കോഴിക്കോട്: പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസിനുമെതിരായ ഇ ഡി നീക്കത്തില്‍ വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം. പി കെ ബിജുവാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന കമ്മിറ്റി ഏകകണ്ഠമായി പ്രമേയം അംഗീകരിച്ചു,
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനെയും മുഹമ്മദ് റിയാസിനെയും ഇ ഡി ലക്ഷ്യം വെയ്ക്കുകയാണെന്നാണ് സിപിഐഎം വിലയിരുത്തല്‍. ഇ ഡിയുടേത് രാഷ്ട്രീയ നീക്കമാണെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അടക്കം മുതിര്‍ന്ന നേതാക്കള്‍ പ്രതികരിച്ചത്. ഇ ഡിയുടേത് രാഷ്ട്രീയ പകപോക്കലെന്നായിരുന്നു പിണറായി വിജയനും മുഹമ്മദ് റിയാസും പ്രതികരിച്ചത്. സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടിലേക്ക് പിണറായിയേയും റിസാസിനേയും വലിച്ചിഴയ്ക്കുന്നത് അനാവശ്യമാണെന്നാണ് സിപിഐഎം നേതാക്കൾക്കിടയിലെ പൊതുവികാരം. ഡിജിപിക്ക് ഇ ഡി നല്കിയ കത്തിലെ വിവരങ്ങള്‍ ഓരോ ദിവസവും പുറത്തുവരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.
ഡിജിപിക്ക് ഇ ഡി നല്കിയ കത്തിലെ കൂടുതല്‍ വിവരങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. ഇതില്‍ വീണയ്ക്കും മുഹമ്മദ് റിയാസിനും റിയാസിന്റെ സുഹൃത്ത് ഹസന് വാരിസിനും എതിരെ പരാമര്‍ശമുണ്ടായിരുന്നു. ദുബായിലേക്ക് വീണ കൈമാറിയത് 85 ലക്ഷം രൂപയാണെന്ന് ഇ ഡിയുടെ കത്തിലുണ്ടായിരുന്നു. വീണ സ്വന്തം കൈപ്പടയില്‍ എഴുതിയ പണമിടപാടിന്റെ കുറിപ്പുകളും കത്തിനൊപ്പമുണ്ടായിരുന്നു. മുഹമ്മദ് റിയാസിനെതിരെ ഹസന് വാരിസിന്റെ നിര്‍ണായക മൊഴിയുണ്ടെന്നും ഇ ഡിയുടെ കത്തില്‍ പറഞ്ഞിരുന്നു. ഹവാല ഏജന്റായ സുബൈര്‍ കരുവാംപോയില്‍ വഴിയാണ് അഞ്ച് തവണ പണം കടത്തിയതെന്ന് ഹസന് വാരിസിന്റെ മൊഴിയിലുണ്ട്. 2024 ജൂലൈ മുതല്‍ 2025 ജൂലൈ വരെയാണ് പണം കടത്തിയത്. ഒരു വര്‍ഷ കാലയളവില്‍ ഒരു കോടി 20 ലക്ഷം രൂപ ഇങ്ങനെ കടത്തിയെന്നും ഇ ഡി പറയുന്നു. ദുബായിലുള്ള ഫൈജാസിന് പണം കൈമാറാനായിരുന്നു നിര്‍ദേശം. റിയാസിന്റെ നിര്‍ദേശ പ്രകാരം ചില ആളുകള്‍ പണം നല്‍കിയെന്ന് ഹസന് വാരിസിന്റെ മൊഴിയിലുണ്ടെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിരുന്നു. ഹസന് വാരിസിന്റെ ഫോണില്‍ നമ്പറുകള്‍ സേവ് ചെയ്തത് 'ഹവാ' എന്ന് ചേര്‍ത്തിരുന്നുവെന്നും ഇ ഡി പറയുന്നു. ഹവാല ഇടപാടിന് വേണ്ടി 'നമ്മള് ബേപ്പൂര്‍ ടീം' എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി.'DXB Subair Koduvally Hawa' എന്ന നമ്പറിലേക്ക് നടത്തിയ ചാറ്റുകള്‍ ഹവാല ഇടപാട് നടന്നതിന് തെളിവാണ്. 'മിനിസ്റ്റര്‍ റിയാസ്' എന്ന് സേവ് ചെയ്ത നമ്പറും വാട്സ്ആപ്പ് ഗ്രൂപ്പിലുണ്ടെന്നും ഇ ഡിയുടെ കത്തിലുണ്ടായിരുന്നു.
കത്തിലെ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ബോധപൂര്‍വം മോശമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. പ്രധാന തെളിവുകളായി കാണുന്നുണ്ടെങ്കില്‍ വിവരങ്ങള്‍ ഇ ഡി ഇങ്ങനെ പുറത്തുവിടുമോ എന്നും റിയാസ് ചോദിച്ചു. വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ അവസാന ദിവസമാണിന്ന്. വൈകിട്ട് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന റാലി നടക്കുകയാണ്. തെളിവുകള്‍ പുറത്തുവിടാന്‍ എന്തിന് ഈ ദിവസം തന്നെ തെരഞ്ഞെടുത്തുവെന്നും റിയാസ് ചോദിച്ചിരുന്നു.
Content Highlights- A resolution was presented at the expanded Kerala CPIM state committee meeting concerning the Enforcement Directorate’s move against Pinarayi Vijayan and Mohammed Riyas.