കൊച്ചി: റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരില്‍ പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ 5.50ഓടെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയും ചാനല്‍ സംപ്രേഷണം തടസ്സപ്പെടുത്തുകയും ചെയ്തു. തൃക്കാക്കര എസിപി ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സമാനതകളില്ലാത്തെ ഗുണ്ടായിസം റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്ക്കില്‍ നടത്തിയത്.
വനിതാ മാധ്യമപ്രവര്‍ത്തകരുടെ ഫോണുകള്‍ ഉള്‍പ്പെടെ കാരണം വ്യക്തമാക്കാതെ പിടിച്ചുവാങ്ങിയിരുന്നു. റിപ്പോര്‍ട്ടര്‍മാരെ വിളിക്കാനുള്ള ന്യൂസ് ഡെസ്കിലെ ഫോണും പിടിച്ചുവാങ്ങിയതോടെ രണ്ട് വാര്‍ത്തകള്‍ മാത്രമാണ് മോണിങ് ബുള്ളറ്റിനില്‍ സംപ്രേഷണം ചെയ്യാന്‍ കഴിഞ്ഞത്. അമ്പത് മിനുറ്റോളം വാര്‍ത്താ സംപ്രേക്ഷണം അലങ്കോലമാക്കി.
പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടരുകയാണ്. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പെടെയായിരുന്നു പിടിച്ചുവാങ്ങിയത്. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും എഫ്ഐആര്‍ ഉള്‍പ്പടെയുള്ള രേഖകളും നല്‍കാനും പാെലീസുകാർ തയ്യാറായിരുന്നില്ല. ഓണ്‍ലൈനില്‍ എഫ്ഐആര്‍ അപ്ലോഡ് ചെയ്തത് പരിശോധന തുടങ്ങി നാല് മണിക്കൂറിന് ശേഷമാണെന്നതും വിചിത്രമാണ്.
റിപ്പോര്‍ട്ടറിന്റെ ഡിജിറ്റല്‍ ഡെസ്കിലും പൊലീസ് അതിക്രമം കാട്ടി. ഡ്യൂട്ടിയിലുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെയും വീഡിയോ എഡിറ്റര്‍മാരെയും ഇറക്കിവിടുകയും കസേരയില്‍ കയറി ഇരിക്കുകയും അവിടെയുള്ള പുസ്തകങ്ങളും പേപ്പറും ഉള്‍പ്പെടെ അനുമതിയില്ലാതെ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് അഡ്മിന്വിഭാഗത്തിലെ മുറികള്‍ തുറന്നുകൊടുക്കണം എന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ലാത്തിയും ക്യാമറകളുമായാണ് പൊലീസ് സംഘം ന്യൂസ് റൂമില്‍ കയറി അതിക്രമം കാട്ടിയത്. റിപ്പോര്‍ട്ടര്‍ അഡ്മിന് വിഭാഗത്തിലെ ജീവനക്കാരിയുടെ വീട്ടില്‍ കയറിയും അതിക്രമം കാട്ടി. അമ്മയില്‍ നിന്ന് ഫോണ്‍ ഉള്‍പ്പെടെ തട്ടിപ്പറിക്കുന്ന സാഹചര്യം ഉണ്ടായി. റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് അതിക്രമത്തില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.Content Highlights: Allegations have surfaced over police action during a search at the head office of Reporter Broadcasting Company