനാല്‍ പവര്‍ എക്‌സ്‌ചേഞ്ചിലൂടെ ലഭ്യമാകുന്ന വൈദ്യുതിയുടെ ലഭ്യതയില്‍ കാര്യമായ കുറവ് അനുഭവപ്പെടുകയാണെന്നും കൂടാതെ ദേശീയ തലത്തില്‍ ഗ്രിഡ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യ അറിയിച്ചതുപ്രകാരമുള്ള 12000 മെഗാവാട്ടിന്റെ കുറവ് പൂര്‍ണമായും പരിഹരിക്കാത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദേശീയതലത്തില്‍ കാറ്റാടി നിലയങ്ങളില്‍ നിന്നുള്ള ഉത്പാദനം വളരെ കുറയുകയും വൈദ്യുതി ആവശ്യകത കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ വൈദ്യുതി ലഭ്യത കുറയാന്‍ സാധ്യതയുണ്ടെന്ന് ദേശീയ ലോഡ് ഡെസ്പാച്ച് സെന്ററിന്റെ മുന്നറിയിപ്പും ലഭിച്ചിട്ടുണ്ടെന്നും കെഎസ്ഇബി വ്യക്തമാക്കിയിട്ടുണ്ട്. പവര്‍ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവില്‍ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യവും ഗ്രിഡ് ഫ്രീക്വന്‍സി കുറയുന്ന സാഹചര്യവും നിലനില്‍ക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണമെന്നും കെഎസ്ഇബി അറിയിച്ചു.

Content Highlights: Power restrictions will continue in Kerala today as KSEB manages increased electricity demand and supply challenges across the state

To advertise here,contact us