കൊച്ചി: റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്കില്‍ പൊലീസ് നടത്തിയ അതിക്രമത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ എ റഹീം എംപി. നടപടി ശുദ്ധ അസംബന്ധവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഹിറ്റ്ലറാണോ കേരളം ഭരിക്കുന്നതെന്നും ചോദിച്ചു. വി ഡി സതീശന് ഹിറ്റ്ര് എന്ന ഓമനപ്പേരാണ് നല്ലതെന്നും സ്വതന്ത്ര ഇന്ത്യയില്‍ കേട്ട് കേള്‍വി ഇല്ലാത്ത നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ എ റഹീം ചൂണ്ടിക്കാട്ടി.
നരേന്ദ്ര മോദിയുടെ കാലത്ത് ഇത്തരം നടപടികള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് അടിയന്തരാവസ്ഥ കാലത്തെ ഓര്‍മപ്പെടുത്തുന്നതാണെന്നും റഹീം പറഞ്ഞു. അസാധാരണമായ നടപടിയാണ് ഇത്. റിപ്പോര്‍ട്ടര്‍ ടി വി സംഘപരിവാറിനെതിരെയും വി ഡി സതീശനെതിരെയും വാര്‍ത്ത ചെയ്യുന്നു എന്നത് കൊണ്ട് മാത്രമാണ് വേട്ടയാടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി വിമര്‍ശനങ്ങളോട് അസഹിഷ്ണുത പുലര്‍ത്തുകയാണ്. അദ്ദേഹത്തിനെതിരായി ഒരു എഐ വീഡിയോ വന്നാല്‍ പോലും റിമൂവ് ചെയ്യുന്ന നിലയില്‍ അത് മാറിയിട്ടുണ്ടെന്നും റഹീം വിമര്‍ശിച്ചു.
റിപ്പോര്‍ട്ടര്‍ ടിവിക്കെതിരായ പൊലീസ് നടപടി ഞെട്ടിപ്പിക്കുന്നതാണെന്ന് വി കെ സനോജ് എംഎല്‍എയും അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരെ ബന്ധിയാക്കിയുള്ള പരിശോധന ഒരു നിലയിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹത്തില്‍ ശ്രദ്ധേയമായി പ്രവര്‍ത്തിക്കുകയും നിര്‍ഭയമായി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുന്ന ചാനലാണ് റിപ്പോര്‍ട്ടര്‍. ചാനലിനോട് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കാണോ കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ക്കാണോ പ്രതികാരം എന്ന് വ്യക്തമല്ല. മാധ്യമ പ്രവര്‍ത്തകരെ തടവിലാക്കി വെച്ചുള്ള പൊലീസ് നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണെന്നും സനോജ് വ്യക്തമാക്കി. കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ഇത്തരം ഒരു നടപടി കേട്ട്കേള്‍വി ഇല്ലാത്തതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പരിശോധനയെന്ന പേരിലായിരുന്നു പൊലീസ് ഗുണ്ടായിസം. ഒരുസംഘം പൊലീസുകാര്‍ പുലര്‍ച്ചെ കൊച്ചി ഓഫീസില്‍ എത്തുകയും മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെ പിടിച്ചുവെയ്ക്കുകയുമായിരുന്നു. മാധ്യമപ്രവര്‍ത്തകരും സാങ്കേതിക വിഭാഗം ജീവനക്കാരും മാത്രം പ്രവേശിക്കുന്ന ന്യൂസ് ഡെസ്കില്‍ ജോലി തടസ്സപ്പെടുത്തുന്ന രീതിയിലാണ് പൊലീസിന്റെ കടന്നുകയറ്റമുണ്ടായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പരിശോധന ഡിജിപി അറിഞ്ഞിരുന്നില്ല. പരിശോധനയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിജിപി വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവിയുടെ സംപ്രേക്ഷണം തടയണമെന്ന ഉദ്ദേശത്തോടെയാണ് ഫോണുകള്‍ ഉള്‍പ്പെടെ പിടിച്ചു വെച്ചത്.
പരിശോധനയുടെ കാരണമോ മറ്റുവിവരങ്ങളോ മാധ്യമപ്രവര്‍ത്തകരോട് പറയാന്‍ തയ്യാറാതെ ഉദ്യോഗസ്ഥര്‍ അരമണിക്കൂറിലേറെയായി സ്ഥാപനത്തിന്റെ ആസ്ഥാനത്ത് തുടര്‍ന്നിരുന്നു. ജോലിക്കെത്തിയ മാധ്യമപ്രവര്‍ത്തകരുടെ വ്യക്തിപരമായി കൈകാര്യം ചെയ്യുന്ന ഫോണ്‍ ഉള്‍പ്പടെ പിടിച്ചുവെക്കുകയായിരുന്നു.
Content Highlights: CPI(M) MP A A Rahim strongly criticised the police action at the Reporter news desk, describing it as undemocratic and an unusual step. He alleged that the action was connected to the channel’s coverage of V D Satheesan and Sangh Parivar-related issues. Rahim also raised concerns over the removal of an AI-generated video involving Satheesan and questioned the government’s approach to criticism.