തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തില്‍ അപകീര്‍ത്തികരമായ കുറിപ്പുകള്‍ പങ്കുവച്ചതിന് സിപിഐഎം നേതാവ് കെ എസ് അരുണ്‍കുമാറിനെതിരെ പൊലീസ് കേസെടുത്തു. ഇതിന് പുറമെ സാമൂഹമാധ്യമ പ്രൊഫൈലായ പോരാളി ഷാജിക്കെതിരെയും മറ്റ് രണ്ട് പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിഎസ് സുബിജ നല്കിയ പരാതിയിലാണ് തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തിരിക്കുന്നത്.
കെ എസ് അരുണ്‍ കുമാര്‍, സിപിഎം അനുകൂല ഫെയ്സ്ബുക്ക് പേജായ പോരാളി ഷാജി, കുഞ്ഞലന്‍കുട്ടി, ഷാജി ചാള്‍സ് എന്നിവര്‍ക്കെതിരെയാണ് മാനനഷ്ടം, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ടുള്ള വ്യാജ പ്രചാരണം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സമൂഹമാധ്യമത്തില്‍ വ്യാജ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കും കന്റോണ്‍മെന്റ് എസിപിക്കും സുബിജ പരാതി നല്‍കിയത്.
രമേശ് ചെന്നിത്തലയുടെ അമേരിക്കന്‍ യാത്രയുമായി ബന്ധപ്പെട്ടാണ് ഇവർ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. വിമാനത്തില്‍ ഏറ്റവും ഉയര്‍ന്ന വിലയുള്ള ടിക്കറ്റിലാണ് മന്ത്രി യാത്ര ചെയ്തത്, സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവിട്ടാണ് യാത്ര ചെയ്തത് തുടങ്ങിയ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളാണ് പങ്കുവെച്ചിരുന്നത്. സര്‍ക്കാര്‍ പണം ഉപയോഗിച്ചല്ല തന്റെ യാത്രയെന്നും സുഹൃത്തിന്റെ മകന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് യുഎസില്‍ എത്തിയതെന്നും രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം വിശദീകരിച്ചിരുന്നു.
Content Highlights: A case has been registered against K S Arun Kumar over a social media post related to the Home Minister’s foreign trip