പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ മോഷ്ടിച്ച സംഭവം; കേസില്‍ താന്‍ നിരപരാധിയെന്ന് സബിത്ത്

തൊണ്ടിമുതല്‍ താന്‍ എടുത്തിട്ടിലെന്നും സബിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു

വയനാട്: സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനില്‍ നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ കാണാതെ പോയ സംഭവത്തില്‍ വിശദീകരണവുമായി പ്രതി സബിത്ത്. താന്‍ നിരപരാധിയാണെന്നാണ് ഇയാള്‍ റിപ്പോർട്ടറിനോട് സംസാരിക്കവെ പ്രതികരിച്ചത്. സ്റ്റേഷനിൽ നിന്ന് കോണ്‍സറ്റബിൾ സബിത്ത് രാത്രിയില്‍ തൊണ്ടി മുതല്‍ കടത്തിയത് സ്വന്തം കാറിലാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആരോപണം നിഷേധിച്ച് സബിത്ത് രംഗത്തെത്തിയിരിക്കുന്നത്.

കേസില്‍ താന്‍ നിരപരാധിയാണെന്നും തൊണ്ടി മുതല്‍ താന്‍ എടുത്തിട്ടില്ലെന്നും സബിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കാണാതായി എന്ന് പറയുന്ന തൊണ്ടിമുതല്‍ നിലവില്‍ സ്റ്റേഷന്‍ പരിധിയില്‍ തന്നെയുണ്ടെന്നും സബിത്ത് പ്രതികരിച്ചു. ഓഗസ്റ്റ് 20 ന് താന്‍ നൈറ്റ് ഡ്യൂട്ടിയിലായിരുന്നു. വാഹനം കഴുകാനായി പുറത്ത് പോയപ്പോഴാണ് സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമിന് പുറത്ത് തൊണ്ടിമുതലിന്റെ ചാക്കുകള്‍ കിടക്കുന്നത് തന്റെ ശ്രദ്ധയില്‍ പെട്ടത്. ചാക്കുകള്‍ അപ്പോള്‍ തന്നെ തിരിച്ച് പ്രോപ്പര്‍ട്ടി റൂമിലേക്ക് വെക്കുന്നതിനായി താക്കോല്‍ തിരഞ്ഞെങ്കിലും ലഭിക്കാത്തതുകാരണം തൊണ്ടി മുതൽ തന്റെ വാഹനത്തില്‍ കയറ്റി ഡിവൈഎസ്പി ഓഫീസിന് പുറകിലുള്ള റൂമില്‍ കൊണ്ടുവെക്കുകയായിരുന്നെന്നും സബിത്ത് പറഞ്ഞു.

ഹാന്‍സ് ചാക്കുകള്‍ സ്റ്റേഷന്റെ പുറത്തും ഒരുപാട് സ്ഥലങ്ങളില്‍ സൂക്ഷിക്കാറുണ്ടെന്ന് സബിത്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ചാക്കുകള്‍ പുറത്തുള്ള റൂമിലേക്ക് മാറ്റിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. രാത്രി ഒരുപാട് വൈകിയത് കാരണമാണ് അറിയിക്കാതിരുന്നതെന്നും പിറ്റേ ദിവസം ഡ്യൂട്ടി കഴിഞ്ഞപ്പോള്‍ അറിയിക്കാന്‍ വിട്ടു പോയെന്നും സബിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

താന്‍ പിറ്റേ ദിവസം മുതല്‍ അവധിയില്‍ പ്രവേശിക്കുകയായിരുന്നു. ഇന്നാണ് താന്‍ ആണ് കേസിലെ പ്രതിയെന്ന് മാധ്യമങ്ങൾ വഴി അറിയുന്നത്. തനിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ഇന്നാണ് അറിയുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ആരും തന്നെ ഇതുവരെ വിളിച്ചിട്ടില്ലെന്നും തൊണ്ടിമുതല്‍ എവിടെയാണെന്ന് ആരും അന്വേഷിച്ചിട്ടില്ലെന്നും സബിത്ത് പറഞ്ഞു.

തൊണ്ടിമുതല്‍ എങ്ങനെയാണ് പ്രോപ്പര്‍ട്ടി റൂമിന് പുറത്ത് വന്നതെന്ന് തനിക്ക് അറിയില്ലെന്നും സബിത്ത് കൂട്ടിച്ചേർത്തു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ ബത്തേരി ഇന്‍സ്‌പെക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഫോണ്‍ എടുത്തില്ല. സംഭവത്തിൽ നിയമപരമായി മുന്നോട്ടുപോവുമെന്നും സബിത്ത് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

13,800 പാക്കറ്റ് ഹാന്‍സും കൂള്‍ലിപ്പുമാണ് സുല്‍ത്താന്‍ ബത്തേരി സ്റ്റേഷനിലെ പ്രോപ്പര്‍ട്ടി റൂമില്‍ നിന്ന് കാണാതായത്. സ്റ്റേഷനിലേക്ക് ഒരു കാര്‍ കടന്നു വരുന്നതും അതിലേക്ക് ലഹരിചാക്ക് എടുത്തുവക്കുന്നതുമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍തോതിലുള്ള ലഹരിവേട്ട നടന്നത്. അന്ന് പിടിച്ചെടുത്ത പുകയില വസ്തുക്കള്‍ പൊലീസ് സ്റ്റേഷനിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. സെപ്റ്റംബര്‍ എട്ടിനാണ് ലഹരിവസ്തുക്കള്‍ കാണാതായതുമായി ബന്ധപ്പെട്ട് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Content Highlight : Sabith has denied involvement in the theft of banned tobacco products from a police station and said he is innocent in the case.

To advertise here,contact us